പോലീസ് കാവലില്‍ പരസ്യ മദ്യപാനത്തിന് കൊടി സുനിക്കെതിരെ കേസെടുത്തു

കൊടി സുനി മദ്യപിക്കുന്നതിന്റെ സിസിടിവി ദൃശ്യം
കൊടി സുനി മദ്യപിക്കുന്നതിന്റെ സിസിടിവി ദൃശ്യം

തലശ്ശേരി:  കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കൊണ്ടുപോകവെ ടി.പി.ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതികള്‍ മദ്യപിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. ടി.പി.വധക്കേസിലെ കുറ്റവാളികളായ കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ക്കെതിരെ പരസ്യമദ്യപാനത്തിന് അബ്കാരി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പോലീസ് കാവലിലായിരുന്നു ഇവരുടെ മദ്യപാനം. സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടായിരുന്നു. പരസ്യമദ്യപാനത്തില്‍ പോലീസ് ആദ്യം കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. പിന്നീട് ഡിജിപിയുടെ ഇടപെടലടക്കം ഉണ്ടായതോടെയാണ് കേസെടുക്കാന്‍ തലശ്ശേരി പോലീസ് തയ്യാറായത്.

കോടതിപരിസരത്തെ മദ്യപാനത്തില്‍ നടപടിയെടുക്കുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന കാര്യവും പരിശോധിച്ച് നടപടിയുണ്ടാകും.  കൊടി സുനിയുടെ മദ്യപാനത്തില്‍ കേസെടുക്കാനായി പോലീസ് നിയമോപദേശം തേടിയിരുന്നു. 

കൊടി സുനിയും കൂട്ടരും കോടതിപരിസരത്ത് ഇതിനുമുന്‍പും മദ്യപിച്ചിട്ടുള്ളതായി പോലീസ് രഹസ്യാന്വേഷണവിഭാഗം കണ്ടെത്തിയിരുന്നു. മാഹി ഇരട്ടക്കൊലപാതക കേസില്‍ തലശ്ശേരി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോഴായിരുന്നു എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ സാന്നിധ്യത്തില്‍ മദ്യപാനം. മദ്യപാനത്തിന് കൂട്ടുനിന്നുവെന്ന് ആരോപിച്ച് കണ്ണൂര്‍ എ.ആര്‍ ക്യാമ്പിലെ മൂന്ന് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതിനിടെ, പോലീസ് സാന്നിധ്യത്തില്‍ മദ്യപിച്ചതിനെതിരേ കൊടി സുനിയുടെ പേരില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു,  ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.

Content Highlights: TP Chandrasekharan Murder Case Accused Charged with Public Drinking Inside Court Premises