52 കൊല്ലം മുൻപ് പഠിപ്പിച്ച ടീച്ചറെ കാണാനെത്തി മുഖ്യമന്ത്രി; അദ്ദേഹത്തിന്റേത് വിവേകത്തിന്റെ മൂല്യമെന്ന് അധ്യാപിക

വൈക്കം (കോട്ടയം): വിശ്രമസങ്കേതത്തിൽ കഴിയുന്ന അധ്യാപികയുടെ ക്ഷേമാന്വേഷണങ്ങളുമായി, ശിഷ്യനായ മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തി. 52 വർഷം മുൻപ് യു.പി. സ്കൂളിൽ തന്നെ പഠിപ്പിച്ച സതി ടീച്ചറെ ചേർത്തുപിടിച്ചു. അരനൂറ്റാണ്ടിന്റെ അകലം അലിഞ്ഞില്ലാതായി. ബഹുമാനവും കരുതലും നിറഞ്ഞ ഹൃദ യബന്ധത്തിന്, ഒപ്പമുള്ളവർ സാക്ഷികളായി.
വി.ഡി. സതീശൻ നെട്ടൂർ സരസ്വതിവിലാസം യു.പി. സ്കൂളിൽ ആറാംക്ലാസ് വിദ്യാർഥിയായിരിക്കേ, ക്ലാസ് ടീച്ചറായിരുന്നു സതി. ഹിന്ദി അധ്യാപിക. വൈക്കത്ത് നേരേകടവ്-മാക്കേ കടവ് പാലത്തിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മുഖ്യമന്ത്രി. അപ്പോഴാണ്, കൊച്ചങ്ങാടി ആഞ്ജനേയമഠം ക്ഷേത്രംവക ആഞ്ജനേയ ചാരിറ്റബിൾ ട്രസ്റ്റിന്റെ വിശ്രമസങ്കേത്തിൽ തന്റെ ആദ്യകാല അധ്യാപിക കഴിയുന്ന വിവരം അറിയുന്നത്.
ടീച്ചർക്ക് 79 വയസ്സായി. മുറിയിൽ മറ്റാരെയും പ്രവേശിപ്പിക്കാതെ അരമണിക്കൂറിലധികം ടീച്ചറും മുഖ്യമന്ത്രിയും സംസാരിച്ചു. '52 വർഷം മുൻപ് അധ്യാപികയായിരുന്ന എനിക്കുവേണ്ടി സതീശൻ സമയം ചെലവഴിച്ചത് അദ്ദേഹത്തിന്റെ വിവേകത്തിന്റെ മൂല്യമാണ്. അതിൽ അഭിമാനവും സന്തോഷവുമുണ്ട്' -ടീച്ചർ പറഞ്ഞു.
ആഞ്ജനേയമഠത്തിലെത്തിയ മുഖ്യമന്ത്രിയെ മഠാധിപതി രാമചന്ദ്രസ്വാമി, സെക്രട്ടറി പി. ബാലകൃഷ്ണപിള്ള, പ്രസിഡന്റ് കെ. പ്രകാശൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. വിശ്രമസങ്കേതത്തിൽ കഴിയുന്ന അന്തേവാസികൾക്ക് മുഖ്യമന്ത്രി ആശ്വാസവും പിന്തുണയും നൽകി. ആരോരുമില്ലാത്തവർക്ക് മഠാധിപതി രാമചന്ദ്രസ്വാമിയുടെ കരുതൽ ശ്ലാഘനീയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: Chief Minister VD Satheesan visited his former 6th-grade Hindi teacher, K. Sathi., The emotional reunion took place at an old age home in Vaikom after 52 years., The CM spent over half an hour privately with the 79-year-old teacher., The visit happened during the CM's trip to Vaikom for a bridge inauguration.