തിരയിൽപ്പെട്ട് വള്ളം ഉലഞ്ഞു; തെറിച്ചുവീണ് പരിക്കേറ്റ മീൻപിടിത്ത തൊഴിലാളി മരിച്ചു

വലിയതുറ (തിരുവനന്തപുരം): മീൻപിടിത്തതിന് പോയ വള്ളം ശക്തമായ തിരയിൽപ്പെട്ട് ഉലഞ്ഞതിനെ തുടര്ന്ന് അതേ വള്ളത്തിൽ തെറിച്ചുവീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. കൊച്ചുതോപ്പ് പുതുവൽ പുരയിടത്തിൽ പരേതരായ പത്രോസിന്റെയും സിസിലിയുടെയും മകൻ തോമസ്(44) ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് നാലോടെ കൊച്ചുതോപ്പ് സ്വദേശിയായ ഷിബുവിന്റെ വള്ളത്തിലാണ് തോമസ് ഉൾപ്പെട്ട തൊഴിലാളികൾ മീൻപിടിത്തത്തിന് പുറപ്പെട്ടത്. തുടർന്ന് ഇവർ മുന്നോട്ട് പോകുന്ന സമയത്തുണ്ടായ തിരയിൽപ്പെട്ട് വള്ളം ഉലയുകയും തോമസ് വള്ളത്തിനുള്ളിലേക്ക് തെറിച്ചുവീഴുകയുമാണുണ്ടായത്.
വീഴ്ച്ചയോടെ അബോധാവസ്ഥയിലായ തോമസിനെ സഹതൊഴിലാളികൾ കരയിലെത്തിച്ചു. ആംബുലൻസ് കിട്ടാത്തത്തിനെ തുടർന്ന് ഓട്ടോറിക്ഷയിൽ ജനറൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്ക്കാരം നടത്തി.
പ്രാർഥന കൊച്ചുതോപ്പ് ഫാത്തിമ മാതാ പള്ളിയിൽ വ്യാഴാഴ്ച വൈകിട്ട് മൂന്നിന്. കോസ്റ്റൽ പോലീസ് കേസെടുത്തു. ഭാര്യ: ശോഭ. മക്കൾ: ജനിഫർ, ജർഷൻ.
Content Highlights: Fisherman dies in boat gone for fishing