ബിജെപിക്കൊപ്പം നടന്ന് കാല് തേഞ്ഞു, മുന്നണിമാറ്റം ബിഡിജെഎസ് ആലോചിക്കട്ടെ- വെള്ളാപ്പള്ളി

ആലപ്പുഴ: ഇടതുപക്ഷത്തിന്റെ കൂടെയുള്ളവർക്കെല്ലാം എംഎൽഎയും എംപിയും കോർപ്പറേഷൻ സ്ഥാനവുമെല്ലാം കൊടുക്കുമ്പോൾ ബിജെപിക്കൊപ്പം പത്ത് കൊല്ലം നടന്നിട്ട് എന്തുകിട്ടിയെന്ന് ബിഡിജെഎസ് ആലോചിക്കട്ടെയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബിഡിജെഎസ് സ്ഥാനാർഥികൾക്ക് സവർണർ വോട്ട് ചെയ്യില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു. നടന്നു കാല് തേഞ്ഞതല്ലാതെ ബിജെപിക്കൊപ്പം നടന്നിട്ട് ബിഡിജെഎസ് ഒന്നും കിട്ടിയില്ല. മുന്നണി മാറ്റം അവർ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുന്നണി മാറ്റം സംബന്ധിച്ച് ബിഡിജെഎസിൽ രണ്ട് അഭിപ്രായമാണ്. ബിജെപിക്കൊപ്പം തുടരണമെന്ന് അഭിപ്രായമുള്ളവരും ഇടതുപക്ഷത്തിനൊപ്പം പോകണമെന്ന് ആഗ്രഹിക്കുന്നവരും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ ബിഡിജെഎസുകാരനല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എൻഡിപി യോഗത്തിനകത്ത് ബിഡിജെഎസുകാരൻ തൊട്ട് നക്‌സൽ വരെയുണ്ട്. അവരുടെ രാഷ്ട്രീയ തീരുമാനങ്ങളിൽ താൻ ഇടപെടാറില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
Content Highlights: SNDP General Secretary Vellapally Natesan criticizes BDJS for gaining nothing with BJP after 10 years,