സുഖമായുറങ്ങിയ വിശ്വംഭരന്‍, ഉറക്കംവരാത്ത സുഗുണന്‍; ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ 'ഒറ്റയക്ക'ത്തിൽ രണ്ടുപേർ

#ഇ.ആതിര/രാജേഷ് രവീന്ദ്രൻ
വിഷു ബംബർ ഒന്നാം സമ്മാനത്തിന് അർഹനായ വിശ്വംഭരൻ, ഒന്നാം സമ്മാനം നേടിയ ടിക്കറ്റിന്റെ അതേ സീരീസിലെ നമ്പരുകളിൽ അവസാനിക്കുന്ന രണ്ടു ടിക്കറ്റ് എടുത്ത സുഗുണൻ
വിഷു ബംബർ ഒന്നാം സമ്മാനത്തിന് അർഹനായ വിശ്വംഭരൻ, ഒന്നാം സമ്മാനം നേടിയ ടിക്കറ്റിന്റെ അതേ സീരീസിലെ നമ്പരുകളിൽ അവസാനിക്കുന്ന രണ്ടു ടിക്കറ്റ് എടുത്ത സുഗുണൻ

ആലപ്പുഴ: വിഷു ബമ്പർ നറുക്കെടുപ്പിൽ കൈതവനയിൽ നിന്നെടുത്ത ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനമെന്നറിഞ്ഞപ്പോൾത്തന്നെ പഴവീട് പ്ലാംപറമ്പിൽ വിശ്വംഭരന് ഏതാണ്ടുറപ്പായിരുന്നു, ഭാഗ്യവാൻ താനായിരിക്കും. എങ്കിലും സുഖമായി കിടന്നുറങ്ങി. രാവിലെ വിശ്വംഭരൻ ഉറപ്പിച്ചുപറഞ്ഞു: ‘ഞാനാണ് ആ ഭാഗ്യവാൻ’

രാവിലെ നേരേ പോയത് ലോട്ടറിയെടുത്ത കൈതവന തൃക്കാർത്തിക ഏജൻസിയിലേക്കാണ്. ടിക്കറ്റു വിറ്റ ജയലക്ഷ്മിയും ഏജന്റ് അനിൽകുമാറും അവിടെയുണ്ടായിരുന്നു. വിശ്വംഭരന് നാലഞ്ചുവർഷമായുള്ള ശീലമാണു ലോട്ടറിയെടുപ്പ്. 5,000 രൂപവരെ അടിച്ചിട്ടുണ്ടെങ്കിലും ഇത്രവലിയ തുക ആദ്യം.

ചൊവ്വാഴ്ച സ്ത്രീശക്തി ലോട്ടറിയിൽ 5,000 രൂപ കിട്ടിയതിനു പിറ്റേന്നാണ് വിശ്വംഭരനെത്തേടി വീണ്ടും ഭാഗ്യമെത്തിയത്. വ്യാഴാഴ്ച സഹോദരിയുടെ മരുമകൾ ഇന്ദുവിനൊപ്പം ഫെഡറൽ ബാങ്ക് മുല്ലയ്ക്കൽ ശാഖയിലെത്തി ഡെപ്യൂട്ടി വൈസ് പ്രസിഡന്റും ബ്രാഞ്ച് ഹെഡ്ഡുമായ എൽ.എസ്. ജിഷയ്ക്ക് ഇരു ടിക്കറ്റുകളും കൈമാറി.

രണ്ടു കടകളിൽനിന്നായി ബമ്പർ ടിക്കറ്റെടുത്തിരുന്നു. ഒന്ന് സഹോദരി സുമതിയുടെ കൈയിൽ സൂക്ഷിക്കാനേൽപ്പിച്ചു. ആ ടിക്കറ്റിനാണ് സമ്മാനമടിച്ചത്. ‘കാശിനല്ലെങ്കിലും ഇനിയും ടിക്കറ്റെടുക്കും. കച്ചവടക്കാർക്ക് അതിലൂടെ എന്തെങ്കിലുമാകുമല്ലോ...’- വിശ്വംഭരൻ പറഞ്ഞു.

സി.ആർ.പി.എഫ്. വിമുക്തഭടനാണ് വിശ്വംഭരൻ. 20 വർഷത്തെ സേവനത്തിനുശേഷം ലാൻസ്‌ നായിക് പദവിയിലിരിക്കേ, സ്വയംവിരമിച്ചു. കുറെക്കാലം എറണാകുളത്ത് സൗത്ത് ഇന്ത്യൻ ബാങ്കിൽ സുരക്ഷാ ജീവനക്കാരനായിരുന്നു. കോവിഡ് വന്നതോടെ അതു നിർത്തി.

വലിയ ആഗ്രഹങ്ങളൊന്നുമില്ല വിശ്വംഭരന്. ആവശ്യക്കാരെ സഹായിക്കണം. പക്ഷേ, മദ്യപർക്ക് ഒരുപൈസപോലും കൊടുക്കില്ലെന്നു വിശ്വംഭരൻ തീർത്തുപറഞ്ഞു. പെൻഷൻ തുകകൊണ്ട് ഹരിപ്പാട് താമല്ലാക്കലിൽ വീടു പണിതിട്ടുണ്ട്. ഭാര്യ പ്രസന്നകുമാരി അവിടെയാണ്. ഹരിപ്പാട്ടെ വീട്ടിലും പഴവീടുള്ള കുടുംബവീട്ടിലും മാറിമാറിയാണു താമസം. മക്കളുടെ വിവാഹം കഴിഞ്ഞു. മൂത്തമകൾ വീണ തിരുവനന്തപുരം െടക്നോപാർക്കിൽ ജീവനക്കാരിയാണ്. ഇളയമകൾ വിദ്യ ഹരിപ്പാട് സ്കൂളിൽ അധ്യാപികയും. സഹോദരിയും കുടുംബവുമാണ് കുടുംബവീട്ടിലുള്ളത്.

‘മക്കളാണ് സമ്മാനത്തുകയ്ക്ക് അവകാശികൾ. നമ്മൾ കഷ്ടപ്പെട്ടതുപോലെ അവർ കഷ്ടപ്പെടരുത്. കുടുംബസ്വത്തൊന്നും ഇനി വേണ്ടാ. ആഡംബര ജീവിതം ശീലിച്ചിട്ടുമില്ല. ഇനിയും അങ്ങനെയൊക്കെത്തന്നെയാകും’ -വിശ്വംഭരൻ പറഞ്ഞു, വിനയപൂർവം.

സുഗുണൻ പറഞ്ഞു- ഉറങ്ങിയതേയില്ല; ഒരിക്കൽ ഞാനും ചിരിക്കും, ഒരു ബമ്പർ ചിരി

ആലപ്പുഴ: ‘ബുധനാഴ്ച രാത്രി ഒരുപോള കണ്ണടച്ചിട്ടില്ല. വിഷു ബമ്പറിന്റെ ഒന്നാം സമ്മാനമായ 12 കോടി രൂപ ഒറ്റ നമ്പറിനാണു പോയത്. പിന്നെങ്ങനെ ഉറക്കം വരും? നേരം പുലർന്നപ്പോൾ ഒരുപാടുപേർ ആശ്വാസിപ്പിക്കാനെത്തി. ഭാഗ്യം അരികെയുണ്ടെന്ന അവരുടെ വാക്കുകളാണ് സങ്കടം കുറച്ചത്. എനിക്കുറപ്പുണ്ട്, ഒരിക്കൽ ഞാനും ചിരിക്കും, ഒരു ബമ്പർ ചിരി’- ആലപ്പുഴ വടശ്ശേരിയിലെ വാടകവീട് മഴ മുക്കിയപ്പോഴും ഭാഗ്യദേവത എപ്പോഴെങ്കിലും തന്നെ തേടിവരുമെന്ന പ്രതീക്ഷയിലാണ് സുഗുണൻ എന്ന അറുപതുകാരൻ.

ഒന്നാം സമ്മാനം നേടിയ വി.സി. 490987 എന്ന ടിക്കറ്റിന്റെ അതേ സീരീസിലെ 86, 88 നമ്പരുകളിൽ അവസാനിക്കുന്ന രണ്ടു ടിക്കറ്റാണ് സുഗുണൻ വാങ്ങിയത്. ഇതിനിടയിലെ ടിക്കറ്റ് വിറ്റുപോയിരുന്നു. നറുക്കെടുപ്പു നടന്ന ബുധനാഴ്ചതന്നെ സുഗുണൻ ടിക്കറ്റ് പരിശോധിച്ചു. ‘ഒറ്റനമ്പരിനു ഭാഗ്യം കൈവിട്ടുപോയി. സങ്കടം സഹിക്കാനായില്ല. എങ്ങനെയാണ് നേരം വെളുപ്പിച്ചതെന്ന് അറിയില്ല’- സുഗുണൻ പറഞ്ഞു.

ഒന്നാംസമ്മാനം നേടിയ വിശ്വംഭരനെ സുഗുണനു പരിചയമുണ്ട്. ഇരുവരും സ്ഥിരമായി ആലപ്പുഴ തിരുവമ്പാടിയിലെ ജയലക്ഷ്മിയിൽ നിന്നാണു ടിക്കറ്റെടുക്കാറ്. സുഗുണന് 5,000 രൂപവരെയുള്ള സമ്മാനങ്ങൾ പലപ്പോഴായി കിട്ടിയിട്ടുണ്ട്. ദിവസം 200 രൂപയിലധികം ടിക്കറ്റിനായി ചെലവിടാറില്ല.

അമേരിക്കയിലെ മലയാളിയുടെ വീടു നോക്കിനടത്തുന്ന ജോലിയാണു സുഗുണന്. സ്വന്തമായി വീടില്ല. 24 വർഷമായി വാടകവീട്ടിലാണ്. മൂത്തമകൻ അഖിൽ ഇപ്പോൾ എം.ബി.എ. ജയിച്ചു. പക്ഷേ, ജോലിയായിട്ടില്ല. ഇളയമകൻ അർജുനെ എങ്ങനെയും വിദേശത്ത് അയക്കണം. വീടു പണിയണം. അതുകൊണ്ടുതന്നെ ഭാഗ്യക്കുറി എടുത്തുകൊണ്ടേയിരിക്കുമെന്ന് സുഗുണൻ പറയുന്നു.

Content Highlights: vishu bumber winner and the one lost shares experience