വിഴിഞ്ഞത്ത് വീണ്ടും ക്രുചെയിഞ്ച്; ജോലിസമയം കഴിഞ്ഞ ജീവനക്കാരെ കപ്പലിൽ നിന്ന് കരയിലെത്തിച്ചു

വിഴിഞ്ഞം: കേരളാ മാരിടൈം ബോർഡിന്റെ നിയന്ത്രണത്തിലുളള വിഴിഞ്ഞം തുറമുഖത്ത് വീണ്ടും ക്രൂചേഞ്ചിങ് ആരംഭിച്ചു. ചൈനയിൽ നിന്ന് സിങ്കപ്പൂരിലേക്ക് എൽ.പി.ജിയുമായി പോയ എം.വി.നെക്‌സർ എന്ന കപ്പലിലെ ജീവനക്കാരന് ശാരിരീക അസ്വസ്ഥയുണ്ടായതിനെ തുടർന്ന് കപ്പലിനെ വിഴിഞ്ഞത്തെ പുറംകടലിലെത്തിച്ചിരുന്നു. തുടർന്ന് കോസ്റ്റുഗാർഡിന്റെ ചെറുകപ്പലിന്റെ സഹായത്തോടെ ജീവനക്കാരനെ കരയിലെത്തിച്ച് ആശുപത്രിയിലാക്കിയിരുന്നു.
ഈ കപ്പലിലുണ്ടായിരുന്ന ഇന്ത്യാക്കാരായ മൂന്ന് ജീവനക്കാരെ ഇമിഗ്രേഷൻ നടപടികൾ പാലിച്ച് കരയിലെത്തിച്ചിരുന്നു. ഇവർക്ക് പകരം മൂന്നുപേരെ തിരികെ കപ്പലിലും എത്തിച്ചു. ജോലിസമയം കഴിഞ്ഞ ജീവനക്കാരെ കപ്പലിൽ നിന്ന് കരയിലേക്കും അവർക്ക് പകരം ജീവനക്കാരെ കപ്പലിലേക്ക് കയറ്റുന്നതുമാണ് ക്രൂചെയിഞ്ചിങ്.
ശനിയാഴ്ച രാവിലെ പത്തോടെ ബോർഡിന്റെ ധ്വനി എന്ന ടഗ്ഗുപയോഗിച്ച്വിഴിഞ്ഞം തുറമുഖ പർസർ എസ്. വിനുലാൽ, അസിസ്റ്റന്റ് കൺസർവ്വേറ്റർ എം.എസ്. അജീഷ് എന്നിവരുടെ നേത്യത്വത്തിലാണ് ക്രൂചെയിഞ്ചിങ് നടത്തിയത്. തിരുവനന്തപുരം ആസ്ഥാനമായിട്ടുള്ള വാട്ടർലൈൻ ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക്‌സ് കമ്പനിയാണ് കപ്പലിലെ ജീവനക്കാരെ വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചത്. കപ്പലിലെ ജീവനക്കാർക്ക് ആവശ്യമായ ഓക്‌സിജൻ സിലിണ്ടറുകൾ, പ്രൊവിഷൻ സാധനങ്ങൾ, 2000 ലിറ്റർ ല്യൂബ് ഓയിൽ എന്നിവയും എത്തിച്ച് നൽകിയിരുന്നു.
Content Highlights: Crew change operations at Vizhinjam port resumed as a ship from China required medical assistance for a crew member en route to Singapore.