ഇന്നറിയാം മന്ത്രിമാരെ; വകുപ്പ് വിഭജനത്തിന് ഫോർമുലയുമായി കോൺഗ്രസ്

തിരുവനന്തപുരം: വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫ് മന്ത്രിസഭയിൽ ആരൊക്കെ എന്ന് ഇന്നറിയാം. തിരുവനന്തപുരത്തെ കന്റോൺമെന്റ് ഹൗസിൽ ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചകൾ ആരംഭിച്ചു. ഈ ചർച്ചയിലാണ് മന്ത്രിസ്ഥാനങ്ങളെക്കുറിച്ചുള്ള തീരുമാനം കൈക്കൊള്ളുക. 11 മന്ത്രിമാരും സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവുമാണ് കോൺഗ്രസിന് ലഭിക്കുക.
രണ്ട് മന്ത്രിസ്ഥാനം വേണമെന്നാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നത്. എന്നാൽ, കോൺഗ്രസ് ഇതിന് വഴങ്ങാൻ സാധ്യതയില്ല. ഒരു മന്ത്രിസ്ഥാനം എന്ന നിർദേശമാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്നത്.
അങ്ങനെയെങ്കിൽ, റവന്യു വകുപ്പാണ് ജോസഫ് ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. ഒരു മന്ത്രിസ്ഥാനത്തിന് പകരം, ചീഫ് വിപ്പ് സ്ഥാനം നൽകിയേക്കും എന്ന തരത്തിലും നേരത്തെ ചർച്ചകൾ നടന്നിരുന്നു. എന്നാൽ, സർക്കാർ സാമ്പത്തിക ഞെരുക്കം നേരിടുന്ന സാഹചര്യത്തിൽ ചീഫ് വിപ്പ് സ്ഥാനം വേണോ വേണ്ടയോ എന്നതാണ് നിലവിൽ കോൺഗ്രസിനകത്തെ ആലോചന.
എന്നാൽ, ഘടകകക്ഷികൾക്കുള്ളിലെ ചർച്ചകളെ അടിസ്ഥാനമാക്കി ആയിരിക്കും ഇക്കാര്യത്തിലും തീരുമാനമുണ്ടാവുക. എല്ലാ ഘടകകക്ഷികൾക്കും മന്ത്രിസ്ഥാനം നൽകുക എന്നതാണ് കോൺഗ്രസിന്റെ നിലവിലെ തീരുമാനം. ഏതൊക്കെ വകുപ്പുകളാകും അവർക്ക് നൽകുക എന്നതിൽ ഇന്നത്തെ ചർച്ചയ്ക്ക് ശേഷം തീരുമാനം ഉണ്ടാകും.
തുറമുഖ വകുപ്പാണ് സിഎംപി ആവശ്യപ്പെടുന്നത്. ഒരു പ്രത്യേക വകുപ്പ് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും പ്രധാന വകുപ്പുതന്നെ വേണം എന്ന നിലപാടിലാണ് ആർഎസ്പി. ഘടകകക്ഷികൾ ആവശ്യപ്പെടുന്ന വകുപ്പുകൾ വിട്ടുകൊടുക്കാൻ കോൺഗ്രസ് തയ്യാറാകുമോ എന്നതും അറിയേണ്ടതുണ്ട്. ചർച്ചകൾ നീട്ടിക്കൊണ്ടുപോകാതെ എത്രയും വേഗം തീരുമാനമെടുക്കുക എന്നതാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
Content Highlights: UDF cabinet formation discussions underway at Cantonment House. Congress to finalize ministerial roles and speaker positions today. Negotiations ongoing with Kerala Congress (Joseph) regarding cabinet berths. Potential distribution of key departments like Revenue and Ports. Congress aims for a swift resolution to cabinet formation.