അച്ഛനായി മകനൊരുക്കിയ ഓഫീസ് മുറി; വേർപാടിന്റെ ശൂന്യതയിൽ വിഎസിന്റെ മുറി

തിരുവനന്തപുരം: വേർപാടിന്റെ ശൂന്യതയിലും വേലിക്കകത്തെ വീട്ടകത്ത് വി.എസിന്റെ കാൽപ്പെരുമാറ്റം കാത്തിരുന്ന ഒരു മുറി ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നു. ഏറെക്കാലം തലസ്ഥാനം രാഷ്ട്രീയതട്ടകമാക്കിയിട്ടും ഇവിടെ സ്വന്തമായി വീടില്ലാതിരുന്ന അച്ഛന് മകനൊരുക്കിയ ഓഫീസ് മുറി.
അതിലിരുന്ന് അച്ഛന്റെ ഓർമ്മകളിൽ നെടുവീർപ്പിട്ട് അപ്പുവെന്ന് വി.എസ്. ഓമനപ്പേരിട്ട മകൻ വി.എ.അരുൺ കുമാർ നഷ്ടപ്പെടലിന്റെ നീറ്റൽ ഉള്ളിലൊതുക്കാൻ പാടുപെട്ടു. വീഴ്ചയിൽ നെറ്റിയിലും കാലിലുമുള്ള നേരിയ പരിക്കിന്റെ പ്രയാസത്തോടെ അടുത്തൊരു മുറിയിൽ വിഎസിന്റെ പ്രിയപ്പെട്ട ഭാര്യ വസുമതി വിശ്രമിക്കുന്നു. നാടാകെ ചേർത്തുപിടിച്ച വി.എസ്. എന്ന രണ്ടക്ഷരം നൽകിയ ഒരുപാടു നല്ല നിമിഷങ്ങൾ നിറഞ്ഞ ബാർട്ടൺഹില്ലിലെ വീട്ടിലാകെയൊരു ശൂന്യത. ഒരിക്കലും മടങ്ങിപ്പോകാത്ത ശൂന്യതയിലേക്കാണ് അമ്മയും മക്കളും പുന്നപ്രയിൽനിന്ന് കഴിഞ്ഞ ദിവസം വന്നിറങ്ങിയത്.
തിരുവനന്തപുരത്ത് മക്കൾക്ക് വീടുവേണമെന്നത് വി.എസ്.അച്യുതാനന്ദന്റെ ആഗ്രഹമായിരുന്നു. അത് അടുത്തടുത്താകണമെന്നും. ആറു വർഷം മുൻപ് അരുൺ നിർമിച്ച വീടിനും പുന്നപ്രയിലെ വീടിന്റെതന്നെ പേരിട്ടു. അതിൽ വി.എസിനായൊരു ഓഫീസൊരുക്കി. വരുന്നവർക്കിരിക്കാൻ ഏതാനും കസേരകൾ. അധികം വീതിയില്ലാത്തൊരു മേശ. അതിനരികിൽ െബംഗളൂരു ഇ.എം.എസ്. പഠനഗവേഷണ കേന്ദ്രം സമ്മാനിച്ച ‘റെഡ് സല്യൂട്ട് കോമ്രേഡ് വി.എസ്.’ എന്ന് ആലേഖനംചെയ്ത ആദരപത്രം. പിന്നൊരു ഛായാചിത്രവും വി.എസിന്റെ മുഖം തടിയിൽ കൊത്തിയ ശില്പവും. ചുമരലമാരകൾ നിറഞ്ഞ് പുസ്തകങ്ങൾ.
‘പക്ഷേ, പക്ഷാഘാതം തളർത്തിയതോടെ അച്ഛന് ആറു വർഷത്തിനിടെ ഒരിക്കൽപ്പോലും ഈ മുറിയിലൊന്നിരിക്കാനായില്ല’ -അരുണിന്റെ ശബ്ദത്തിൽ ഇടർച്ച. വി.എസ്. പോയിട്ട് എട്ടാം ദിവസമായിരുന്നു തിങ്കളാഴ്ച. മാരാരിക്കുളത്തെ തോൽവിക്കു ശേഷം തിരുവനന്തപുരത്തു വീടു കണ്ടെത്താൻ പാടുപെട്ടു. ചെറുന്നിയൂർ ശശിധരൻ നായരാണ് പേട്ട ഭഗത്‍സിങ് നഗറിലുള്ള തന്റെ പുതിയ വീട് പാലുകാച്ചിയതിനു തൊട്ടുപിന്നാലെ താമസിക്കാൻ നൽകിയത്.
കുട്ടിക്കാലത്ത് വല്ലപ്പോഴുമാണ് വരവെങ്കിലും അച്ഛനുള്ള വീട്ടിൽ ഉത്സവമാണെന്ന് അരുൺ ഓർക്കുന്നു. തെറ്റുകണ്ടാൽ വല്ലപ്പോഴും വഴക്ക്, ഒരടി -അത്രേയുള്ളൂ. അതെല്ലാം അപ്പോൾത്തന്നെ തീരും. പുസ്തകങ്ങൾ വായിച്ചുകേൾപ്പിക്കണം. ടീച്ചർമാർ എന്തെങ്കിലും എഴുതിയിട്ടുണ്ടോയെന്ന് നോട്ടുബുക്ക് പരിശോധിക്കും. മാർക്ക് അറിയിക്കണം. ‘ഒന്നു തീരുമാനിച്ചാൽ മുണ്ടും മടക്കിക്കുത്തി ഒരിറക്കമാണ്. രക്തസമ്മർദ്ദം വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നപ്പോഴും അച്ഛൻ കാടും മലയും കയറും. ഞങ്ങൾക്കു പേടിയായിരുന്നു. ആരോഗ്യം അച്ഛൻ ശ്രദ്ധിച്ചതേയില്ല. അതായിരുന്നു പേടിക്കു കാരണം’ -അരുൺകുമാർ പറഞ്ഞു.
സിപിഎം നേതാക്കളായ എം.വി.ഗോവിന്ദൻ, എസ്.ആർ.പി., മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി.ശ്രേയാംസ് കുമാർ തുടങ്ങിയവർ തിങ്കളാഴ്ച വീട്ടിലെത്തി. ഉച്ചയോടെ അരുൺ ഓഫീസിലേക്കു പോയി. രണ്ടു ദിവസം കഴിഞ്ഞ് പുന്നപ്രയിലേക്കു പോകുന്നുണ്ട്.
Content Highlights: VS Achuthanandan's Legacy: A Son's Reflection in a Vacant Room