സ്ത്രീകളുടെ സൗജന്യ യാത്ര, ആശ ജീവനക്കാരുടെ ശമ്പളം; സതീശൻ സർക്കാരിന്റെ നയങ്ങൾ ഇന്നറിയാം

#ന്യൂസ് ഡെസ്ക്
വി.ഡി. സതീശൻ രാജേന്ദ്ര അർലേക്കർക്കൊപ്പം | Photo: PTI
വി.ഡി. സതീശൻ രാജേന്ദ്ര അർലേക്കർക്കൊപ്പം | Photo: PTI

തിരുവനന്തപുരം: 16-ാം നിയമസഭയിലെ ഗവർണറുടെ ആദ്യ നയപ്രഖ്യാപനം ഇന്ന്. വി.ഡി. സതീശൻ സർക്കാരിന്റെ ഈ വർഷത്തെ നയങ്ങൾ സംബന്ധിച്ചുള്ള പ്രഖ്യാപനങ്ങൾ ഗവർണർ രാജേന്ദ്ര അർലേക്കർ നടത്തും. 10 വർഷത്തിനുശേഷം അധികാരത്തിൽവന്ന യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗമാണ് ഇന്ന് ഗവർണർ നടത്തുക. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്കാണ് നയപ്രഖ്യാപനം ആരംഭിക്കും.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഗ്യാരണ്ടികളിലൂന്നിയായിരിക്കും നയങ്ങൾ. ഈ വാഗ്ദാനങ്ങൾ എങ്ങനെ നടപ്പിലാക്കും എന്നതിന്റെ സൂചനയായിരിക്കും ഈ നയപ്രഖ്യാപനത്തിലൂടെ വ്യക്തമാകുക.

കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്നത് ജൂൺ 15-ാം തീയതി മുതൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആദ്യ കാബിനറ്റ് യോഗത്തിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. അത് എങ്ങനെയായിരിക്കും നടപ്പിലാക്കുക, ആർക്കൊക്കെ അതിന്റെ ഗുണം കിട്ടും, ഏതൊക്കെ ബസുകളിലായിരിക്കും കിട്ടുക, എത്രദൂരം വരെ കിട്ടും എന്നത് സംബന്ധിച്ചൊക്കെ നയപ്രഖ്യാപനത്തിൽ വ്യക്തതയുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

ആശാവർക്കർമാർക്ക് 3000 രൂപ കൂട്ടിക്കൊടുത്തുകൊണ്ടുള്ള തീരുമാനവും ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. 21000 രൂപ മാസശമ്പളമായി നൽകണം എന്നായിരുന്നു അവരുടെ ആവശ്യം, അത് എങ്ങനെയൊക്കെ, എത്രയൊക്കെ ഘട്ടമായിട്ടായിരിക്കും കൂട്ടികൊടുക്കുക എന്നത് സംബന്ധിച്ചും വ്യക്തത ലഭിക്കേണ്ടതുണ്ട്. അതിനെക്കുറിച്ചും നയപ്രഖ്യാപനത്തിൽ സൂചനകൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

ഇന്ദിരാ ഗാരണ്ടികൾ നടപ്പാക്കും എന്നതായിരുന്നു തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് ഉയർത്തിക്കാട്ടിയ മറ്റൊരു പ്രധാന വാഗ്ദാനം. കോളേജിൽ പോകുന്ന പെൺകുട്ടികൾക്ക് മാസം 1000 രൂപവെച്ച് നൽകുന്നതടക്കം വലിയ വാഗ്ദാനങ്ങളാണ് ഇന്ദിരാ ഗാരണ്ടിയിലുള്ളത്. ഇതൊക്കെ എങ്ങനെ, എത്ര സമയത്തിനുള്ളിൽ നടപ്പിലാക്കും എന്നതിനെക്കുറിച്ചും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കിയേക്കാം.

നിലവിൽ ധവളപത്രം ഇറക്കുന്നതിനെക്കുറിച്ചുള്ള ചർച്ചയിലാണ് സർക്കാർ. സ്വാഭാവികമായും ഈ വാഗ്ദാനങ്ങൾക്കെല്ലാമുള്ള പണം എങ്ങനെ കണ്ടെത്തും എന്നതിനെക്കുറിച്ചുള്ള സൂചനകളും നയപ്രഖ്യാപനത്തിൽ ഉണ്ടായേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മുൻ സർക്കാരിൽനിന്ന് വിരുദ്ധമായി കേന്ദ്രസർക്കാരിനെ തുറന്ന് വിമർശിക്കാനുള്ള സാധ്യതയില്ല എന്ന വിവരമാണ് സർക്കാരുമായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.

Content Highlights: Governor Rajendra Arlekar to deliver the 16th Legislative Assembly's first policy speech. Implementation roadmap for UDF election manifesto 'Indira Guarantees'. Details on free bus travel for women starting from the 15th. Gradual salary increase roadmap for ASHA workers. Financial strategy and potential white paper announcement regarding state funds.