തിരുവിതാംകൂർ ദേവസ്വംബോർഡ്: പ്രശാന്തും അജിയും ഒഴിഞ്ഞു, കെ ജയകുമാര്‍ ശനിയാഴ്ച ചുമതലയേല്‍ക്കും

ഫോട്ടോ: മാതൃഭൂമി
ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗം എ. അജികുമാർ എന്നിവരുടെ കാലാവധി വ്യാഴാഴ്ച തീർന്നു. ശബരിമല സ്വർണക്കൊള്ള വിവാദം തുടരുന്നതിനിടെയാണ് ഒഴിയുന്നത്. അവസാനദിവസം ഇരുവരും ബോർഡ് ആസ്ഥാനത്ത് എത്തിയില്ല. ജീവനക്കാരുടെയോ സംഘടനയുടെയോ ഔദ്യോഗികച്ചടങ്ങോടെയുള്ള യാത്രയയപ്പും ഇരുവരും വേണ്ടെന്നുവെച്ചു. പുതിയ പ്രസിഡന്റായി കെ. ജയകുമാറും അംഗമായി കെ. രാജുവും ശനിയാഴ്ച ചുമതലയേൽക്കും.

മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം ആരോപണങ്ങളിൽ കുടുങ്ങി നിൽക്കുകയാണ് ദേവസ്വംബോർഡും ജീവനക്കാരും. മുൻ പ്രസിഡന്റും കമ്മിഷണറുമായ എൻ. വാസു, ഉദ്യോഗസ്ഥർ തുടങ്ങിയവർ റിമാൻഡിലായി. മറ്റൊരു പ്രസിഡന്റ് എ. പത്മകുമാർ ഉടൻ അന്വേഷണ സംഘത്തിനുമുന്നിലെത്തും.

വൃശ്ചികം ഒന്നിനുതുടങ്ങുന്ന മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് ഒരുക്കങ്ങൾ പൂർത്തിയാക്കിയാണ് പ്രശാന്തും അജികുമാറും സ്ഥാനമൊഴിയുന്നത്. ജീവനക്കാരുടെ സംഘടനകളുടെ അമിത ഇടപെടലും തർക്കങ്ങളും ബോർഡിൽ കാലങ്ങളായുണ്ട്. ഭരണകക്ഷി യൂണിയനിലെ ഒരുവിഭാഗം ജീവനക്കാർ പ്രശാന്തിനെ ശത്രുപക്ഷത്താണ് നിർത്തിയത്. ഇതൊക്കെയാണ് യാത്രയയപ്പ്‌ സമ്മേളനം വേണ്ടെന്നുവെക്കാൻ കാരണം.

Content Highlights: Travancore Devaswom Board President P.S. Prashanth & Member A. Ajikumar complete their tenure amid gold smuggling controversy. New leaders to take charge.