ഇതല്ല ഇതിനപ്പുറവും ചാടിക്കടന്നവനാണീ ചക്കക്കൊമ്പൻ...; ആന ആരോഗ്യവാൻ, ആവാസവ്യവസ്ഥയിൽ സജീവം

തൊടുപുഴ (ഇടുക്കി): റേഡിയോകോളർ ധരിപ്പിക്കുന്നതിനായി വനംവകുപ്പിന്റെ മയക്കുവെടിയേറ്റിട്ടും യാതൊന്നും സംഭവിക്കാത്ത മട്ടിലാണ് ചക്കക്കൊമ്പന്റെ വിഹാരം.
വെള്ളിയാഴ്ച വെടിയേറ്റശേഷം കാട്ടിലേക്ക് ഓടിമറഞ്ഞ ആന ശനിയാഴ്ചയും ചിന്നക്കനാലിൽ സജീവമായിരുന്നു. രാവിലെ തന്നെ ആനയിറങ്കൽ ഡാമിന്റെ പരിസരപ്രദേശങ്ങളിൽ ആനയെത്തി. എന്നാൽ, മയക്കുവെടി വയ്ക്കാനുപയോഗിച്ച സിറിഞ്ച് ഇപ്പോഴും ദേഹത്ത് തറച്ചിരിക്കുന്നുണ്ട്. അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയോ അക്രമാസക്തനാവുകയോ ചെയ്തിട്ടില്ല ആന.
ആവാസവ്യവസ്ഥയിൽ ആന ആരോഗ്യവാനായി തുടരുന്നതായി വനംവകുപ്പ് ഹൈറേഞ്ച് സർക്കിൾ ചീഫ് കൺസർവേറ്റർ ഡി.കെ.വിനോദ്കുമാർ അറിയിച്ചു. ആന പതിവ്പോലെ ഡാമിന്റെ പരിസരപ്രദേശങ്ങളിൽ തുടരുകയാണ്. വനപാലകസംഘം രാവിലെ മുതൽ ആനയെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അതിന്റെ നീക്കങ്ങളും ആരോഗ്യസ്ഥിതിയും തുടർച്ചയായി വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആനയിറങ്കൽ ഡാം, 301 ഏക്കർ, സിങ്കുകണ്ടം തുടങ്ങിയ പ്രദേശങ്ങളിലാണ് ആനയുടെ സഞ്ചാരം .ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷിതത്വംകൂടി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ ആനയ്ക്ക് റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിലേക്ക് തിരിച്ചയയ്ക്കുന്ന നടപടി ആരംഭിച്ചത്.ദൗത്യം നടപ്പാക്കിയാലും ആനയെ നിരീക്ഷിക്കുന്ന നടപടികൾ തുടരാനാണ് വനം വകുപ്പിന്റെ തീരുമാനം. ഇടവേളയ്ക്കുശേഷം ഡിസംബർ അവസാനം മുതൽ ജനുവരി ആദ്യം വരെയുള്ള സമയത്തായിരിക്കും ദൗത്യം തുടരുക.
ചിന്നക്കനാൽ പഞ്ചായത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ വെള്ളിയാഴ്ചതന്നെ ഇടുക്കി ജില്ലാ കളക്ടർ പിൻവലിച്ചിരുന്നു.വെള്ളിയാഴ്ചയാണ് മൂന്ന് ദിവസം നീണ്ട ചക്കക്കൊമ്പൻ ദൗത്യം അവസാനിച്ചത്. ആനയെ വെടിവെച്ച് മയക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം പാഴായതിനെ തുടർന്നാണിത്.
വെള്ളിയാഴ്ച എല്ലാ സാഹചര്യങ്ങളും അനുകൂലമായിട്ടും ചക്കക്കൊമ്പൻ പിടികൊടുത്തില്ല. ദൗത്യസംഘത്തിനുനേരേ പാഞ്ഞടുക്കുകയുംചെയ്തു. ഇതോടെയാണ് ദൗത്യം താത്കാലികമായി നിർത്തിയത്.
Content Highlights: Chakkakomban remains healthy and active in the Chinnakanal ecosystem after a tranquilizer dart attempt., The syringe remains on the elephant's body, but it shows no signs of distress or aggression., Forest Department officials are continuously monitoring the elephant's movement around Anaayirankal Dam., The radio collar mission has been temporarily halted and is expected to resume between late December and early January.