ഗൂഗിൾ പേ വർക്കായില്ല, രാത്രിയിൽ യുവതിയെ ബസിൽനിന്ന് ഇറക്കിവിട്ടതായി പരാതി

#ന്യൂസ് ഡെസ്ക്
Photo: Mathrubhumi
Photo: Mathrubhumi

വെള്ളറട: ടിക്കറ്റിന്റെ തുക കൈമാറാൻ വൈകിയതിന്റെപേരിൽ യാത്രക്കാരിയെ രാത്രിയിൽ ബസിൽനിന്ന് ഇറക്കിവിട്ടതായി പരാതി. വെള്ളറട കോട്ടയംവിള സ്വദേശി ദിവ്യയെ (28)യാണ് ഇറക്കിവിട്ടത്. ടിക്കറ്റിന് തുകനൽകാൻ ഗൂഗിൾപേ പ്രവർത്തിക്കുന്നത് വൈകിയതാണ് സംഭവത്തിനു കാരണമായത്. 26-ന് രാത്രിയിലായിരുന്നു സംഭവം.

നെയ്യാറ്റിൻകര-വെള്ളറട റൂട്ടിൽ സർവീസ് നടത്തുന്ന വെള്ളറട ഡിപ്പോയിലെ ബസിൽവെച്ചാണ് ദിവ്യയ്ക്ക് ദുരനുഭവമുണ്ടായത്. കണ്ടക്ടർക്ക് ഗൂഗിൾപേ വഴി ടിക്കറ്റിന്റെ കാശ് അയയ്ക്കാൻ ശ്രമിച്ചെങ്കിലും ഇന്റർനെറ്റ് വേഗത കുറവായതിനാൽ സാധിച്ചില്ല. വെള്ളറടയിലെത്തുമ്പോൾ കാശ് നൽകാമെന്ന് യുവതി പറഞ്ഞെങ്കിലും കണ്ടക്ടർ വിസമ്മതിച്ചതായും ആക്രോശിച്ചുകൊണ്ട് തോലടി കവലയിൽ ഇറക്കിവിടുകയും ചെയ്തതായി ദിവ്യ പറഞ്ഞു.

പിന്നീട് രണ്ട് കിലോമീറ്ററോളം ദൂരം നടന്ന് നിലമാമൂട്ടിലെത്തിയ ദിവ്യ ഭർത്താവിനെ വിളിച്ചുവരുത്തിയാണ് രാത്രി 10 മണിയോടെ വീട്ടിലെത്തിയത്. കണ്ടക്ടർ അനിൽകുമാറിനെതിരേ വെള്ളറട ഡിപ്പോയിലും വകുപ്പുമന്ത്രിക്കും പരാതി നൽകി.

Content Highlights: Woman Stranded After Bus Conductor Alleges Delayed Ticket Payment in Kerala