പൈപ്പ് പൊട്ടി, ട്രാന്‍സ്‌ഫോമര്‍ റോഡിലേക്ക് വീണു; കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

#സ്വന്തം ലേഖകന്‍
കഴക്കൂട്ടത്ത് റോഡിലേക്ക് വീണ ട്രാൻസ്ഫോർമർ | Photo: Mathrubhumi
കഴക്കൂട്ടത്ത് റോഡിലേക്ക് വീണ ട്രാൻസ്ഫോർമർ | Photo: Mathrubhumi

തിരുവനന്തപുരം: കഴക്കൂട്ടത്ത് കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബിയുടെ വൈദ്യുത ട്രാന്‍സ്‌ഫോമര്‍ റോഡിലേക്ക് നിലംപതിച്ചു. ഞായറാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ദേശീയപാതാ വികസന പ്രവൃത്തിയുടെ ഭാഗമായി മാറ്റി സ്ഥാപിച്ച ട്രാന്‍സ്‌ഫോമര്‍ പോസ്റ്റുകളാണ് മറിഞ്ഞുവീണത്. ഈ സമയത്ത് റോഡിലൂടെ കടന്നുപോയ കാറിലെ യാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. 

പള്ളിപ്പുറം സി.ആര്‍.പി.എഫ്. ക്യാമ്പിലേക്ക് പുതുതായി സ്ഥാപിച്ച 250 എം.എം. ജി.ഐ. പൈപ്പും 160 എം.എം. പി.വി.സി. പൈപ്പും പൊട്ടിയതാണ് ട്രാന്‍സ്‌ഫോമര്‍ വീഴാന്‍ കാരണമായത്. യാതൊരു ഉറപ്പുമില്ലാതെ പൂഴിമണ്ണില്‍ സ്ഥാപിച്ച ട്രാന്‍സ്‌ഫോമറാണ് റോഡിലേക്ക് വീണത്. രാവിലെ എട്ട് മണിക്കാണ് വാട്ടര്‍ അതോറിറ്റി വാല്‍വ് തുറന്നത്.

സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് രൂക്ഷമായ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. കഴക്കൂട്ടം മുതല്‍ പള്ളിപ്പുറം വരെയുള്ള ഭാഗത്തെ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. ബസ്സുകളും മറ്റും വഴിതിരിച്ചു വിട്ടിട്ടുണ്ട്. ട്രാന്‍സ്‌ഫോമര്‍ വീണ് രണ്ട് മണിക്കൂറിലേറെ സമയമായിട്ടും റോഡിലെ തടസം നീക്കാന്‍ കെ.എസ്.ഇ.ബിയോ ദേശീയപാതാ കരാര്‍ കമ്പനിയോ തയ്യാറായില്ലെന്ന പരാതിയുണ്ട്.

Content Highlights: KSEB Transformer fell down on road after water authority pipe broke at Kazhakkoottam