പ്രൊഫഷണലിസവും കാര്യക്ഷമതയും പഠിപ്പിക്കും, വിദ്യാർഥികളായി മന്ത്രിമാർ; റീഇമാജിനിങ് കേരളം' ആരംഭിച്ചു

കോഴിക്കോട്: കേരളത്തിന്റെ ദീർഘകാല വികസന സാധ്യതകളും ഭാവിയിലെ വെല്ലുവിളികളും ചർച്ച ചെയ്ത് പുതിയ ആശയങ്ങളും സമീപനങ്ങളും രൂപപ്പെടുത്തുന്നതിനായി സംസ്ഥാന മന്ത്രിസഭയ്ക്കായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് (ഐ.ഐ.എം.കെ) സംഘടിപ്പിക്കുന്ന ദ്വിദിന തന്ത്രപ്രധാന നേതൃത്വ ശിൽപശാല 'റീഇമാജിനിങ് കേരളം' ഐ.ഐ.എം.കെ ക്യാമ്പസിൽ ആരംഭിച്ചു
സെപ്റ്റംബർ നാലിനും അഞ്ചിനുമാണ് ക്യാമ്പ് നടക്കുന്നത്. മുഖ്യമന്ത്രി വി.ഡി സതീശനും മന്ത്രിസഭാംഗങ്ങളും ചീഫ് സെകട്ടറി, മുഖ്യമന്ത്രിയുടെ സെക്രട്ടറി, ഒ.എസ്.ഡി, സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ എന്നിവർ പങ്കെടുക്കുന്ന ക്യാമ്പിൽ ഐ.ഐ.എം.കെ അധ്യാപകരും രാജ്യാന്തര വിദഗ്ധരും വിവിധ സെഷനുകൾ നയിക്കും. മാനേജ്മെന്റ് ഡവലപ്മെന്റ് സെന്റർ ക്ലാസ്- ഒന്നിൽ ആണ് ശിൽപശാല നടക്കുന്നത്.
വെള്ളിയാഴ്ച്ച രാവിലെ 9-ന് മുഖ്യമന്ത്രി വി.ഡി സതീശൻ തിരി തെളിച്ചതോടെയാണ് ആദ്യദിന പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് രാവിലെ 9.30ന് 'Transformational Leadership in the Age of AI: Engaging People with Purpose and Impact' എന്ന വിഷയത്തിൽ ആദ്യ സെഷൻ ഐ.ഐ.എം.കെ ഡയറക്ടർ പ്രൊഫ. ദേബാശിഷ് ചാറ്റർജിയാണ് നയിക്കുന്നത്.
നിർമിതബുദ്ധിയുടെ കാലത്തെ നേതൃത്വം, നയങ്ങളെ ജനജീവിതത്തിലെ സുസ്ഥിര മാറ്റങ്ങളാക്കി മാറ്റുന്നതിനുള്ള സമീപനങ്ങൾ, കാലാവസ്ഥാ പ്രതിരോധം, സമൂഹാധിഷ്ഠിത ദുരന്തനിവാരണം, പൊതുജനാരോഗ്യം, വയോജന സമൂഹം, സിൽവർ ഇക്കോണമി, സാമ്പത്തിക-ധനകാര്യ മേഖല, തൊഴിൽ, സംരംഭകത്വം, നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസം, കേരളത്തിന്റെ ആഗോള ബ്രാൻഡിംഗ് തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്.
ആദ്യദിനത്തിൽ കേരളത്തെ ആരോഗ്യ-ക്ഷേമ കേന്ദ്രമായി ഉയർത്തുന്നതിനുള്ള സാധ്യതകളും 'Silver Economy Mission' സംബന്ധിച്ച സാധ്യതകളും ചർച്ച ചെയ്യും. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനും സമൂഹാധിഷ്ഠിത ദുരന്തനിവാരണത്തിനുമുള്ള സമീപനങ്ങളും പരിഗണിക്കും. പൊതുജനാരോഗ്യത്തിന്റെ ഭാവി സംബന്ധിച്ച സെഷനിൽ നാരായണ ഹെൽത്ത് സ്ഥാപകൻ ഡോ. ദേവി ഷെട്ടി പങ്കെടുക്കും.
ജപ്പാനിലെ കിയോ സർവകലാശാലയിലെ പ്രൊഫ. രാജിബ് ഷാ, കിംഗ്സ് കോളജ് ലണ്ടനിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. സഞ്ചയൻ ബാനർജി തുടങ്ങിയ അന്തർദേശീയ വിദഗ്ധരും വിവിധ സെഷനുകളിൽ പങ്കെടുക്കും. ഭരണനയങ്ങൾ സമൂഹത്തിൽ സുസ്ഥിരമായ മാറ്റങ്ങളായി എങ്ങനെ പരിവർത്തനം ചെയ്യാമെന്നതും ആഗോള മികച്ച മാതൃകകളും ചർച്ചയാകും.
'റീ ഇമാജിനിങ് കേരളം' പരിശീലനത്തിൽ വലിയ പ്രതീക്ഷയോടെയും സന്തോഷത്തോടെയുമാണ് പങ്കെടുക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. കേരള മന്ത്രിസഭയ്ക്കായി ഐ.ഐ.എം.കെ സമർപ്പിത നേതൃത്വ പരിപാടി സംഘടിപ്പിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2011-ൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്കായി ഐ.ഐ.എം.കെ ഏകദിന നേതൃത്വ-മാനേജ്മെന്റ് പരിപാടി സംഘടിപ്പിച്ചിരുന്നു.
Content Highlights: training class for kerala ministers strategic leadership workshop at IIM Kozhikode, focusing on long-term development and future challenges of the state.