വളപട്ടണം ഐ.എസ്. കേസില്‍ പ്രതികള്‍ക്ക് കഠിനതടവ്

കൊച്ചി: വളപട്ടണം ഐ.എസ്. കേസില്‍ കുറ്റക്കാരായി എന്‍.ഐ.എ. കോടതി കണ്ടെത്തിയ രണ്ടുപ്രതികള്‍ക്ക് ഏഴുവര്‍ഷവും ഒരുപ്രതിക്ക് ആറുവര്‍ഷവും കഠിനതടവ് വിധിച്ചു.
ഒന്നാംപ്രതി കണ്ണൂര്‍ ചക്കരക്കല്ല് മണ്ടേരി മിഥിലജ് (31), അഞ്ചാംപ്രതി തലശ്ശേരി ചിറക്കര യു.കെ. ഹംസ (61) എന്നിവര്‍ക്കാണ് ഏഴുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ചുമത്തിയത്. രണ്ടാംപ്രതി വളപട്ടണം ചെക്കികുളം അബ്ദുല്‍റസാഖിനു (28) ആറുവര്‍ഷം കഠിനതടവും 40,000 രൂപ പിഴയുമാണ് വിധിച്ചത്. വിചാരണത്തടവുകാരായി അഞ്ചുവര്‍ഷം ശിക്ഷയില്‍നിന്ന് ഇളവുചെയ്യും. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധികതടവ് അനുഭവിക്കണം. ജഡ്ജി അനില്‍ കെ. ഭാസ്‌കറാണ് ശിക്ഷവിധിച്ചത്.
ഭീകരസംഘടനയില്‍ അംഗമായി ഇന്ത്യയുടെ സൗഹൃദരാജ്യമായ സിറിയയ്‌ക്കെതിരേ പോരാടുക, ഭീകരസംഘടനയെ സഹായിക്കുക, ഗൂഢാലോചന നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്. മിഥിലജിനും ഹംസയ്ക്കും 21 വര്‍ഷം കഠിനതടവാണു വിധിച്ചതെങ്കിലും ഒരുമിച്ച് ഏഴുവര്‍ഷം അനുഭവിച്ചാല്‍മതി.
ഇവരെ സഹായിച്ച കുറ്റത്തിനും ഗൂഢാലോചനയ്ക്കും റസാഖിനു 12 വര്‍ഷം കഠിനതടവു വിധിച്ചെങ്കിലും ഒരുമിച്ച് ആറുവര്‍ഷം ശിക്ഷ അനുഭവിച്ചാല്‍മതി.
Content Highlights: Valapattanam IS case rigorous imprisonment NIA court