വാട്സാപ്പ് സന്ദേശത്തിലൂടെ മുത്തലാഖ്; മുഖ്യമന്ത്രിക്കും ഡിജിപിക്കും അടക്കം പരാതി, ഭർത്താവിനെതിരേ കേസ്

#ന്യൂസ് ഡെസ്‌ക്
Photo: Canva.com
Photo: Canva.com

മൂവാറ്റുപുഴ: വാട്സാപ്പ് സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയ ഭർത്താവിനെതിരേ ഭാര്യയുടെ പരാതിയെത്തുടർന്ന് കേസെടുത്തു. ആലപ്പുഴ കായംകുളം മലമേൽ ഭാഗം കളിയിക്കൽ ചിറയിൽ സുഹൈലിനെതിരേയാണ് മൂവാറ്റുപുഴ പോലീസ് കേസെടുത്തത്.

മൂവാറ്റുപുഴയിൽ ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിനി ആമിന മുഹമ്മദിന്റെ പരാതിയിലാണ് നടപടി. ഭർത്താവുമായുള്ള നിരന്തര പ്രശ്നങ്ങളെത്തുടർന്ന് അകന്ന് കഴിഞ്ഞിരുന്ന ആമിനയെ നാലിനാണ് വാട്സാപ്പ് സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയതായി സുഹൈൽ അറിയിച്ചത്. തുടർന്ന് ആമിന 'തുണ'യിലൂടെ മൂവാറ്റുപുഴ പോലീസിൽ പരാതി നൽകി. ഏഴിന് മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് മൂവാറ്റുപുഴ പോലീസ് മുത്തലാഖ് ആക്ട് അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തത്.

തിങ്കളാഴ്ച ആമിനയുടെ മൊഴി രേഖപ്പെടുത്തി. വാട്സാപ്പ് സന്ദേശത്തിന്റേതടക്കമുള്ള രേഖകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ആമിനയുടെ ആലപ്പുഴയിലെ വീട്ടിൽ ആക്രമണം നടത്തിയതിന് ഹരിപ്പാട് പോലീസിൽ സുഹൈലിനെതിരേ മറ്റൊരു കേസ് നിലവിലുണ്ട്.

2016-ലായിരുന്നു ഇവരുടെ വിവാഹം. ഗാർഹിക പീഡന പരാതികളും പോലീസ് ഇടപെടലും ഇതിനു മുൻപും പലവട്ടം ഉണ്ടായിട്ടുണ്ട്. മറ്റ് കേസുകളുടേതടക്കം വിശദമായ തെളിവെടുപ്പും അന്വേഷണവും നടത്തുമെന്ന് മൂവാറ്റുപുഴ പോലീസ് വ്യക്തമാക്കി.

Content Highlights: Wife files complaint against husband for triple talaq via WhatsApp. Police register case under Triple Talaq Act.