വീട് ആക്രമിച്ചതിൽ നടപടിയില്ല, പോലീസിൻ്റെ മോശംപെരുമാറ്റം; സ്റ്റേഷന് മുന്നിൽ യുവതികളുടെ സമരം

പനമരം(വയനാട്): പനമരം പോലീസ് സ്റ്റേഷനുമുന്‍പില്‍ യുവതികളുടെ കുത്തിയിരിപ്പുസമരം. മാത്തൂര്‍ മുല്ലക്കല്‍ ബിനിത, സുഹൃത്ത് പരിയാരം തേനുട്ടിക്കല്ലുങ്കല്‍ ഫസ്‌ന എന്നിവരാണ് ചൊവ്വാഴ്ച ഉച്ചമുതല്‍ പോലീസ് സ്റ്റേഷനുമുന്‍പില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
ഒരുസംഘം ആളുകള്‍ ബിനിതയുടെ വീട് ആക്രമിച്ച പരാതിയില്‍ പ്രതികളെ പിടികൂടാത്തതിലും പോലീസ് മോശമായി പെരുമാറിയതിലും പ്രതിഷേധിച്ചായിരുന്നു സമരം. ഈ മാസം ഒന്നിന് രാത്രി ഒരുസംഘം ആളുകള്‍ ബിനിതയുടെ വീടിന് കല്ലെറിഞ്ഞ് നാശനഷ്ടമുണ്ടാക്കിയിരുന്നു.
പിറ്റേന്ന് നല്‍കിയ പരാതിയില്‍ പോലീസ് വേണ്ട നടപടി സ്വീകരിച്ചില്ലെന്നും, പരാതിയെക്കുറിച്ച് അന്വേഷിക്കാനെത്തിയപ്പോള്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറും വനിതാ പോലീസും അടക്കമുള്ളവര്‍ മോശമായി പെരുമാറുകയും അസഭ്യം പറയുകയും തങ്ങളെ മോശക്കാരാണെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. സ്റ്റേഷനിലെ സിസിടിവി പരിശോധിച്ചാല്‍ ഇതിന് തെളിവ് ലഭിക്കുമെന്നും യുവതികള്‍ പറഞ്ഞു.
പ്രതികളെ പിടികൂടണമെന്നും എസ്എച്ച്ഒ മാപ്പുപറയണമെന്നുമായിരുന്നു യുവതികളുടെ ആവശ്യം. കഴിഞ്ഞ എട്ടുദിവസമായി പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങിയിട്ടും കേസെടുക്കാന്‍ പോലീസ് തയ്യാറായില്ലെന്നും പരിഹാരമാകാതെ സ്റ്റേഷനുമുന്‍പില്‍നിന്ന് പോകില്ലെന്നും യുവതികള്‍ ആവര്‍ത്തിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളും സ്ഥലത്തെത്തി. പിന്നീട് യുവതികളുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ചെയ്തതോടെയാണ് സമരത്തില്‍നിന്ന് പിന്‍വാങ്ങിയത്.
അതേസമയം, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പോലീസ് വ്യക്തമാക്കി. ലഭിച്ച പരാതി അന്വേഷിച്ച് പരിഹരിക്കാനാണ് ശ്രമിച്ചത്. ഇതാണ് കേസെടുക്കാന്‍ വൈകിയത്. യുവതികളോട് മോശമായി പെരുമാറിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.
Content Highlights: Two women held a sit-in protest outside Panamaram police station