മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പ്; 237 വീടുകളുടെ വാർപ്പ് പൂർത്തിയായി; റോഡ് നിർമാണവും ദ്രുതഗതിയിൽ

ടൗൺഷിപ്പിന്റെ നിർമാണപ്രവൃത്തി വിലയിരുത്താൻ മന്ത്രി ഒ.ആർ. കേളു എത്തിയപ്പോൾ
ടൗൺഷിപ്പിന്റെ നിർമാണപ്രവൃത്തി വിലയിരുത്താൻ മന്ത്രി ഒ.ആർ. കേളു എത്തിയപ്പോൾ

കല്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്ന ടൗൺഷിപ്പിൽ 237 സ്വപ്നഭവനങ്ങളുടെ വാർപ്പ് പൂർത്തിയായി. അഞ്ചുസോണുകളിലായാണ് നിർമാണപ്രവൃത്തി പുരോഗമിക്കുന്നത്. 350 വീടുകൾക്കുള്ള സ്ഥലമൊരുക്കൽ പൂർത്തിയായി. 1,500 തൊഴിലാളികളാണ് ടൗൺഷിപ്പിൽ രാപകൽ പ്രവർത്തിക്കുന്നത്. ടൗൺഷിപ്പിലൂടെ കടന്നുപോകുന്ന കെഎസ്ഇബിയുടെ വിതരണലൈൻ മാറ്റിസ്ഥാപിക്കുകയും 110 കെവി ലൈനിനായി നാല് പ്രധാന ടവറുകളും എൽസ്റ്റണിൽ സ്ഥാപിച്ചു.

ടൗൺഷിപ്പിലേക്കുള്ള റോഡ് നിർമാണപ്രവർത്തനങ്ങളും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. മൂന്നുഘട്ടമായാണ് റോഡ് നിർമാണം പുരോഗമിക്കുന്നത്. 12.65 മീറ്റർ വീതിയിലുള്ള പ്രധാന പാതയ്ക്ക് 1100 മീറ്റർ ദൈർഘ്യമാണുള്ളത്. 9.5 മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡ് 2.770 കിലോമീറ്ററാണുണ്ടാവുക. ടൗൺഷിപ്പിലെ വിവിധ സോണുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതകളാണിത്. ഇടറോഡുകൾക്ക് 5.8 മീറ്ററാണ് വീതി. 7.553 കിലോമീറ്റർ ദൈർഘ്യത്തിലാണ് ഇടറോഡുകൾ നിർമിക്കുന്നത്. താമസസ്ഥലങ്ങളിലേക്കുള്ള പ്രവേശനം ഈ റോഡിലൂടെയായിരിക്കും. പ്രധാന പാതയുടെ 490 മീറ്ററും രണ്ടാംഘട്ടത്തിലെ പാതയുടെ 906 മീറ്ററും നിലവിൽ നിർമിച്ചു.

പ്രധാന റോഡിൽ ഇലക്‌ട്രിക്കൽ ഡക്ട് നിർമാണവും സൈഡ് ഡ്രെയിൻ നിർമാണവും പുരോഗമിക്കുകയാണ്. ആകെ 11.423 കിലോമീറ്റർ റോഡുകളാണ് ടൗൺഷിപ്പിൽ നിർമിക്കുക. ഒൻപതുലക്ഷം ലിറ്റർ ശേഷിയിൽ നിർമിക്കുന്ന കുടിവെള്ളസംഭരണി, സുവിജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഡ്രെയിനേജ് എന്നിവയുടെ നിർമാണപ്രവൃത്തിയും എൽസ്റ്റണിൽ പുരോഗമിക്കുകയാണ്.

Content Highlights: mundakkai-chooralmala Disaster Relief: Milestone Achieved in Elston Township Housing Project