താമരശ്ശേരി ചുരം നിയന്ത്രണങ്ങളോടെ തുറന്നു; വ്യൂപോയിന്റില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

താമരശ്ശേരി ചുരത്തിലെ ഗതാഗതനിരോധനം നീങ്ങിയതോടെ മണ്ണിടിച്ചിലുണ്ടായ ഭാഗത്തുകൂടി ഇരുദിശകളിലും കടന്നുപോകുന്ന വാഹനങ്ങൾ
താമരശ്ശേരി ചുരത്തിലെ ഗതാഗതനിരോധനം നീങ്ങിയതോടെ മണ്ണിടിച്ചിലുണ്ടായ ഭാഗത്തുകൂടി ഇരുദിശകളിലും കടന്നുപോകുന്ന വാഹനങ്ങൾ

താമരശ്ശേരി: മൂന്നുദിവസത്തോളം നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് വെള്ളിയാഴ്ച താമരശ്ശേരി ചുരംപാത നിയന്ത്രണങ്ങളോടെ ഗതാഗതത്തിനായി തുറന്നുകൊടുത്തു. വെള്ളിയാഴ്ച രാവിലെമുതല്‍ ഭാരംകുറഞ്ഞ വാഹനങ്ങളും അവശ്യസര്‍വീസുകളും ഇരുദിശകളിലും കടത്തിവിട്ടു. പിന്നീട് മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ ഒഴികെ കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെയുള്ള മറ്റു വാഹനങ്ങള്‍ നിയന്ത്രണവിധേയമായി കടത്തിവിടാന്‍ കളക്ടറുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതനുസരിച്ച് വെള്ളിയാഴ്ച വൈകീട്ട് മുതല്‍ ബസുകളും ആറുചക്രംവരെയുള്ള ചരക്കുലോറികളും ചുരത്തിലേക്ക് കടത്തിവിടുകയും ചെയ്തു.

വ്യാഴാഴ്ച വൈകീട്ട് ആറരയോടെ ലക്കിടി കവാടത്തില്‍ തടഞ്ഞിട്ടിരുന്ന ചരക്കുലോറികളില്‍ ആറു ചക്രത്തില്‍ കുറവുള്ളവയും മള്‍ട്ടിആക്സില്‍ അല്ലാത്ത മറ്റു ഭാരവാഹനങ്ങളുമാണ് ആദ്യം ചുരംപാതയിലേക്ക് കടത്തിവിട്ടത്. പിന്നീട് ഒരു മണിക്കൂറിനുശേഷം അടിവാരത്തുനിന്ന് ചുരത്തിലേക്ക് ഇതേതരത്തിലുള്ള വലിയ വാഹനങ്ങള്‍ കടത്തിവിട്ടു. മാറി മാറി ഓരോ മണിക്കൂര്‍ ഇടവേള പാലിച്ചാണ് തുടര്‍ന്ന് ഇരുവശത്തുനിന്നും ചരക്കുവാഹനങ്ങള്‍ക്ക് പ്രവേശനാനുമതി നല്‍കിയത്. ബസുകള്‍ക്ക് സമയനിയന്ത്രണം ബാധകമാക്കിയില്ല.

ചുരംപാതയില്‍ മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്കുള്ള നിരോധനം തുടരുമെന്നും ഇരുഭാഗത്തുനിന്നുവരുന്ന മറ്റു വാഹനങ്ങള്‍ പോലീസിന്റെ നിയന്ത്രണത്തോടെ കൃത്യമായ സമയം ഇടവിട്ട് കടത്തിവിടുമെന്നും കോഴിക്കോട് ജില്ലാഭരണകൂടം അറിയിച്ചു.

വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്ങും പിന്നീട് കോഴിക്കോട് റൂറല്‍ എസ്പി കെ.ഇ. ബൈജുവും ചുരം വ്യൂപോയിന്റിലെ ഇടിച്ചിലുണ്ടായ സ്ഥലം സന്ദര്‍ശിച്ചിരുന്നു. പിന്നീട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നടന്ന കൂടിയാലോചനയ്ക്കും കളക്ടറേറ്റിലെ ഓണ്‍ലൈന്‍ യോഗത്തിനുംശേഷമാണ് ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്കുകൂടി നിയന്ത്രണങ്ങളോടെ യാത്രാനുമതി നല്‍കാന്‍ തീരുമാനമായത്. വരുംദിവസങ്ങളില്‍ ശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നില്ലെന്നും എന്നാല്‍, മഴ ശക്തമാകുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും കളക്ടര്‍ യോഗത്തില്‍ അറിയിച്ചു.

റോഡിനു മുകളിലായി പാറയുടെ സ്ഥിതി പരിശോധിക്കാനായി ജിപിആര്‍ (ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാര്‍) സംവിധാനം ഉപയോഗപ്പെടുത്തും. ഇതിനായി കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സിവില്‍ എന്‍ജിനിയറിങ് വിഭാഗവുമായി ബന്ധപ്പെട്ട് നടപടി കൈക്കൊള്ളാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. പാറയുടെ ഡ്രോണ്‍ പടങ്ങള്‍ എടുത്ത് സ്ഥിതിഗതികള്‍ വിലയിരുത്താനും യോഗം തീരുമാനിച്ചു.

ചുരം വ്യൂപോയിന്റില്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തും. ഇവിടെ വാഹനം നിര്‍ത്തി സമയം ചെലവിടുന്നത് നിരോധിക്കും. സ്ഥിതിഗതികള്‍ പൂര്‍വസ്ഥിതിയിലാകുന്നതുവരെ അഗ്‌നിരക്ഷാസേനയുടെ ഒരു യൂണിറ്റിനെ ചുരത്തില്‍ വിന്യസിക്കും. സ്ഥലത്ത് ആവശ്യമായ വെളിച്ചത്തിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കാനും യോഗം തീരുമാനിച്ചു. കോഴിക്കോട് റൂറല്‍ എസ്പി കെ.ഇ. ബൈജു, ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എം. രേഖ, ജിയോളജിസ്റ്റ് ഡോ. മഞ്ജു മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ചുരത്തില്‍ പരിശോധന തുടരുമെന്ന് കളക്ടര്‍
താമരശ്ശേരി: മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരത്തില്‍ പരിശോധനയും നിരീക്ഷണവും തുടരുമെന്ന് കോഴിക്കോട് കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്. വെള്ളിയാഴ്ച രാവിലെ പത്തരയോടെ, മണ്ണിടിച്ചിലുണ്ടായ സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥലത്തെ സ്ഥിതിഗതികളെക്കുറിച്ച് ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും കളക്ടര്‍ ആശയവിനിമയം നടത്തി.

ചുരംപാതയില്‍ നിലവില്‍ വലിയ അപകടഭീഷണിയില്ലെന്നും അതേസമയം മഴ ശക്തമായാല്‍ വീണ്ടും പാറക്കഷണങ്ങള്‍ റോഡിലേക്ക് വീഴാനുള്ള സാധ്യതയുണ്ടെന്നും കളക്ടര്‍ അറിയിച്ചു. മണ്ണിടിച്ചില്‍ കാരണം നിലവില്‍ റോഡിന് പ്രശ്‌നങ്ങളുള്ളതായി കണ്ടെത്തിയിട്ടില്ല. ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്തും. അടര്‍ന്നുനില്‍ക്കുന്ന പാറകള്‍ നീക്കംചെയ്യുന്നകാര്യം വിശദപരിശോധനകള്‍ക്കുശേഷം തീരുമാനിക്കും. സംഭവസ്ഥലത്ത് അഗ്‌നിരക്ഷാസേനയുടെയും പോലീസിന്റെയും നിരീക്ഷണം തുടരും.

സംഭവം നടന്ന് മൂന്നുദിവസമായിട്ടും കളക്ടര്‍ സ്ഥലത്ത് നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്താത്തതിനെതിരേ നേരത്തേയുയര്‍ന്ന വിമര്‍ശനം സംബന്ധിച്ച് പ്രതികരണമാരാഞ്ഞപ്പോള്‍ 'കളക്ടര്‍ എന്നത് ഒരു പേരല്ല, മറിച്ചൊരു ഉദ്യോഗസ്ഥ സംവിധാനമാണെന്നായിരുന്നു' സ്‌നേഹില്‍കുമാര്‍ സിങ്ങിന്റെ മറുപടി.

കോഴിക്കോട് കളക്ടറുടെ ഭാഗത്ത് ഗുരുതരവീഴ്ച -ടി. സിദ്ദിഖ്
വൈത്തിരി: താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് കോഴിക്കോട് കളക്ടര്‍ക്കും ജില്ലാഭരണകൂടത്തിനും ഉണ്ടായത് ഗുരുതര വീഴ്ചയാണെന്ന് ടി. സിദ്ദിഖ് എംഎല്‍എ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

കളക്ടര്‍ ഒരു വ്യക്തിയല്ല, സിസ്റ്റമാണ്. അതിന്റെ സാന്നിധ്യമുണ്ടായിരുന്നെന്നും എല്ലാ വിവരങ്ങളും ലഭ്യമായിരുന്നുവെന്നാണ് പറയുന്നത്. എന്നാല്‍, രണ്ടുദിവസം ആ സിസ്റ്റം ഇവിടെയില്ലായിരുന്നു.

നാലാമത്തെ ദിവസമാണ് കോഴിക്കോട് കളക്ടറുടെ സാന്നിധ്യമുണ്ടായത്. വളരെ ഗൗരവതരമായ ഇടിച്ചിലുണ്ടായി ഗതാഗതം തടസ്സപ്പെട്ടാല്‍ ഒന്നോടി വരാന്‍ അദ്ദേഹത്തിന് പാസ്പോര്‍ട്ടിന്റെ ആവശ്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

Content Highlights: Thamarassery Churam partially reopened after a 3-day closure due to a landslide.