‘വിജയത്തിൽ ലീഗ് നിർണായക പങ്കുവഹിച്ചു, വിദ്വേഷ പ്രചരണത്തിനെതിരേ ഒത്തുതീർപ്പിനില്ല, വർഗീയത പറയരുത്’

#ന്യൂസ് ഡെസ്ക്
വി.ഡി. സതീശൻ | Photo: PTI
വി.ഡി. സതീശൻ | Photo: PTI

തിരുവനന്തപുരം: വിദ്വേഷ പ്രചരണത്തിനെതിരേ ഒരു ഒത്തുതീർപ്പിനുമില്ലെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. മതേതര നിലപാടിൽ ഉറച്ചുനിൽക്കുമെന്നും വരാനിരിക്കുന്ന തലമുറകൾ സൗഹാർദത്തോടെ ജീവിക്കുന്ന കേരളത്തെ തകർക്കാൻ ഒരു ശക്തികളെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘തിരഞ്ഞെടുപ്പ് കാലത്തും ബിജെപി വർഗീയ പ്രചരണമാണ് നടത്തിയത്. യുഡിഎഫിലെ പ്രധാന ഘടകകക്ഷിയാണ് മുസ്ലീംലീഗ്. യുഡിഎഫ് വിജയത്തിലും അവർ നിർണായക പങ്ക് വഹിച്ചു. കെ. കരുണാകരന്റെ കാലം മുതൽക്കെ യുഡിഎഫിനൊപ്പം ലീഗ് ഉണ്ട്. വിദ്വേഷ കാമ്പയിൻ നടത്തി സമൂഹത്തിൽ വിഭജനം ഉണ്ടാക്കാനാണ് ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത്. ഇന്ത്യൻ യൂണിയൻ മുസ്ലീംലീഗ് ദുർബലമായാൽ ആ സ്‌പേസ് വർഗീയ ശക്തികൾ കൊണ്ടുപോകും. അതിനെ തടുത്ത് നിർത്തുന്ന രാഷ്ട്രീയ പാർട്ടിയാണ് ഇന്ത്യൻ യൂണിയൻ മുസ്ലീംലീഗ്. ലീഗിനെ എതിർക്കുന്നവർ അത് മനസിലാക്കണം. വിദ്വേഷ പ്രചരണത്തിനെതിരെ ഒരു ഒത്തുതീർപ്പിനുമില്ല. മതേതര നിലപാടിൽ ഉറച്ചു നിൽക്കും. തിരഞ്ഞെടുപ്പ് കാലത്ത് പോലും വർഗീയതയുമായി കോംപ്രമൈസ് ചെയ്തിട്ടില്ല. കേരളത്തെ ഭിന്നിപ്പിക്കാൻ അനുവദിക്കില്ല. വരാനിരിക്കുന്ന തലമുറകൾ സൗഹാർദത്തോടെ ജീവിക്കുന്ന കേരളത്തെ തകർക്കാൻ ഒരു ശക്തികളെയും അനുവദിക്കില്ല. എന്ത് വില കൊടുത്തും അതിനെ എതിർക്കും’- വി.ഡി. സതീശൻ പറഞ്ഞു.

‘സാമുദായിക സംഘടനകൾ എനിക്കെതിരെ പറയട്ടെ. വ്യക്തിപരമായി എന്നെ ഇഷ്ടമല്ലാത്തവരുണ്ടാകും. പക്ഷെ വർഗീയത പറയരുത്. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ബിജെപി വിദ്വേഷം പ്രചരിപ്പിക്കുകയാണ്. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതൊന്നും കേരളത്തിൽ അനുവദിക്കില്ല. ഞങ്ങളുടേത് മതേതര കേരളമെന്ന പ്രഖ്യാപനമാണ് ഈ തിരഞ്ഞെടുപ്പിൽ കേരളം രാജ്യത്തോട് നടത്തിയിരിക്കുന്നത്. അതിൽ ഒരു പോറൽ ഏൽപ്പിക്കാൻ പോലും അനുവദിക്കില്ല’- അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ധന വില വർധന സാധാരണക്കാരിൽ ഉണ്ടാക്കുന്ന ആഘാതം കുറയ്ക്കാൻ എന്ത് ചെയ്യാൻ കഴിയുമെന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് യുഡിഎഫ് യോഗം ചർച്ച ചെയ്യും. കെ.സി. വേണുഗോപൽ, രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷൻ ഉൾപ്പെടെയുള്ളവരുമായി കോൺഗ്രസിലെ മന്ത്രി സ്ഥാനം സംബന്ധിച്ചും ചർച്ച നടത്തും. മന്ത്രിസഭയിൽ നല്ല ടീം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: VD Satheesan reaffirms zero tolerance toward hate campaigns., Strong defense of the Indian Union Muslim League as a secular ally., Commitment to protecting Kerala's social harmony against communal forces., Initial discussions on cabinet formation and fuel price relief underway.