കേരളത്തിന്റെ സ്പന്ദനം, സതീശന്റെ കൈകളിൽ കേരളം ഭദ്രം -സി. ദിവാകരൻ; ദിവാകരൻ ആദരണീയൻ – മുഖ്യമന്ത്രി

#ന്യൂസ് ഡെസ്ക്
സി. ദിവാകരൻ, വി.ഡി. സതീശൻ | Photo: മാതൃഭൂമി
സി. ദിവാകരൻ, വി.ഡി. സതീശൻ | Photo: മാതൃഭൂമി

തിരുവനന്തപുരം: പൊതുവേദിയിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ പുകഴ്ത്തി സി.പി.ഐ നേതാവ് സി. ദിവാകരൻ. തിരികെ ദിവാകരനെ വാഴ്ത്തി മുഖ്യമന്ത്രിയും. വിടുതലൈ ചിരുതൈകൾകക്ഷി ഏർപ്പെടുത്തിയ അയ്യങ്കാളി, ശ്രീനാരായണ ഗുരു പുരസ്‌കാരദാന ചടങ്ങിലാണ് ഇരു രാഷ്ട്രീയ ചേരികളിലുള്ള ഇവർ പരസ്പരം പുകഴ്ത്തിയത്.

മുഖ്യമന്ത്രി വി.ഡി. സതീശൻ കേരളത്തിന്റെ സ്പന്ദനമാണെന്നും അദ്ദേഹത്തിന്റെ കൈകളിൽ കേരളം ഭദ്രമാണെന്നും സി. ദിവാകരൻ പറഞ്ഞു. 100 ദിവസംകൊണ്ട് കേരളത്തിന്റെ താത്‌പര്യം തന്റെ കൈയിൽ ഭദ്രമാണെന്ന് അദ്ദേഹം തെളിയിച്ചു. പാവപ്പെട്ടവർക്കു വേണ്ടിയും അടിച്ചമർത്തപ്പെട്ടവർക്കുവേണ്ടിയും ചെയ്യുന്ന കാര്യങ്ങളോട് സഹകരിക്കാൻ തയ്യാറാണെന്നും സി. ദിവാകരൻ പറഞ്ഞു.

വ്യത്യസ്ത രാഷ്ട്രീയചേരികളിലാണെങ്കിലും സി. ദിവാകരൻ തനിക്ക് എന്നും ആദരണീയ വ്യക്തിത്വമാണെന്ന് തുടർന്ന് സംസാരിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. അഭിപ്രായങ്ങൾ ആർക്കുമുന്നിലും തുറന്നുപറയാൻ അദ്ദേഹത്തിന് എക്കാലവും കഴിഞ്ഞിട്ടുണ്ട്. അക്കാര്യത്തിൽ ദിവാകരൻ ആരെയും ഭയക്കാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഹാത്മാ അയ്യങ്കാളി പുരസ്‌കാരം വി.ഡി. സതീശനും ശ്രീനാരായണ ഗുരു പുരസ്‌കാരം സി. ദിവാകരനും സി.ഡി.കെ. ദേശീയ അധ്യക്ഷൻ ഡോ. തോൽ തിരുമാവളവൻ എം.പി.യിൽനിന്ന് ഏറ്റുവാങ്ങി. സാധുജന പരിപാലന സംഘം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മാവേലിക്കര, കോഡിനേറ്റർ ഇളം ചെഗുവരെ, നേതാക്കളായ എസ്. രാജ, കെ.ടി. സുരേന്ദ്രൻ, മൂന്നാർ ഷാജി തുടങ്ങിയവർ പങ്കെടുത്തു.

Content Highlights: CPI leader C. Divakaran praised Kerala CM V.D. Satheesan at an award event., Divakaran stated that Kerala is safe in Satheesan's hands and commended his 100-day governance., CM V.D. Satheesan called C. Divakaran a respectable figure known for speaking his mind fearlessly., Both leaders received awards from VCK national president Thol. Thirumavalavan.