'പനമരം പഞ്ചായത്ത് പ്രസിഡന്റായി ആദിവാസി സ്ത്രീ': വിവാദപരാമർശവുമായി CPM ജില്ലാ കമ്മിറ്റി അംഗം, വിമർശനം

എ.എൻ. പ്രഭാകരൻ | ഫോട്ടോ: മാതൃഭൂമി
എ.എൻ. പ്രഭാകരൻ | ഫോട്ടോ: മാതൃഭൂമി

കല്‍പ്പറ്റ: വയനാട് സി.പി.എം. ജില്ലാ കമ്മിറ്റി അംഗം എ.എന്‍. പ്രഭാകരന്റെ പ്രസംഗം വിവാദത്തില്‍. പനമരത്ത് യു.ഡി.എഫ്. മുസ്‌ലിംവനിതയെ മാറ്റി 'ആദിവാസിപ്പെണ്ണിനെ' പഞ്ചായത്ത് പ്രസിഡന്റാക്കിയെന്ന പരാമര്‍ശമാണ് വിവാദത്തിലായത്. ലീഗ് പനമരത്ത് ചെയ്തത് ചരിത്രപരമായ തെറ്റാണെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ വീട് കയറുമ്പോള്‍ ലീഗുകാര്‍ കയ്യുംകെട്ടിനിന്ന് മറുപടി പറയേണ്ടിവരുമെന്നും എ.എന്‍ പ്രഭാകരന്‍ പറഞ്ഞു.

പനമരത്ത് അവിശ്വാസ പ്രമേയത്തിലൂടെ ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് വിവാദ പരാമര്‍ശം. പ്രസിഡന്റ് ആകേണ്ടിയിരുന്ന ഹസീനയെ കോണ്‍ഗ്രസുകാര്‍ മാറ്റി. ആദ്യമായി മുസ്‌ലിം വനിത പ്രസിഡന്റായിരുന്ന പഞ്ചായത്തിലെ ഭരണം ലീഗ് മറിച്ചിട്ടുവെന്നും പ്രഭാകരന്‍ ആരോപിച്ചു. 

പനമരത്ത് എല്‍.ഡി.എഫ്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന ആസ്യ, യു.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെയാണ് പുറത്തായത്. യു.ഡി.എഫില്‍ പ്രസിഡന്റ്  സ്ഥാനാര്‍ത്ഥിയായി ഹസീന, ലക്ഷ്മി എന്നിവരുടെ പേരുകളാണ് പരിഗണിച്ചത്. യു.ഡി.എഫിലെ ഭിന്നതയെ തുടര്‍ന്ന് ആദ്യദിവസം തിരഞ്ഞെടുപ്പ് നടക്കാതെ പോവുകയും പിന്നീട് പാണക്കാട് സാദിഖ് അലി തങ്ങള്‍ ഇടപട്ട് ആദിവാസി വിഭാഗത്തില്‍നിന്നുള്ള ലീഗ് അംഗം ലക്ഷ്മി ആലക്കമുറ്റത്തെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി തീരുമാനിക്കുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് പ്രഭാകരന്റെ വിവാദ പരാമര്‍ശം.

എന്നാൽ, പറയാൻ ശ്രമിച്ചത് അത്തരം വിഷയങ്ങൾ അല്ലെന്നും രാഷ്‍ട്രീയമാണെന്നും എ.എന്‍. പ്രഭാകരൻ പ്രതികരിച്ചു. ആദിവാസി വിഭാഗത്തില്‍നിന്നുള്ള വനിത, പഞ്ചായത്ത് പ്രസിഡന്റ് ആയത് സി.പി.എമ്മിന് അപമാനമാണെങ്കില്‍ ലീഗിന് ഇത് അഭിമാനം എന്നാണ് മുസ്‌ലിം ലീഗ് നേതാക്കളുടെ മറുപടി.

Content Highlights: wayanad cpm district committee member controversial remark on panamaram panchayat president