സിസാ തോമസിനെ തിരുവനന്തപുരത്ത് തന്നെ നിയമിക്കണമെന്ന് ട്രിബ്യൂണല്‍ ഉത്തരവ്

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ ജോയന്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയ എ.പി.ജെ. അബ്ദുല്‍കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ സിസാ തോമസിനെ തിരുവനന്തപുരത്ത് തന്നെ നിയമിക്കണമെന്ന് ഉത്തരവ്. സിസാ തോമസ് നല്കിയ ഹര്‍ജിയില്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റേതാണ് ഉത്തരവ്. ഈ മാസം 31-ന് സിസ വിരമിക്കുന്നത് കൂടി കണക്കിലെടുത്താണ് ഉത്തരവ്.
സാങ്കേതിക വിദ്യാഭ്യാസ ജോയന്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് സിസാ തോമസിനെ ഇന്നലെയാണ് സര്‍ക്കാര്‍ നീക്കിയത്. വൈസ്ചാന്‍സലര്‍ സ്ഥാനത്തുനിന്ന് പുറത്തായ ഡോ. എം.എസ്. രാജശ്രീയെയാണ് പകരം നിയമിച്ചത്. സിസാ തോമസിന്റെ പുതിയ നിയമനം സംബന്ധിച്ച് പിന്നീട് ഉത്തരവിറക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്.
സര്‍ക്കാരിന്റെ അതൃപ്തിക്കിടെ ഗവര്‍ണറാണ് സിസയെ വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിയമിച്ചത്. വൈസ് ചാന്‍സലറുടെ ചുമതല ഏല്ക്കുന്നതിന് സര്‍ക്കാരിന്റെ അനുമതി സിസ തേടിയിരുന്നില്ല. ഇത് സര്‍വീസ് ചട്ടത്തിന്റെ ലംഘനമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
വി.സി.യെ നിയന്ത്രിക്കാന്‍ ഉപസമിതിയെ നിയോഗിച്ച സിന്‍ഡിക്കേറ്റിന്റെ തീരുമാനം കഴിഞ്ഞദിവസം ഗവര്‍ണര്‍ റദ്ദാക്കിയിരുന്നു. സിസാ തോമസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇതാണ് സാങ്കേതികവിദ്യാഭ്യാസ ജോയന്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അവരെ നീക്കി സര്‍ക്കാര്‍ ഉത്തരവിറക്കാന്‍ അടിയന്തര കാരണമായി മാറിയത്.
താത്കാലിക വി.സി. ആയതിനാല്‍ ആ സ്ഥാനത്ത് അധികകാലം സിസയ്ക്ക് തുടരാനാകില്ല. പുതിയ വി.സി. വരുമ്പോള്‍ ജോയന്റ് ഡയറക്ടര്‍ സ്ഥാനത്തേക്ക് തിരികെ എത്താനുമാകില്ല. ട്രിബ്യൂണല്‍ ഉത്തരവ് പ്രകാരം തിരുവനന്തപുരത്ത് അവരെ ഏത് തസ്തികയില്‍ നിയമിക്കുമെന്ന് കണ്ടറിയണം.
സര്‍ക്കാര്‍ നടപടിയില്‍ ഗവര്‍ണര്‍ക്ക് അതൃപ്തിയുണ്ടെങ്കിലും അക്കാര്യത്തില്‍ ഇടപെടാന്‍ അദ്ദേഹത്തിന് കഴിയില്ല. പക്ഷേ, സര്‍വകലാശാല വി.സി.നിയമനം സംബന്ധിച്ചുള്ള സര്‍ക്കാര്‍-ഗവര്‍ണര്‍ തര്‍ക്കം കുറച്ചുകൂടി മൂര്‍ച്ഛിക്കാന്‍ ഈ നടപടി വഴിവെക്കും.
Content Highlights: Tribunal ordered that Sisa Thomas should be appointed in Thiruvananthapuram