തീവണ്ടികളിലെ ‘ഗാനമേള’കൾ അതിരുവിടുന്നു; യുവാവിന്റെ മുഖത്തേക്ക് വെള്ളം തെറിപ്പിച്ചു, ചെരിപ്പുകൾ പുറത്തേക്ക് വലിച്ചെറിഞ്ഞു

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: AI Generated
പ്രതീകാത്മക ചിത്രം | Photo: AI Generated

കാസർകോട്: തീവണ്ടികളിൽ കൂട്ടമായി എത്തുന്നവരുടെ ഗാനമേളയും കളികളും മറ്റു യാത്രക്കാർക്ക് ദുസ്സഹമാകുന്നതായി ആക്ഷേപം. ഇതു സംബന്ധിച്ച് റെയിൽവേ അധികൃതർക്ക് പരാതി നൽകിയാലും നടപടികളുണ്ടാകുന്നില്ലെന്നാണ് ആരോപണം. പ്രശ്നക്കാരെ ചോദ്യം ചെയ്താലോ പരാതി പറഞ്ഞാലോ ഇവർക്കുനേരെ ശല്യമുണ്ടാക്കുന്നതാണ് ഇത്തരക്കാരുടെ രീതി.

സെപ്റ്റംബർ 22-ന് മംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ ഉപ്പള സ്വദേശിയായ യുവാവിനുണ്ടായ അനുഭവം ക്രൂരമായിരുന്നു. ഇയാളുടെ ചെരിപ്പുകൾ പുറത്തേക്ക് വലിച്ചെറിഞ്ഞു. മുഖത്തേക്ക് വെള്ളം തെറിപ്പിച്ചു. തുടർന്ന്‌ മംഗളൂരു റെയിൽവേ സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നടപടികളുണ്ടായില്ലെന്ന് യുവാവ് പറയുന്നു. രാവിലെയും വൈകീട്ടുമുള്ള മലബാർ എക്സ്പ്രസ്, കണ്ണൂർ-മംഗളൂരു പാസഞ്ചർ തീവണ്ടികളിലും ഗാനമേളകൾ പതിവാണ്. കാസർകോടിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന സീസൺ ടിക്കറ്റുകാരും സംഘടിതമായി ഗാനമേള നടത്തുന്നതായി പരാതിയുണ്ട്.

തീവണ്ടി കോച്ചുകളിൽ ഒന്നിച്ചു കയറുന്ന ഇവർ സീറ്റുകൾ കൈയടക്കുകയും മറ്റുള്ളവർക്കുള്ള സീറ്റുകൾ നിഷേധിക്കുകയും ചെയ്യുന്നു. കൂടാതെ പാട്ട് ആസ്വദിക്കാനായി എത്തുന്നവർ കൂട്ടത്തോടെ നിൽക്കുന്നത് തീവണ്ടിക്കുള്ളിൽ യാത്രാതടസ്സം സൃഷ്ടിക്കുന്നതായും യാത്രക്കാർ പറയുന്നു. സീറ്റുകൾ വേണ്ടപ്പെട്ടവർക്കായി സംരക്ഷിച്ചു വെക്കുന്ന രീതിയും പതിവാണ്. പലപ്പോഴും ഇത്തരം കാര്യങ്ങൾ വാക്കേറ്റത്തിനും കയ്യാങ്കളിയിലേക്കെത്തുകയും ചെയ്യാറുണ്ട്.

തീവണ്ടികളിൽ ഈയടുത്തകാലത്തായി പെൺകുട്ടികൾക്ക് നേരെയുള്ള ഉപദ്രവവും വർധിച്ചു വരികയാണ്. റെയിൽവേ മന്ത്രാലയം എടുക്കുന്ന നടപടികളെല്ലാം ഫയലിൽ കിടക്കുന്നെന്നാണ് യാത്രക്കാർ പറയുന്നത്. അടുത്ത ദിവസങ്ങളിൽ കാഴ്ച പരിമിതിയുള്ള ഒരു സ്ത്രീയെയും ഓഖ എക്സ്പ്രസ്സിൽ യാത്ര ചെയ്ത പെൺകുട്ടിയേയും ശല്യം ചെയ്ത മൂന്നുപേരെ കാസർകോട് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഉച്ചത്തിലുള്ള ഫോൺ വിളി, ഹെഡ്സെറ്റ് ഉപയോഗിക്കാതെ പാട്ടുകേൾക്കൽ തുടങ്ങി സഹയാത്രികർക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ പെരുമാറിയാൽ 1000 രൂപ പിഴയും ആറുമാസം തടവും ലഭിക്കുമെന്ന് ദക്ഷിണ റെയിൽവേ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും നടപടികളിലേക്ക് കടന്നിട്ടില്ല.

പലപ്പോഴും ഉച്ചത്തിലുള്ള പാട്ടും സംഗീതവും തീവണ്ടിയിലെ മറ്റ് യാത്രക്കാർക്ക് അസൗകര്യം ഉണ്ടാക്കുന്നുവെന്നും അവരുടെ യാത്രയെയും വിശ്രമത്തെയും ബാധിക്കുന്നുവെന്നും വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് ദക്ഷിണ റെയിൽവേയുടെ ഉത്തരവ്.

Content Highlights: Commuters on Kasaragod train routes express outrage over growing nuisance from noisy group singing, seat blocking, and harassment of fellow passengers, despite Southern Railway rules imposing fines and jail terms.