ഒറ്റയ്ക്ക് പടവെട്ടി വന്നവൻ ഒരു ജനതയുടെ പ്രതീക്ഷയായി മാറി, കോൺഗ്രസ് വഴങ്ങി

തിരുവനന്തപുരം: ‘‘ഞാൻ ഒറ്റയ്ക്കാണ്, എന്നും ഒറ്റയ്ക്കാണ്’’ -2011ൽ ഉമ്മൻചാണ്ടി സർക്കാരിൽ മന്ത്രിസ്ഥാനത്തേക്കുപോലും പരിഗണിക്കപ്പെടാതെ അകറ്റിനിർത്തപ്പെട്ട വി.ഡി. സതീശൻ അന്ന് പറഞ്ഞ വാക്കുകളാണിത്. പാർട്ടിയിൽ ഒറ്റയ്ക്കായാലും തന്നെ വിശ്വസിക്കുന്ന ഒരുപാടുപേർ കൂടെയുണ്ടെന്ന് സതീശന് ബോധ്യപ്പെടാൻ പിന്നെയും ഒന്നരപ്പതിറ്റാണ്ട് കഴിയേണ്ടിവന്നു. ഒറ്റയ്ക്കുനടന്ന ഒരാൾ, ഒരു ജനതയുടെ പ്രതീക്ഷയായി മാറുന്നതും അതിന് കോൺഗ്രസ് പാർട്ടിക്ക് വഴങ്ങേണ്ടിവരുകയും ചെയ്യുന്ന അപൂർവതയാണ് സതീശന്റെ മുഖ്യമന്ത്രിപദവി നൽകുന്ന കാഴ്ച.
ഗ്രൂപ്പുകളുടെ കളത്തിലല്ലാതെ കേരളത്തിലെ കോൺഗ്രസ് ചരിത്രം പറയാനാകില്ല. ഐ ഗ്രൂപ്പിന്റെയും മൂന്നാം ഗ്രൂപ്പിന്റെയും കളത്തിനുള്ളിൽ സതീശനുമുണ്ടായിരുന്നു. പക്ഷേ, ഗ്രൂപ്പ് വാദത്തിന്റെ പേരാളിയായി ഒരിക്കലും നിന്നില്ല. പ്രതിപക്ഷനേതാവായപ്പോൾ ഇടതുപക്ഷത്തിന്റെ തുടർഭരണത്തിന് ചെക്കുവെക്കാൻ, ഗ്രൂപ്പിനെയും അനുയായികളെയും സൃഷ്ടിക്കാതെയാണ് പടനയിച്ചത്.
ചരിത്രവിജയം നേടി യു.ഡി.എഫ്. അധികാരത്തിലെത്തിയെങ്കിലും പടനയിച്ചവൻ നാടുനയിക്കില്ലെന്ന തോന്നൽ ശക്തമായി. ഇഷ്ടമുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കാൻ പതിവുതെറ്റിച്ച് കോൺഗ്രസ് പ്രവർത്തകർ തെരുവിൽ പ്രതിഷേധം ഉയർത്തി. ‘സംഘനൃത്തത്തിനിടയിൽ ഒറ്റയ്ക്ക് മോഹിനിയാട്ടം കളിക്കരു’തെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തിൽ രാഹുൽഗാന്ധി മുന്നറിയിപ്പുനൽകിയതാണ്. എന്നാൽ, മൂന്നിലൊന്ന് ഭൂരിപക്ഷത്തോടെ ജനങ്ങൾ യു.ഡി.എഫിനെ അധികാരത്തിലേറ്റിയപ്പോൾ, സംഘനൃത്തം ഉപേക്ഷിച്ച് നേതാക്കൾ മോഹിനിയാട്ടത്തിനിറങ്ങി. മുന്നറിയിപ്പ് നൽകിയ രാഹുൽഗാന്ധിപോലും മണിക്കൂറുകളോളം മരവിച്ചുനിന്നു. ഒടുവിൽ ഹൈക്കമാൻഡ് ജനകീയവികാരത്തെ മാനിച്ചു. സതീശൻ ജനനായകനായി.
കേഡർ പാർട്ടികൾ അധികാരശക്തിയായി നിലകൊള്ളുന്ന നാട്ടിൽ ഒരാൾക്കൂട്ടത്തെ പ്രതീക്ഷനൽകി കൂടെനിർത്തുന്ന മാജിക്കാണ് സതീശൻ നടത്തിയത്. ഗ്രൂപ്പ് സമവാക്യങ്ങളും പരമ്പരാഗത സോഷ്യൽ എൻജിനിയറിങ് രീതിയും അദ്ദേഹം തെറ്റിച്ചു. യുവാക്കളുടെ സ്വപ്നങ്ങൾകേട്ടു, വണ്ടിപ്രാന്തന്മാരുടെ ആവശ്യങ്ങളറിഞ്ഞു. വരാനിരിക്കുന്നത് പുതുയുഗപ്പിറവിയാണെന്ന് പ്രഖ്യാപിച്ചു.
2021-ൽ പ്രതിപക്ഷനേതാവിന്റെ കസേരയിലേക്ക് സതീശനെ ഹൈക്കമാൻഡ് നിയോഗിച്ചപ്പോൾ, സോണിയാഗാന്ധിക്കും രാഹുൽഗാന്ധിക്കും അദ്ദേഹം നൽകിയ ഉറപ്പ് ‘ഐ വിൽ ഗിവ് യു റിസൾട്ട്’ എന്നായിരുന്നു. ആ വാക്ക് പാലിച്ചു. പക്ഷേ, 102 സീറ്റെന്ന മഹാവിജയം സതീശന് ഉണ്ടാക്കിയത് വെല്ലുവിളികളുടെയും പരീക്ഷണങ്ങളുടെയും ദിവസങ്ങളാണ്.
ട്വിസ്റ്റുകൾ നിറഞ്ഞതാണ് സതീശന്റെ ജീവിതം. പനങ്ങാട് സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ കെ.എസ്.യു.വിനെ മനസ്സിൽക്കയറ്റിയതാണ്. വിദ്യാർഥിക്കാലത്തുതന്നെ അദ്ദേഹത്തിന്റെ നേതൃപാടവവും വാക്ചാതുരിയും നേതാക്കളെപ്പോലും ആകർഷിച്ചു. പക്ഷേ, കെ.എസ്.യു.-യൂത്ത്‌കോൺഗ്രസ് അധ്യക്ഷപദവിയിലേക്ക് പരിഗണിച്ചെങ്കിലും പടികയറ്റിയില്ല. സുപ്രീംകോടതിയിൽ ഭരണഘടനാവിഷയം കൈകാര്യം ചെയ്യുന്ന അഭിഭാഷകനായി മാറാൻ ആഗ്രഹിച്ച് സജീവരാഷ്ട്രീയത്തിൽനിന്ന് അദ്ദേഹം മെല്ലെ മാറിത്തുടങ്ങി. ജി. കാർത്തികേയനും രമേശ് ചെന്നിത്തലയുമാണ് സതീശനെ രാഷ്ട്രീയത്തിൽ പിടിച്ചുനിർത്തിയത്.
1996-ൽ ഇടതുകോട്ടയായ പറവൂരിലേക്ക് മത്സരിക്കാൻ അയച്ചപ്പോൾ, അദ്‌ഭുതങ്ങളൊന്നും കാണിക്കുമെന്ന പ്രതീക്ഷ ആർക്കുമുണ്ടായിരുന്നില്ല. അന്ന് തോറ്റിടത്തുനിന്ന് അദ്ദേഹം തുടങ്ങി. പിന്നെ ആറുതവണ തുടർച്ചയായി പറവൂരിലെ ജനങ്ങൾ വിജയിപ്പിച്ചു.
2006-ൽ വി.എസ്. സർക്കാരിന്റെ കാലത്ത് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ അംഗബലം കുറഞ്ഞ പ്രതിപക്ഷനിരയിൽ മൂർച്ചയുള്ള വാക്കും തെളിച്ചമുള്ള ശബ്ദവുമായി സതീശൻ തിളങ്ങി. സർക്കാരിനെ ചോദ്യമുനയിൽനിർത്തി 33 അടിയന്തര പ്രമേയങ്ങളാണ് അദ്ദേഹം അവതരിപ്പിച്ചത്.
2011-ൽ ഉമ്മൻചാണ്ടി സർക്കാർ അധികാരമേറ്റപ്പോൾ മന്ത്രിപദവി ഉറപ്പിച്ചനേതാവുകൂടിയായിരുന്നു സതീശൻ. പക്ഷേ, ഗ്രൂപ്പുകണക്കിൽ പേരുപോലും വരാതെ പുറത്തായി. ആ സർക്കാരിൽ ചെന്നിത്തല ആഭ്യന്തരമന്ത്രിയാകാൻ കെ.പി.സി.സി. പ്രസിഡന്റ്പദവിയൊഴിഞ്ഞപ്പോൾ സതീശനെയാണ് പരിഗണിച്ചത്. എന്നാൽ, ജൂനിയർ എന്ന ‘അയോഗ്യത’യിൽ സതീശൻ പുറത്തുനിന്നു. വി.എം. സുധീരൻ കെ.പി.സി.സി. പ്രസിഡന്റായി. ഒടുവിലത്തെ ട്വിസ്റ്റായിരുന്നു, പ്രതിപക്ഷനേതാവിന്റെ കസേരയിൽനിന്ന് മുഖ്യമന്ത്രിപദത്തിലേക്കുള്ള യാത്രയിൽ നിറഞ്ഞ സങ്കീർണതകൾ.
കെ.എസ്.യു.വിന്റെ നീലക്കൊടി ത്രിവർണമായി മാറ്റിപ്പിടിച്ചതല്ലാതെ ഒരിക്കൽപ്പോലും നിലപാടുകളിൽ സതീശന് ഇടർച്ചയുണ്ടായിട്ടില്ല. ‘കേരളം മുഴുവൻ അലയടിച്ച് എന്റെ മുന്നിലേക്ക് വന്നാലും ബോധ്യങ്ങളുടെ അടിസ്ഥാനത്തിൽ ഞാൻ എടുത്തനിലപാടിൽനിന്ന് ഒരുമാറ്റവും ഉണ്ടാവില്ല’ എന്നത് സതീശന്റെ വാക്കുകളാണ്.
സുകുമാരൻനായർ എതിർപക്ഷത്തുനിന്ന് ശരമുതിർത്തപ്പോഴും കുലുങ്ങിയില്ല. വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശത്തെ കടുത്തഭാഷയിൽ വിമർശിച്ചു. വോട്ടുപോയാലും തോറ്റുപോയാലും മനംമാറ്റമുണ്ടാവില്ലെന്ന് കോൺഗ്രസിൽ പ്രഖ്യാപിക്കാൻ ഒരേയൊരു സതീശനേ ഉണ്ടായിരുന്നുള്ളൂ. ‘നല്ലഭൂരിപക്ഷത്തിൽ യു.ഡി.എഫിനെ അധികാരത്തിൽ തിരിച്ചെത്തിയില്ലെങ്കിൽ ഞാൻ രാഷ്ട്രീയ വനവാസത്തിന് പോകും. പിന്നെ എന്നെ കാണില്ല’ എന്നുപറയാൻ ഒരുനേതാവിനേ ആർജവമുണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് ജനങ്ങൾ അദ്ദേഹത്തെ വിശ്വസിച്ചതും മുഖ്യമന്ത്രിയാകാനിടയില്ലെന്ന് തോന്നിയപ്പോൾ പ്രതിഷേധം തങ്ങൾക്കാവുന്നവിധം അവർ പ്രകടിപ്പിച്ചതും.
പ്രതിപക്ഷനേതാവായിരുന്നപ്പോഴും തിരഞ്ഞെടുപ്പ് നയിച്ചപ്പോഴും ഉള്ളതിനെക്കാൾ ജനപിന്തുണ അദ്ദേഹത്തിനുലഭിച്ചത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നില്ലെന്ന് തോന്നിയപ്പോഴാണ്. തിരഞ്ഞെടുപ്പുഫലം വന്ന് 11 ദിവസമായിട്ടും പാർട്ടിക്കുള്ളിൽ ഉദ്വേഗങ്ങളും ഉൾപ്പോരുകളും കൂടിയപ്പോൾ വാക്കുകളിൽ മിതത്വം പാലിച്ച് അദ്ദേഹം കാത്തിരുന്നു.
അവഗണിക്കപ്പെടുമ്പോഴുള്ള വേദന ഏറെ അനുഭവിച്ച നേതാവായതിനാൽ ഒരിക്കൽ സതീശൻ പറഞ്ഞു: ‘‘അർഹതപ്പെട്ടവരെ നേതൃത്വം മറന്നുപോയാൽ അത് കണ്ണീരുവീഴ്ത്തും. അത് പാർട്ടിയെ ചുട്ടുപൊള്ളിക്കും.’’ ഇത്തവണ പാർട്ടിയുടെ നെഞ്ചുപൊള്ളിക്കുന്നവിധം ജനവികാരത്തെ എതിരാക്കാൻ ഹൈക്കമാൻഡ് തയ്യാറായില്ല. വി.ഡി. സതീശൻ ഇനി കേരളത്തിന്റെ മുഖ്യമന്ത്രി.
Content Highlights: VD Satheesan's historic rise to become Kerala's Chief Minister in 2026., Overcoming group politics and internal party challenges., The role of public sentiment and popular mandate in his leadership selection., His transition from a student leader to a charismatic mass leader., The 102-seat UDF victory and the challenges faced during the transition.