വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ യുവതി വീട്ടിനുള്ളിൽ മരിച്ച നിലയിൽ: ദുരൂഹത സംശയിച്ച് പോലീസ്

വർക്കല: പുനർവിവാഹിതയായ യുവതിയെ വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വർക്കല തച്ചോട് പൈപ്പിൻമൂടിന് സമീപം 'തണൽ' വീട്ടിൽ ജിഷയാണ് (30) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.30-ഓടെയാണ് ജിഷയെ വീട്ടിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ നാട്ടുകാർ ഉടൻ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ജിഷയുടെ ആദ്യഭർത്താവായ ശരത്ത് ഒന്നരവർഷം മുമ്പ് വിദേശത്തുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു. ഈ ബന്ധത്തിൽ എട്ടും അഞ്ചും വയസ്സുള്ള രണ്ട് പെൺമക്കളുണ്ട്. കുട്ടികളുമായി ജിഷ ശരത്തിന്റെ വീട്ടിൽതന്നെയാണ് താമസിച്ചുവന്നിരുന്നത്.
വർക്കല സ്വദേശിയായ അജി നടേശനെ പതിനൊന്ന് ദിവസം മുമ്പാണ് ജിഷ വിവാഹം കഴിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. ജിഷയുടെ വീട്ടുകാർ വിവാഹച്ചടങ്ങിൽ സഹകരിച്ചിരുന്നില്ല. അജിയും ജിഷയും കല്യാണശേഷം ഈ വീട്ടിലാണ് താമസിച്ചുവന്നിരുന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിലുണ്ടായ ജിഷയുടെ മരണത്തിൽ ദുരൂഹസാഹചര്യമുണ്ടോയെന്ന് പോലീസ് സംശയിക്കുന്നു. വർക്കല സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ അന്വേഷണം നടന്നുവരുന്നു. മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)