ട്രഷറി തട്ടിപ്പ്: ബിജുലാല്‍ അറസ്റ്റില്‍: പിടിയിലായത് അഭിഭാഷകന്റെ ഓഫീസില്‍ വെച്ച്

ബിജുലാൽ
ബിജുലാൽ

തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ കോടികളുടെ തിരിമറി നടത്തിയ കേസിലെ പ്രതി എം.ആർ. ബിജുലാല്‍ അറസ്റ്റില്‍. വഞ്ചിയൂര്‍ കോടതിക്ക് പിന്നിലുള്ള അഭിഭാഷകന്റെ ഓഫീസില്‍നിന്നാണ് ഇയാള്‍ അറസ്റ്റിലായത്.

താന്‍ ട്രഷറിയില്‍നിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ലെന്നും ഓണ്‍ലൈനില്‍ റമ്മി കളിച്ച് കിട്ടുന്ന പണമാണ് തന്റെ അക്കൗണ്ടിലുള്ളതെന്നും  അറസ്റ്റിലാകുന്നതിന് മുമ്പ് ബിജു ലാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നെ ഉപയോഗി്ച്ച് വേറെ ആരോ തട്ടിപ്പ് നടത്തിയതെന്നും  ഇക്കാര്യങ്ങള്‍ പോലീസ് അന്വേഷിക്കട്ടെ എന്നും ബിജു ലാല്‍ പറഞ്ഞു. 

പോലീസില്‍ കീഴടങ്ങാനായാണ് രാവിലെ ബിജുലാല്‍ അഭിഭാഷകന്റെ ഓഫീസിലെത്തിയത്. മാധ്യമങ്ങളുമായി സംസാരിക്കവെ പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ ബിജുലാലിനെ കമ്മീഷണര്‍ ഓഫീസിലേക്ക് കൊണ്ടുപോയി.  മുന്‍കൂര്‍ ജാമ്യം തള്ളിയതോടെയാണ് ബിജുലാല്‍ കീഴടങ്ങാനെത്തിയത്. 

വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസര്‍നെയിമും പാസ്‌വേഡും ഉപയോഗിച്ച്, ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍നിന്നാണ് ബിജുലാല്‍ തന്റെയും ഭാര്യയുടെയും ട്രഷറി അക്കൗണ്ടിലേക്ക് രണ്ടു കോടി രൂപ മാറ്റിയത്. ഇതില്‍നിന്ന് 61.23 ലക്ഷം രൂപ വിവിധ ബാങ്കുകളിലെ നാല് അക്കൗണ്ടുകളിലേക്കു മാറ്റിയിരുന്നു.

ജൂലായ് 27-നാണ് ഈ തട്ടിപ്പ് കണ്ടുപിടിക്കുന്നത്. ഏകദേശം രണ്ടു കോടിയോളം രൂപയാണ് ആണ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് എം.ആര്‍ ബിജു ലാല്‍ തന്റെയും ഭാര്യയുടെയും പേരിലേക്ക് മാറ്റിയത്. തട്ടിപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ബിജുലാലിനെ പിരിച്ചുവിട്ടിരുന്നു. 

ബിജുലാലിനെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ബിജുലാൽ ഒളിവിൽത്തുടരുന്ന സാഹചര്യത്തിലാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്. അസിസ്റ്റന്റ് കമ്മീഷണർ സുൾഫിക്കറിന്റെ നേതൃത്വത്തിൽ വഞ്ചിയൂർ സി.ഐ., വഞ്ചിയൂർ സ്റ്റേഷനിലെ പ്രൊബേഷൻ എസ്.ഐ., ഷാഡോ പോലീസ് ഉദ്യോഗസ്ഥർ, രണ്ട് സൈബർ വിദഗ്‌ധർ എന്നിവരടുന്ന സംഘമാണ് കേസന്വേഷിക്കുന്നത്

Content Highlights:  treasury financial froud case Bijulal arrest

Content Highlights: