‘തൃത്താലയുടെ എം.എൽ.എ.’; എല്ലാം ഒറ്റവാക്കിലൊതുക്കി വി.ടി. ബൽറാം

#ന്യൂസ് ഡെസ്ക്
വി.ടി. ബല്‍റാം | മാതൃഭൂമി
വി.ടി. ബല്‍റാം | മാതൃഭൂമി

പാലക്കാട്: തൃത്താലയിൽ നേടിയ അട്ടിമറി വിജയം പരിഗണിക്കപ്പെടാതെ പോയതിലെ പ്രതിഷേധവും പ്രതികരണവും സാമൂഹികമാധ്യമത്തിൽ ഒറ്റവാക്കിലൊതുക്കി വി.ടി. ബൽറാം. തൃത്താലയുടെ എം.എൽ.എ. എന്ന ഒറ്റവാക്ക് മാത്രമാണ് ബൽറാം കുറിപ്പിൽ പങ്കുെവച്ചത്. മൂന്നുമണിക്കൂറിനകം ഒട്ടേറെപേർ പ്രതികരണവുമായി പോസ്റ്റിനുതാഴെയെത്തി. ഒരുമണിക്കൂറിനുശേഷം ഇവർ യു.ഡി.എഫ്. മന്ത്രിമാർ എന്ന പോസ്റ്റും വന്നു. ജനങ്ങളാണ് മുഖ്യം, ജനവിശ്വാസം കാത്ത് വാഗ്ദാനങ്ങൾ പാലിച്ച്, കേരളത്തെ മുന്നോട്ടുനയിക്കാൻ പുതിയ ടീമിന് സാധിക്കട്ടെ എന്ന ആശംസയും പങ്കുെവച്ചിട്ടുണ്ട്.

എക്സൈസ്- തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷിനെ കീഴടക്കിയാണ് വി.ടി. ബൽറാം തൃത്താല മണ്ഡലം തിരിച്ചുപിടിച്ചത്. ഞായറാഴ്ച ഉച്ചവരെ മാധ്യമങ്ങളിലെ ചർച്ചകളിൽ വി.ടി. ബൽറാമിന്റെ പേരും നിറഞ്ഞുനിന്നിരുന്നു. ഉച്ചയ്ക്കുശേഷമാണ് മറ്റ് പേരുകൾ കടന്നുവരുന്നത്. ബൽറാമും ഷാനിമോൾ ഉസ്മാനും ഉൾപ്പെടെയുള്ളവർ ഇതോടെ ഒഴിവാക്കപ്പെടുകയായിരുന്നു.

ബൽറാം തഴയപ്പെട്ടതിൽ തൃത്താലയിൽ നിരാശ

കൂറ്റനാട്: ശക്തമായ പോരാട്ടത്തിലൂടെ തൃത്താല മണ്ഡലം പിടിച്ചെടുത്ത് മിന്നുന്ന വിജയം കാഴ്ചവെച്ച വി.ടി. ബൽറാമിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിൽ യു.ഡി.എഫ്. അണികൾക്കിടയിൽ നിരാശയും പ്രതിഷേധവും. വൈകിട്ട് ആറരയ്ക്ക്‌ വി.ഡി. സതീശൻ പേരുകൾ പ്രഖ്യാപിക്കുന്നതുവരെ തൃത്താലക്കാർ വി.ടി. ബൽറാം മന്ത്രിസ്ഥാനത്ത് ഉണ്ടാകുമെന്നാണ് വിശ്വസിച്ചിരുന്നത്.

രണ്ടു ദിവസങ്ങളിലായി ബൽറാം മന്ത്രിയാണെന്ന് മാധ്യമങ്ങളും പ്രചരിപ്പിച്ചിരുന്നു. മന്ത്രിയായില്ലെങ്കിൽ അദ്ദേഹത്തെ സ്പീക്കറുടെ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും പറഞ്ഞുകേട്ടു.

കഴിവുകൾ പരിഗണിക്കപ്പെടാതെ, ജാതിസമവാക്യവും മറ്റു പരിഗണനകളും കാരണം സ്ഥാനം ലഭിക്കാത്തതിൽ നിരാശയുണ്ടെന്നാണ് അദ്ദേഹത്തിനോടടുത്ത വൃത്തങ്ങൾ പറയുന്നത്. തൃത്താലയിലെ വികസന തുടർച്ചയ്ക്ക്‌ വി.ടി. ബൽറാം മന്ത്രിയാകണമായിരുന്നുവെന്നാണ് പ്രവർത്തകരുടെ അഭിപ്രായം.

Content Highlights: VT Balram reclaimed the Thrithala constituency by defeating MB Rajesh., Social media reaction shared regarding exclusion from the new cabinet., Public support and expectations for the new UDF team highlighted., Discussion surrounding the omission of key leaders like Balram and Shanimol Usman.