'ഔദാര്യമല്ല ചോദിച്ചത്, 50 വര്‍ഷം വരെ പണം അടയ്ക്കേണ്ട എന്ന് പറയാന്‍ സുരേന്ദ്രനാരാ?'- വി.ഡി സതീശന്‍

കോഴിക്കോട്: വയനാട് പുനരധിവാസത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഔദാര്യമല്ല കേരളത്തിന് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വയനാട്ടിലുണ്ടായത് തീവ്രദുരന്തമാണെന്ന് കേന്ദ്രം അംഗീകരിച്ചതാണ്. പ്രത്യേക സാമ്പത്തിക പാക്കേജ് പ്രകാരം 2000 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. അത് തരാതെ 590 കോടി രൂപ കടമായി തരുന്നത് കേരളത്തെ അപമാനിക്കുന്നതിനും പരിഹസിക്കുന്നതിനും തുല്ല്യമാണെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.
വായ്പയായി തരുന്ന പണം 50 വര്‍ഷം വരെ തിരിച്ചടയ്‌ക്കേണ്ടെന്ന് പറയാന്‍ കെ.സുരേന്ദ്രന്‍ ആരാണെന്നും അങ്ങനെ പറയാന്‍ സുരേന്ദ്രന് എന്ത് അവകാശമാണുള്ളതെന്നും വി.ഡി സതീശന്‍ ചോദിച്ചു. സംസ്ഥാനങ്ങളില്‍ ദുരന്തമുണ്ടാകുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സഹായിക്കണം. അല്ലാതെ കേന്ദ്രത്തിന്റെ ഔദാര്യമല്ല ഇതൊന്നും. ഹിമാചല്‍ പ്രദേശും ഉത്തര്‍ പ്രദേശും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ സഹായിച്ചിട്ടുണ്ട്. ആ സഹായം കേരളത്തിന് തരില്ലെന്ന് പറയുന്നത് എന്ത് നീതിയാണെന്നും വി.ഡി സതീശന്‍ ചോദിച്ചു. കേരളത്തോടുള്ള പൂര്‍ണമായ അവഗണനയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാവപ്പെട്ട മനുഷ്യരുടെ കാലിന് അടിയിലെ മണ്ണ് ഒലിച്ചുപോയിട്ടും പണം 50 കൊല്ലത്തിനകം തിരിച്ചടയ്ക്കണം എന്നാണ് പറയുന്നത്. ഒന്നര മാസം പോലും ബാക്കിയില്ലാത്ത സമയത്താണ് മാര്‍ച്ച് 31-നകം പണം ചെലവഴിക്കണമെന്നും പറയുന്നത്. ഇതെല്ലാം എങ്ങനെ നടപ്പിലാക്കാനാണ്?. കേന്ദ്രം സംസ്ഥാനത്തോട് കാണിക്കേണ്ട ഒരു മാന്യതയും കാണിക്കാതെ പൂര്‍ണമായും അവഗണിക്കുകയും പരിഹസിക്കുകയുമാണ് ചെയ്യുന്നത്. അതിനെതിരെ പ്രതിപക്ഷം ശക്തമായ നിലപാട് സ്വീകരിക്കുമെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
വയനാട് പുനരധിവാസനത്തിനായി 529.50 കോടി രൂപയുടെ മൂലധനന നിക്ഷേപ വായ്പയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. ടൗണ്‍ഷിപ്പ് ഉള്‍പ്പെടെ 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചത്. പലിശയില്ലാത്ത ഈ വായ്പ 50 വര്‍ഷം കൊണ്ടാണ് തിരിച്ചടയ്‌ക്കേണ്ടത്. കേരളം നല്‍കിയ കത്ത് പരിഗണിച്ചാണ് തുക അനുവദിച്ചത്. എന്നാല്‍ 16 പദ്ധതികളുടേയും ചെലവ് കണക്കുകള്‍ മാര്‍ച്ച് മാസത്തില്‍തന്നെ തിരിച്ചയക്കണമെന്നത് പ്രതിസന്ധിയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
Content Highlights: vd satheesan criticise central governments wayanad rehab loan conditions