പ്രളയത്തില്‍ തകര്‍ന്നു; രാജ്യത്തിന് മാതൃകയായി ഉയര്‍ത്തെഴുന്നേറ്റ് വാഴക്കാട് പി.എച്ച്.സി

മലപ്പുറം: സംസ്ഥാനത്തെ മുക്കിയ മഹാപ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കൊണ്ടോട്ടി വാഴക്കാട് കുടുംബാരോഗ്യകേന്ദ്രം രാജ്യത്തിന് മാതൃകയായി ഉയര്‍ത്തെഴുന്നേറ്റിരിക്കുകയാണ്.രാജ്യത്തെ ഏറ്റവുംവലിയ കുടുംബാരോഗ്യ കേന്ദ്രം എന്ന നേട്ടവുമായാണ് അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. കേന്ദ്രം ശനിയാഴ്ച 12-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നാടിനു സമര്‍പ്പിക്കും.
വിപിഎസ്- റീ ബില്‍ഡ് കേരള ഇനീഷ്യേറ്റിവിന്റെ ഭാഗമായി 10 കോടി ചിലവില്‍ അത്യാധുനികസൗകര്യങ്ങളോടെ വിപിഎസ് ഹെല്‍ത്ത്‌കെയറാണ് കുടുംബാരോഗ്യ കേന്ദ്രം പുനര്‍നിര്‍മ്മിച്ചത്.
റീബില്‍ഡ് കേരളയിലൂടെ പുതിയ മുഖം
2018 ലെ പ്രളയത്തില്‍ തകര്‍ന്ന വാഴക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തിന് വിപിഎസ്-റീബില്‍ഡ് കേരള ഉദ്യമത്തിലൂടെ പുതിയ മുഖം. പ്രളയജലത്തില്‍ മുങ്ങി പൂര്‍ണ്ണമായും ഉപയോഗശൂന്യമായിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രം രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രമായാണ് വിപിഎസ് ഹെല്‍ത്ത്‌കെയര്‍ പത്തുകോടി ചിലവില്‍ പുനര്‍നിര്‍മ്മിച്ചത്. എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള പുതിയ കുടുംബാരോഗ്യ കേന്ദ്രം സമകാലിക ആശുപത്രികളോട് കിടപിടിക്കുന്ന സൗകര്യങ്ങളോടെയാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. മലപ്പുറത്തിന്റെ ഗ്രാമീണ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ആരോഗ്യ കേന്ദ്രത്തില്‍ അത്യാധുനിക ലബോറട്ടറിയും ഇമേജിംഗ് വിഭാഗവുമടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുള്ള പത്ത് നിരീക്ഷണ കിടക്കകളും ഓക്‌സിജന്‍ സാച്ചുറേഷന്‍ കുറവുള്ള രോഗികള്‍ക്ക് ഉപയോഗപ്രദമാകുന്ന സ്റ്റെബിലൈസേഷന്‍ യൂണിറ്റും കേന്ദ്രത്തില്‍ പ്രവര്‍ത്തന സജ്ജം.
പതിവ് വൈദ്യപരിശോധനകള്‍ക്കും ആവശ്യങ്ങള്‍ക്കുമായി ഉപയോഗിച്ചിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രം പ്രളയത്തില്‍ നശിച്ചത് വാഴക്കാട്ടുകാര്‍ക്ക് സങ്കടകരമായ അനുഭവമായിരുന്നു. താത്ക്കാലിക കെട്ടിടത്തില്‍ സൗകര്യങ്ങളോടെ നിലവില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രമാണ് പ്രദേശവാസികള്‍ക്കാകെ ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കാനുള്ള ശേഷിയോടെ പുനര്‍നിര്‍മ്മിച്ച ബൃഹത്തായ കെട്ടിടത്തിലേക്ക് മാറുന്നത്.
പ്രതിവര്‍ഷം 75,000 ആള്‍ക്കാരാണ് വാഴക്കാട്ടെ പഴയ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കിയിരുന്നത്. നവീകരിച്ച കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രതിവര്‍ഷം രണ്ടുലക്ഷം പേര്‍ക്ക് ചികിത്സ ലഭ്യമാക്കാനാകും.ഈ കണക്ക് തന്നെ വാഴക്കാട്ടെ ജനങ്ങളുടെ ജീവിതത്തില്‍ കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള പങ്കിന് അടിവരയിടുന്നു. ഗുണനിലവാരമുള്ള പ്രാഥമികാരോഗ്യ സേവനങ്ങള്‍ നല്‍കാനുള്ള ശ്രമങ്ങളുടെ മികച്ച ഉദാഹരണമാണ് പദ്ധതിയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു.
പദ്ധതിക്ക് സാമ്പത്തിക സഹായം നല്‍കാന്‍ തയ്യാറായ വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലിലിന് ഡോ. സക്കീന നന്ദിപറഞ്ഞു.
ആര്‍ദ്രം മിഷനില്‍ നാഴികക്കല്ല്
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ അത്യാധുനിക സൗകര്യങ്ങളോടെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ആര്‍ദ്രം മിഷനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം പൂര്‍ത്തിയാകുന്നത്. ആരോഗ്യ സേവനരംഗത്തുള്ള അന്തര്‍ദേശീയ അനുഭവ സമ്പത്തും സര്‍ക്കാര്‍ വിഭാവനം ചെയ്ത ആശയങ്ങളും ചേര്‍ത്തിണക്കിയാണ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആശയവും സമീപനവും വിപിഎസ് ഹെല്‍ത്ത്‌കെയര്‍ രൂപീകരിച്ചത്. ആര്‍ദ്രം മിഷന്റെ ഭാഗമായി കേരളത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നിലവാരമുയര്‍ത്തുന്നതിനുള്ള അനുകരണീയ മാതൃകയായി വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം മാറുകയാണ്. അതോടൊപ്പം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ശാക്തീകരിക്കേണ്ടത് അനിവാര്യമാണെന്ന സന്ദേശം സന്ദേശം ദേശീയതലത്തില്‍ നല്‍കാനും പദ്ധതി കാരണമാകുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍.
പരിസ്ഥിതി-സൗഹൃദ സാങ്കേതിക വിദ്യ
മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി)യാണ് വാഴക്കാട്ടെ പുതിയ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഘടന വികസിപ്പിച്ചെടുത്തത്. തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിംഗിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ കേന്ദ്രത്തിന്റെ ഡിസൈന്‍ തയ്യാറാക്കി. പ്രകൃതി ദുരന്തങ്ങളില്‍ കേടുപാടുകള്‍ പറ്റാതിരിക്കാന്‍ ഫലപ്രദമെന്ന് കണ്ടെത്തിയ ഗ്ലാസ് ഫൈബര്‍ റിഇന്‍ഫോഴ്സ്ഡ് ജിപ്സം (ജിഎഫ്ആര്‍ജി) പാനല്‍ സാങ്കേതികവിദ്യയാണ് കേന്ദ്രത്തിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്.
ഇഷ്ടികകള്‍, ബ്ലോക്കുകള്‍, തടി, പ്ലാസ്റ്റര്‍ബോര്‍ഡ് ലൈനിംഗുകള്‍ എന്നിവ ഒഴിവാക്കിയുള്ളതാണ് ഈ സാങ്കേതിക വിദ്യ. കെട്ടിടത്തെ പരിസ്ഥിതി സൗഹൃദവും മലിനീകരണമില്ലാത്തതും ഊര്‍ജ്ജ-കാര്യക്ഷമവും സൗന്ദര്യാത്മകവുമാക്കുന്ന ഈ രീതി ഭാവി പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ സഹായകരമാകുമെന്നാണ് ഐഐടി വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. പുനര്‍നിര്‍മാണ പദ്ധതിക്കായി വിപിഎസ് ഹെല്‍ത്ത്‌കെയര്‍ സ്വീകരിച്ച സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ നിര്‍മ്മാണ സാങ്കേതികവിദ്യ പ്രശംസനീയമാണെന്ന് മദ്രാസ് ഐഐടി സ്ട്രക്ചറല്‍ എഞ്ചിനീയറിംഗ് വിഭാഗം പ്രോജക്ട് സയന്റിസ്റ്റ് ഫിലിപ്പ് ചെറിയാന്‍ പറഞ്ഞു.
ആവര്‍ത്തിച്ചുള്ള പ്രകൃതിദുരന്തങ്ങള്‍ കാരണം നമ്മുടെ അടിസ്ഥാന സൗകര്യങ്ങളും കെട്ടിടങ്ങളും ഗുരുതര ഭീഷണിയാണ് നേരിടുന്നത്. കേരളത്തിലെ കഴിഞ്ഞ രണ്ട് വെള്ളപ്പൊക്കത്തില്‍ നിരവധി കെട്ടിടങ്ങള്‍ നശിപ്പിക്കപ്പെടുകയും വീടുകള്‍ നഷ്ടപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ നിര്‍മ്മാണം അനിവാര്യമാകുന്നത്. ജിപ്സത്തിന്റെ ഉപയോഗ ശൂന്യമായ ഭാഗങ്ങളില്‍ നിന്ന് നിര്‍മിക്കുന്ന കെട്ടിട പാനല്‍ ഉല്‍പ്പന്നമായ ജിഎഫ്ആര്‍ജിയ്ക്ക് നിര്‍മ്മാണത്തിലെ വേഗത, സുസ്ഥിരത തുടങ്ങി നിരവധി സവിശേഷതകളുണ്ട്.
2018 ലെ വെള്ളപ്പൊക്കത്തെ കേരളത്തിലെ ജി.എഫ്.ആര്‍.ജി കെട്ടിടങ്ങള്‍ അതിജീവിച്ചതിനെ അടിസ്ഥാനമാക്കിയായിരുന്നു ഐ.ഐ.ടി വിദഗ്ദരുടെ ശുപാര്‍ശ.വിപിഎസ് ഹെല്‍ത്ത്‌കെയറിന്റെ നേതൃത്വത്തിലുള്ള പദ്ധതിയുടെ ഭാഗമായതില്‍ സന്തോഷമുണ്ടെന്നും ബദല്‍, സുസ്ഥിര നിര്‍മ്മാണ രീതികളെക്കുറിച്ച് പൊതുജന അവബോധം സൃഷ്ടിക്കാന്‍ ഇത്തരമൊരു വലിയ ജനകീയ പങ്കാളിത്ത പദ്ധതി സഹായിക്കുമെന്നും ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.
സൗകര്യങ്ങള്‍
15,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള കുടുംബാരോഗ്യ കേന്ദ്രത്തില്‍ വിപുലമായ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക സംവിധാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. എമര്‍ജന്‍സി റൂം, ഒരു മിനി ഓപ്പറേഷന്‍ തിയേറ്റര്‍, ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടിംഗ് റൂമുകള്‍, നഴ്സുമാരുടെ സ്റ്റേഷന്‍, മെഡിക്കല്‍ സ്റ്റോര്‍, വാക്സിന്‍ സ്റ്റോര്‍, സാമ്പിള്‍ കളക്ഷന്‍ സെന്റര്‍, വിഷന്‍ ആന്‍ഡ് ഡെന്റല്‍ ക്ലിനിക്ക്, അമ്മമാര്‍ക്കും കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രായമായവര്‍ക്കുമുള്ള പ്രത്യേക മേഖലകള്‍ എന്നിവ കേന്ദ്രത്തിലുണ്ട്. ആധുനിക കോണ്‍ഫറന്‍സ് ഹാളും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകളുമാണ് രണ്ടാം നിലയില്‍ സജ്ജീകരിച്ചിരിക്കുന്നത്.
കുട്ടികള്‍ക്കു വേണ്ടിയുള്ള കളിസ്ഥലമാണ് മറ്റൊരു പ്രത്യേക സവിശേഷത. ഗര്‍ഭിണികള്‍ക്കും പ്രായമായവര്‍ക്കും പ്രത്യേകവും ഔട്ട്പേഷ്യന്റ് സൗകര്യവും. ഇത്തരം സൗകര്യങ്ങളിലൂടെ മികച്ച പരിശോധനയും പരിചരണവും ഉറപ്പാക്കാനാവും.
വെള്ളപ്പൊക്കത്തില്‍ നശിച്ച പഴയ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേക മരുന്ന്, വാക്‌സിന്‍ സ്റ്റോറുകളും സാമ്പിള്‍ ശേഖരണ മുറിയും പുതിയ കേന്ദ്രത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ലബോറട്ടറി, ഇമേജിംഗ് വിഭാഗത്തിന് ആധുനിക യന്ത്രങ്ങളും ഉപകരണങ്ങളും ലഭ്യമാക്കിയതിനാല്‍ വേഗത്തിലുള്ള കൃത്യമായും ഫലങ്ങള്‍ ഉറപ്പാക്കാനാവും. ഇതോടൊപ്പം കുടുംബാരോഗ്യ കേന്ദ്രം ഭിന്നശേഷി സൗഹൃദമാണ്, ലിഫ്റ്റ്, റാമ്പ് സൗകര്യങ്ങളും ലഭ്യം.
സ്വപനപദ്ധതി യാഥാര്‍ഥ്യമാക്കിയത് ജനകീയ കൂട്ടായ്മ
മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യസേവന ദാതാക്കളിലൊന്നായ വിപിഎസ് ഹെല്‍ത്ത്‌കെയര്‍ വാഴക്കാട് പദ്ധതിക്ക് നേതൃത്വം നല്‍കിയപ്പോള്‍ പല തലങ്ങളിലായി പങ്കാളികളായത് സാധാരണക്കാര്‍ മുതല്‍ വിദഗ്ദര്‍വരെയുള്ളവരുടെ വന്‍ നിര. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‌സിബിലിറ്റി പദ്ധതിയെന്നതിനേക്കാളുപരി ജനകീയ കൂട്ടായ്മയുടെ വിജയമായി പദ്ധതി മാറുന്നതിന് കാരണവും ഇതുതന്നെ.
പുനര്‍നിര്‍മ്മാണ പദ്ധതിയില്‍ തുടക്കം മുതല്‍ ജനകീയ പങ്കാളിത്തം സജീവമായിരുന്നു. കൂട്ടായമായിലൂടെ പദ്ധതി യാഥാര്‍ഥ്യമാക്കുകയെന്നതായിരുന്നു വിപിഎസ് ഹെല്‍ത്ത്‌കെയര്‍ മുന്നോട്ടവച്ച ആശയം. തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് പ്ലാനിംഗിലെ 40 ഓളം കുട്ടികള്‍ പദ്ധതിയുടെ ഭാഗമായിരുന്നു.
ഒരു സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രം പുനര്‍നിര്‍മ്മിക്കുന്നതിനുള്ള ഒസിഎസ്ആര്‍ പദ്ധതിയുടെ ഭാഗമാകുന്നത് പുതിയ അനുഭവമാണെന്ന് തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിംഗ് വിഭാഗം തലവന്‍ സിഎ ബിജു പറഞ്ഞു.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുള്ളവരെയും ഉള്‍പ്പെടുത്തിയുള്ള സമഗ്ര പങ്കാളിത്ത പദ്ധതിയായാണ് വാഴക്കാട് പുനര്‍നിര്‍മ്മാണത്തെ ഗ്രൂപ്പ് വിഭാവനം ചെയ്തതെന്ന് വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു.
പദ്ധതി നാടിനു സമര്‍പ്പിക്കുക മുഖ്യമന്ത്രി
പ്രളയാനന്തരമുള്ള കേരള പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി ഒരു വ്യക്തി ഏറ്റെടുത്ത ഏറ്റവും വലിയ പദ്ധതിയാണ് വാഴക്കാട് ആരോഗ്യ കേന്ദ്രത്തിന്റെ പുനര്‍നിര്‍മ്മാണം. പുനര്‍നിര്‍മിച്ച കുടുംബാരോഗ്യ കേന്ദ്രം ജൂലൈ 24 ന് (ശനിയാഴ്ച) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിനുനായി ജനകീയ സ്വാഗത സംഘം രൂപീകരിച്ചു. ഇടി മുഹമ്മദ് ബഷീര്‍ എംപിയാണ് സ്വാഗതസംഘം അധ്യക്ഷന്‍.
Content Highlights: