വി.എസിന്റെ ഭൂമിദാന കേസ്‌: നടരാജനെതിരായ നടപടി പിൻവലിക്കാൻ ഗവർണറുടെ കത്ത്‌, വാദം കേൾക്കും

കെ നടരാജന്‍/ വി.എസ് അച്യുതാനന്ദന്‍ | Photo: Mathrubhumi
കെ നടരാജന്‍/ വി.എസ് അച്യുതാനന്ദന്‍ | Photo: Mathrubhumi

ന്യൂഡല്‍ഹി: വിവരാവകാശ കമ്മീഷണര്‍ കെ. നടരാജനെതിരായ നടപടി പിന്‍വലിക്കാന്‍ അനുമതി തേടി ഗവര്‍ണറുടെ സെക്രട്ടറി സുപ്രീം കോടതിക്ക് കത്ത് നല്‍കി. എന്നാല്‍, കത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം നടപടി പിന്‍വലിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കേസില്‍ വിശദമായ വാദം കേള്‍ക്കാനും സുപ്രീം കോടതി തീരുമാനിച്ചു.

വി.എസ്, അച്യുതാനന്ദന്‍ പ്രതിയായിരുന്ന അനധികൃത ഭൂമിദാന കേസ് അന്വേഷിച്ച വിജിലന്‍സ് ഉദ്യോഗസ്ഥനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് നടരാജനെതിരെ നടപടിയെടുത്തത്. 2010-ല്‍ വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ തന്റെ ബന്ധുവായ ആലപ്പുഴ സ്വദേശി ടി.കെ, സോമന് അനധികൃതമായി 2.33 ഏക്കര്‍ ഭൂമി പതിച്ച് നല്‍കാന്‍ ഉത്തരവിട്ടതിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വി.എസ്. ആയിരുന്നു ഒന്നാം പ്രതി. 

വിജിലന്‍സ് അന്വേഷണത്തില്‍ മുന്‍ ഡിഐജിയും വിവരാവകാശ കമ്മീഷനിലെ അംഗവും ആയിരുന്ന കെ. നടരാജന്‍ ഇടപെട്ടിരുന്നു എന്നതിന്റെ തെളിവുകള്‍ പിന്നീട് പുറത്ത് വന്നിരുന്നു.  കേസ് അന്വേഷിച്ച വിജിലന്‍സ് ഡിവൈഎസ്പി വി.ജി. കുഞ്ഞനെ വിവരാവകാശ കമ്മീഷണര്‍ കെ. നടരാജന്‍ ഫോണില്‍ ഇരുപതോളം തവണ വിളിച്ച് വി.എസിനെ കുറ്റവിമുക്തനാക്കാന്‍ ആവശ്യപ്പെട്ടിരുന്നു എന്നതിന്റെ രേഖകളാണ് പുറത്ത് വന്നത്. തുടര്‍ന്ന് നടരാജനെ വിവരാവകാശ കമ്മീഷണര്‍ സ്ഥാനത്തുനിന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.

Content Highlights: vs achuthanandan case governor demands withdrawal of action against natarajan