മാരത്തൺ ചർച്ച കഴിഞ്ഞു; ടീം റെഡി, സത്യപ്രതിജ്ഞ നാളെ സെൻട്രൽ സ്റ്റേഡിയത്തിൽ

തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സർക്കാർ നാളെ രാവിലെ 10 മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേകർ സത്യവാചകം ചൊല്ലിക്കൊടുക്കും. 20 അംഗ മന്ത്രിസഭയുടെ പട്ടിക നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ വൈകീട്ട് അഞ്ചുമണിക്ക് ശേഷം രാജ്ഭവനിലെത്തി ഗവർണർക്ക് കൈമാറിയിരുന്നു. തുടർന്ന് ആറുമണിയോടെ ക്ലിഫ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വി.ഡി സതീശൻ മന്ത്രിമാർ ആരൊക്കെയെന്ന് മാധ്യമങ്ങളോട് വിശദീകരിച്ചു.
തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ദേശീയ നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ പങ്കെടുക്കും. കൂടാതെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിക്കാൻ തലസ്ഥാനത്തെത്തും. സത്യപ്രതിജ്ഞ നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിൽ കൂറ്റൻ വേദിയാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ അവസാനഘട്ട മിനുക്ക് പണികൾ രാത്രിയിലും തുടരുകയാണ്.
ദീർഘനേരം നീണ്ടുനിന്ന ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് 20 അംഗ മന്ത്രിമാരുടെ പട്ടിക തയ്യാറായത്. അധികാരമേൽക്കുന്നതിന് മുന്നോടിയായി തന്റെ ഭരണശൈലി വ്യക്തമാക്കുന്ന നിലപാടുകൾ വി.ഡി. സതീശൻ പങ്കുവെച്ചു. സാധാരണയായി മുഖ്യമന്ത്രിമാർക്ക് ലഭിക്കാറുള്ള 30-ഓളം വാഹനങ്ങളുടെ അകമ്പടി താൻ ഒഴിവാക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള ആളാണെങ്കിലും, വലിയ വാഹനവ്യൂഹം റോഡിലിറങ്ങുന്നത് ജനങ്ങളിൽ നിരാശയും ദേഷ്യവും ഉണ്ടാക്കുമെന്ന് താൻ കരുതുന്നതായി അദ്ദേഹം പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത രീതിയിലുള്ള ഒരു ലളിതമായ സുരക്ഷാ സംവിധാനമായിരിക്കും താൻ പിന്തുടരുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഒട്ടേറെ തർക്കങ്ങൾക്കും സമ്മർദ്ദങ്ങൾക്കും ഇടയിലും അതിവേഗം മന്ത്രിസഭയെ പ്രഖ്യാപിക്കാൻ കഴിഞ്ഞത് പുതിയ സർക്കാരിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതാണെന്നും സതീശൻ പറഞ്ഞു.
Content Highlights: VD Satheesan to be sworn in as Kerala Chief Minister at 10 AM., 20-member cabinet finalized after extensive discussions., National leaders Rahul Gandhi and Priyanka Gandhi to attend., Satheesan commits to a simplified security protocol, reducing vehicle escorts., Ceremony held at Thiruvananthapuram Central Stadium.