വീണാ ജോർജിനെ ആക്രമിച്ച കേസ്; മൊഴി തിരുത്താൻ പി. ശശി ഇടപെട്ടെന്ന് ആരോപണം

പത്തനംതിട്ട: കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ ഫെബ്രുവരിയിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെ കെ.എസ്.യു. പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ ഗൺമാൻ നൽകിയ മൊഴി തിരുത്തിയെന്ന് ആരോപണം. മാരകായുധംകൊണ്ട് ആക്രമിച്ചു എന്ന് മൊഴി തിരുത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി ഇടപെട്ടാണെന്ന് വീണയുടെ അടുത്തബന്ധു ആരോപിച്ചു.
വീണയ്ക്കെതിരേ, ഈ നേതാവിന്റെ ഇതുപോലുള്ള ഇടപെടലുകൾ ശക്തമാകുന്നതിനാലാണ് തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന് ഭർത്താവ് ആവശ്യപ്പെട്ടതെന്നും പേര് പുറത്തുപറയരുതെന്ന നിബന്ധനയോടെ ബന്ധു മാതൃഭൂമിയോട് വെളിപ്പെടുത്തി.
വെളിപ്പെടുത്തലിലെ പ്രസക്തഭാഗങ്ങൾ
“സംഭവമുണ്ടായപ്പോൾ പരാതി വേണ്ടെന്ന് വീണ പറഞ്ഞിരുന്നു. പക്ഷേ, പോലീസിന് കേസെടുക്കാതെ പറ്റില്ലെന്ന് ഗൺമാൻ പറഞ്ഞു. അങ്ങനെയാണ് ഗൺമാൻ മൊഴികൊടുത്തത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി, സംഘംചേർന്ന് ചാടിവീണു എന്നായിരുന്നു മൊഴി. എന്നാൽ, ഈ മൊഴി മാറ്റി, മാരാകായുധംകൊണ്ട് ആക്രമിച്ച് വധിക്കാൻ ശ്രമിച്ചു എന്നതരത്തിലാക്കാൻ പി. ശശി നിർദേശിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് വീണയുടെ വീട്ടിലെത്തിയ കണ്ണൂർ പോലീസിനെ അവർ ഈ വിവരങ്ങൾ ധരിപ്പിച്ചിരുന്നു. മാരകായുധം ഉപയോഗിച്ച് ആക്രമിച്ചെന്ന രീതിയിൽ കേസ് വേണ്ടെന്നും പോലീസിനോട് പറഞ്ഞിട്ടുണ്ട്.
മന്ത്രിക്കുനേരേ ആക്രമണമുണ്ടായി എന്ന് വരുത്തിത്തീർത്ത് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് നടന്നത്. പിണറായി വിജയൻ അറിയാതെ നടന്നതാണിത്. എന്നാൽ, വീണ കള്ളം പറയുന്നെന്നും നാടകം കളിക്കുന്നെന്നുമുള്ളതിലേക്കാണ് ഇതെത്തിയത്. ആറൻമുളയിലെ തോൽവിയായിരുന്നു ഫലം.
വീണയെ പിന്തുണച്ചിരുന്ന സ്ത്രീകൾ വലിയതോതിൽ എതിരായി. ആക്രമണമുണ്ടായപ്പോൾ ഐ.സി.യുവിൽ പ്രവേശിപ്പിക്കേണ്ട സ്ഥിതി ഇല്ലായിരുന്നു. പക്ഷേ, എല്ലാം മറ്റുചിലർ ആസൂത്രണംചെയ്ത മാതിരി പോകുന്നതു കണ്ടപ്പോൾ ഭർത്താവ് ഇടപെട്ടാണ്, പുലർച്ചെ നാലിന് ഡിസ്ചാർജ് വാങ്ങി നാട്ടിലേക്ക് മടങ്ങിയത്”.
ആരുമായും സംസാരിച്ചിട്ടില്ല -പി. ശശി
വീണാ ജോർജിനെ അക്രമിച്ച സംഭവത്തിൽ ആരുമായും സംസാരിച്ചിട്ടില്ലെന്ന് പി. ശശി മാതൃഭൂമിയോട് പറഞ്ഞു. ഒരു വസ്തുതയുമില്ലാത്ത ആരോപണങ്ങളാണ് തനിക്കെതിരേ ഉയരുന്നത്. പോലീസ് കേസെടുത്തിട്ടുണ്ട്. അവർ അന്വേഷിക്കുന്നുണ്ടല്ലോ -അദ്ദേഹം പറഞ്ഞു.
Content Highlights: New allegations surface in the Veena George attack case.