അനിൽ അംബാനിയുടെ കമ്പനിയിൽ കെ.എഫ്.സി 60 കോടി നിക്ഷേപിച്ചു, കിട്ടിയത് 7കോടി; ധനമന്ത്രിക്ക് മറുപടിയില്ല

തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷനെതിരേ(കെ.എഫ്.സി) അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 2018-ൽ കെ.എഫ്.സി അനിൽ അംബാനിയുടെ ആർ.സി.എഫ്.എൽ എന്ന സ്ഥാപനത്തിൽ 60 കോടി രൂപ നിക്ഷേപിച്ചു. ഈ സ്ഥാപനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലത്തായിരുന്നു നിക്ഷേപം. ഇക്കാര്യം കെ.എഫ്.സി.യുടെ വാർഷിക റിപ്പോർട്ടിൽനിന്ന് മറച്ചുവെച്ചുവെന്നും സതീശൻ ആരോപിച്ചു.
'സ്‌റ്റേറ്റ് ഫിനാൻഷ്യൽ കോർപ്പറേഷൻ ആക്ട് അനുസരിച്ച് കെ.എഫ്.സി. രൂപീകരിച്ചത് ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനാണ്. സംസ്ഥാനത്തെ എം.എസ്.എം.ഇ അടക്കമുള്ള വ്യവസായങ്ങൾക്ക് വായ്പ നൽകാൻ രൂപീകരിച്ച ഈ സ്ഥാപനം അനിൽ അംബാനിയുടെ ആർ.സി.എഫ്.എൽ എന്ന സ്ഥാപനത്തിൽ 60 കോടി 80 ലക്ഷം നിക്ഷേപിച്ചു. 19-04-2018ൽ നടന്ന കെ.എഫ്.സി.യുടെ മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനപ്രകാരമായിരുന്നു നിക്ഷേപം.
2018 എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അനിൽ അംബാനിയുടെ സ്ഥാപനങ്ങളെല്ലാം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒരു ഘട്ടത്തിലായിരുന്നു ഈ നിക്ഷേപം. ഇദ്ദേഹത്തിന്റെ എല്ലാ സ്ഥാപനങ്ങളും ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ് എന്ന വാർത്തകൾ വരുന്ന കാലത്താണ് അനിലിന്റെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണം നിക്ഷേപിച്ചത്. കൂടാതെ, 2018-19-ലെ കെ.എഫ്.സി.യുടെ വാർഷിക റിപ്പോർട്ടിൽ കമ്പനിയുടെ പേര് മറച്ചുവെയ്ക്കുകയും ചെയ്തു. 2019-20ലെ വാർഷിക റിപ്പോർട്ടിലും ഇതുതന്നെ ആവർത്തിച്ചു. പിന്നീട് 2020-21ലെ റിപ്പോർട്ടിലാണ് കമ്പനിയുടെ പേര് പുറത്തുവരുന്നത്', വി.ഡി. സതീശൻ പറഞ്ഞു.
സ്റ്റേറ്റ് ഫിനാഷ്യൽ കോർപ്പറേഷൻ ആക്ട് 1951-ന്റെ 33-ാം വകുപ്പ് അനുസരിച്ച് റിസർവ് ബാങ്കിലോ ദേശസാത്കൃത ബാങ്കിലോ മാത്രമേ പണം നിക്ഷേപിക്കാൻ പാടുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. '2019-ൽ അനിൽ അംബാനിയുടെ ഈ കമ്പനി പൂട്ടി. തുടർന്ന്, പാപ്പരത്ത നടപടികളുടെ ഭാഗമായി ഏഴ് കോടി ഒമ്പത് ലക്ഷം രൂപ മാത്രമാണ് തിരിച്ചുകിട്ടിയത്. പലിശയടക്കം 101 കോടി ലഭിക്കേണ്ടിടത്താണ് ഇത്രയും ചെറിയ തുക മാത്ര ലഭിച്ചത്.
സംസ്ഥാന ചെറുകിട ഇടത്തര സ്ഥാപനങ്ങൾക്ക് ലഭിക്കേണ്ട ഫണ്ടായിരുന്നു ഇത്. ഒരു ഗ്യാരണ്ടിയുമില്ലാതെയാണ് പണം നിക്ഷേപിച്ചത്. പണം നിക്ഷേപിക്കുമ്പോൾ ധനകാര്യ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ നില എന്താണെന്ന് പരിശോധിക്കേണ്ടേ. ഇതൊന്നും പരിശോധിക്കാതെ കമ്മീഷൻ വാങ്ങി ഭരണനേതൃത്വത്തിന്റെ അറിവോടെ ചില ഉദ്യോഗസ്ഥരാണ് ഇത് ചെയ്തിരിക്കുന്നത്. പതിനൊന്നാം നിയമസഭാ സമ്മേളനത്തിൽ ഇക്കാര്യം ധനമന്ത്രിയോട് ചോദിച്ചിരുന്നു. എന്നാൽ, ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഈ കരാർ രേഖകൾ പുറത്തുവിടാൻ സർക്കാർ തയ്യാറാകണം', അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Opposition leader VD Satheesan corruption allegation against Kerala Financial Corporation