ഒരുദിവസം പോലും ജയിലിൽ കിടന്നിട്ടില്ലല്ലോ, ഇത്രയും അസുഖംവെച്ച് എന്തിന് വിദേശത്ത് പോകുന്നു?- തച്ചങ്കരിയോട് ഹൈക്കോടതി

കൊച്ചി: വിദേശയാത്രയ്ക്ക് അനുമതി തേടിയ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്കെതിരേ ഹൈക്കോടതി. ശിക്ഷിച്ചിട്ട് ഒരുദിവസം പോലും ജയിലിൽ കഴിഞ്ഞിട്ടില്ലല്ലോയെന്ന് കോടതി ചോദിച്ചു.
‘എല്ലാദിവസവും ജയിലിലെ ആശുപത്രിയിൽ ആയിരുന്നല്ലോ. വളരെ ഗുരുതരമായ അസുഖങ്ങളുണ്ടെന്നാണല്ലോ പറയുന്നത്. ഇത്രയും അസുഖമൊക്കെവെച്ച് എന്തിനാണ് വിദേശത്ത് പോകുന്നത്, കോടതി ആരാഞ്ഞു. വിദേശയാത്രയ്ക്ക് അനുമതി തേടിക്കൊണ്ടുള്ള തച്ചങ്കരിയുടെ അപേക്ഷ ജസ്റ്റിസ് എ. ബദറുദ്ദീനാണ് പരിഗണിച്ചത്.
ഷാർജയിലെ ഒരു സ്ഥാപനത്തിൽ ഓപ്പറേഷണൽ മാനേജരായി ജോലിയുണ്ടെന്നും മറ്റൊരു ഐടി കമ്പനിയിൽ നിക്ഷേപമുണ്ടെന്നും കാണിച്ചാണ് വിദേശയാത്രയ്ക്ക് തച്ചങ്കരി അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ഹർജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
അനധികൃത സ്വത്തുസമ്പാദനക്കേസിൽ കഴിഞ്ഞ സെപ്റ്റംബർ 17-നാണ് കോട്ടയം വിജിലൻസ് കോടതി തച്ചങ്കരിക്ക് നാലുവർഷം കഠിനതടവും 30,84,892 രൂപ പിഴയും വിധിച്ചത്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു മുൻ ഡിജിപി അഴിമതിക്കേസിൽ ജയിലിലാകുന്നത്. തുടർന്ന് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയ അദ്ദേഹം ഒരുമാസത്തോളം ശിക്ഷ അനുഭവിച്ചു. ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചതിനെ തുടർന്ന് പുറത്തിറങ്ങിയെങ്കിലും അദ്ദേഹത്തിന്മേലുള്ള വിദേശയാത്രാവിലക്ക് നിലനിൽക്കുന്നുണ്ട്.
Content Highlights: Kerala High Court questioned former DGP Tomin Thachankary's foreign travel application., Court noted he did not spend a single day in actual prison despite a 4-year rigorous imprisonment sentence., Thachankary sought permission to travel to Sharjah for employment and business purposes., His sentence was earlier suspended by the High Court, but the foreign travel ban remains active.