മുട്ടിൽ മരംമുറി: റവന്യൂമന്ത്രി കളക്ടറോട് റിപ്പോർട്ട് തേടി, മൂന്നിരട്ടി പിഴയടയ്ക്കേണ്ടിവരും

മുട്ടില്‍ മരംമുറിക്കേസിലെ പ്രതികള്‍ |ഫയല്‍ചിത്രം -  Mathrubhumi archives
മുട്ടില്‍ മരംമുറിക്കേസിലെ പ്രതികള്‍ |ഫയല്‍ചിത്രം - Mathrubhumi archives

കല്പറ്റ: മുട്ടിൽ മരംമുറിയിൽ ആന്റോ അഗസ്റ്റിൻ ഉൾപ്പെടെയുള്ളവർക്കെതിരേ ലാൻഡ് കൺസർവൻസി നിയമപ്രകാരം നടപടി ശക്തമാക്കാൻ റവന്യൂവകുപ്പ്. കേസിൽ ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോർട്ട് നൽകാൻ റവന്യൂമന്ത്രി കെ. രാജനും ലാൻഡ് റവന്യൂ കമ്മിഷണറും വയനാട് കളക്ടർ ഡോ. രേണുരാജിനോട് ആവശ്യപ്പെട്ടു.

ലാൻഡ് റവന്യൂ കമ്മിഷണറുടെ നേതൃത്വത്തിൽ ഓൺലൈനായി യോഗംചേർന്ന് റവന്യൂവകുപ്പി‌ന്റെ നടപടികളുടെ പുരോഗതി വിലയിരുത്തി. രണ്ടുവർഷമായിട്ടും മരംമുറിക്കാരിൽനിന്ന് സർക്കാരിനുണ്ടായ നഷ്ടം ഈടാക്കാൻ റനവ്യൂവകുപ്പിന് കഴിഞ്ഞില്ലെന്ന വിമർശനമുയർന്നതോടെ റവന്യൂമന്ത്രി കെ. രാജൻതന്നെ വിഷയത്തിൽ ഇടപെടുകയായിരുന്നു. പ്രതികൾക്കെതിരേ ശക്തമായ നടപടികളുമായി മുന്നോട്ടുപോകാനാണ് അദ്ദേഹം നിർദേശിച്ചത്.

സർക്കാരിലേക്ക് നിക്ഷിപ്തമായ മരംമുറിച്ചതിന് ഭൂവുടമകളിൽനിന്ന് മാത്രമല്ല, അതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച എല്ലാവർക്കെതിരേയും നടപടിക്കാണ് ആലോചിക്കുന്നത്. ആദിവാസികളെ തെറ്റിദ്ധരിപ്പിച്ച് റോജി അഗസ്റ്റിനും കൂട്ടാളികളും മരംമുറിച്ചിട്ടുണ്ട്. അവരുടെ അജ്ഞത ചൂഷണംചെയ്തതാണെന്ന് വ്യക്തമായതിനാൽ ആദിവാസികളെ ലാൻഡ് കൺസർവൻസി നിയമപ്രകാരമുള്ള നടപടികളിൽനിന്ന് ഒഴിവാക്കിയേക്കും. പക്ഷേ, ഇക്കാര്യത്തിൽ സർക്കാർതലത്തിൽ അന്തിമതീരുമാനമെടുക്കണം. ഭൂവുടമകൾ എന്നനിലയിൽ ആന്റോ അഗസ്റ്റിനും ജോസൂട്ടി അഗസ്റ്റിനുമെതിരേയാണ് പോലീസിന്റെ പ്രത്യേക അന്വേഷണസംഘം കെ.എൽ.സി. ആക്ട് ചുമത്തിയത്. റോജി അഗസ്റ്റിനെതിരേ വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളാണ് ചുമത്തിയത്. ലാൻഡ് കൺസർവൻസി നിയമപ്രകാരം നടപടി ശക്തമാക്കുന്നതോടെ പ്രതികൾ മുറിച്ച മരത്തിന്റെ മൂന്നിരട്ടി പിഴയടയ്ക്കേണ്ടിവരും.

മരങ്ങളുടെ വില നിശ്ചയിച്ചുനൽകുന്നതിലെ വനംവകുപ്പിന്റെ കാലതാമസമാണ് ലാൻഡ് കൺസർവൻസി നിയമപ്രകാരമുള്ള നടപടികൾ വൈകാൻ കാരണമെന്നാണ് പറയുന്നത്. എന്നാൽ, തൊലി ചെത്താത്ത 11 മരങ്ങൾ ഒഴികെയുള്ള ബാക്കി മുഴുവൻ എണ്ണത്തിന്റെയും വില നിശ്ചയിച്ചുനൽകിയിട്ടുണ്ടെന്ന് വനംവകുപ്പ് പറയുന്നു. 75 കേസിലാണ് ലാൻഡ് കൺസർവൻസി ആക്ട് പ്രകാരം റവന്യൂവകുപ്പ് നടപടിയെടുക്കുന്നത്. ഇതിൽ നാലെണ്ണത്തിൽ പിഴ നിശ്ചയിച്ചുകൊണ്ട് ഉത്തരവായിട്ടുണ്ടെന്നും 35 കേസിൽ ഹിയറിങ് പൂർത്തിയാക്കിയിട്ടുണ്ടെന്നും കളക്ടർ ഡോ. രേണുരാജ് പറഞ്ഞു. ഇനി തുടർനടപടികൾ വേഗത്തിലാക്കുമെന്നും അവർ പറഞ്ഞു. 36 കേസിൽ വനംവകുപ്പ് വിലനിശ്ചയിച്ചുകിട്ടാനുണ്ട്.

2020-ൽ റവന്യൂവകുപ്പ് ഇറക്കിയ ഉത്തരവനുസരിച്ചാണ് മരംമുറിച്ചതെന്നാണ് പ്രതികൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ, 1964-ലെ ഭൂപതിവ് നിയമമനുസരിച്ച് പട്ടയം നൽകിയ ഭൂമിയിൽ അതിനുശേഷം കിളിർത്തതും നട്ടുവളർത്തിയതുമായ മരംമുറിക്കാനാണ് വിവാദമായ ഉത്തരവ് അനുമതി നൽകിയത്. എന്നാൽ, 574 വർഷംവരെ പഴക്കമുള്ള മരങ്ങളുൾപ്പെടെയാണ് റോജിയും സഹോദരങ്ങളും മുറിച്ചുകടത്തിയതെന്ന് ഡി.എൻ.എ. പരിശോധനയിൽ തെളിഞ്ഞതോടെ ഈ വാദം പൂർണമായി പൊളിഞ്ഞു.

ഡി.എൻ.എ. റിപ്പോർട്ടും കർഷകരുടെ പേരിൽ റോജി അഗസ്റ്റിൻ വ്യാജ അപേക്ഷ നൽകിയതും പ്രതികൾക്കെതിരായ പ്രധാന തെളിവുകളാണ്. ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖയുണ്ടാക്കൽ, വഞ്ചനക്കുറ്റം, പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രത്യേക അന്വേഷണ സംഘം ചുമത്തിയിട്ടുണ്ട്.

മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് റവന്യൂവകുപ്പിന്റെ ഭാഗത്തുനിന്ന് അനാസ്ഥയോ, കാലതാമസമോ ഉണ്ടായതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് കളക്ടർ ഡോ. രേണുരാജ് അറിയിച്ചു.

Content Highlights: wayanad muttil tree felling case revenue minister report collector land revenue commissioner