സിപിഎം ജില്ലാ സെക്രട്ടറിയേറ്റിൽ തിരിച്ചെത്തി ടി.എം. സിദ്ദീഖ്

എരമംഗലം (മലപ്പുറം): കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി പ്രഖ്യാപനസമയത്തെ പരസ്യ പ്രതിഷേധവുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടിക്കുവിധേയനായ മുൻ ജില്ലാ സെക്രട്ടേറിയറ്റംഗം ടി.എം. സിദ്ദീഖ് വീണ്ടും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റിൽ തിരിച്ചെത്തി.
താനൂരിൽ നടന്ന ജില്ലാ സമ്മേളനത്തോടെ ജില്ലാ കമ്മിറ്റിയിലേക്കും ചൊവ്വാഴ്ച ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ജില്ലാ സെക്രട്ടറിയേറ്റിലേക്കും തിരഞ്ഞെടുത്തിരുന്നു. ജില്ലാ സെക്രട്ടറി വി.പി. അനിൽ ഉൾപ്പെടെ പത്തുപേരാണ് ജില്ലാ സെക്രട്ടറിയേറ്റ്. ഇതിൽ പൊന്നാനിയിൽനിന്ന് ടി.എം. സിദ്ദീഖിന് പുറമെ അഡ്വ. പി.കെ. ഖലീമുദ്ദീനും ജില്ലാ സെക്രട്ടറിയേറ്റിലുണ്ട്. കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗമായ ഖലീമുദ്ദീൻ മധുരയിലെ പാർട്ടി കോൺഗ്രസിലും പങ്കെടുത്തിരുന്നു.
2021 -ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പി. ശ്രീരാമകൃഷ്ണന് പകരമായി ടി.എം. സിദ്ദീഖ് സ്ഥാനാർഥിയാവുമെന്നായിരുന്നു പാർട്ടി അണികളിൽ ഒരുവിഭാഗം കരുതിയിരുന്നത്. ഇതിനിടയിൽ പി. നന്ദകുമാർ സ്ഥാനാർഥിയായി എത്തുന്നതോടെയാണ് സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് പരസ്യപ്രതിഷേധങ്ങളുണ്ടായത്. തുടർന്ന് പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷൻ റിപ്പോർട്ടിനെത്തുടർന്നാണ് ടി.എം. സിദ്ദീഖിനെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽനിന്ന് നീക്കംചെയ്തത്. കമ്മിഷൻ റിപ്പോർട്ടിൽ വ്യാപകമായ അപാകതയുണ്ടെന്ന പ്രതിഷേധവും ഉയർന്നിരുന്നു. അന്നത്തെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരിട്ടു ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.
പിന്നീട് 2022 ഏപ്രിലിൽ ജില്ലാകമ്മിറ്റിയുടെ അംഗീകാരത്തോടെ ടി.എം. സിദ്ദീഖിനെ പൊന്നാനി ഏരിയാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നു. 54 -കാരനായ ടി.എം. സിദ്ദീഖ് 1989 -ലാണ് പാർട്ടി അംഗമാവുന്നത്. 1991 -ൽ വെളിയങ്കോട് ബ്രാഞ്ച് സെക്രട്ടറിയും 1997 -ൽ വെളിയങ്കോട് ലോക്കൽ സെക്രട്ടറിയാവുകയും പിന്നീട് സിപിഎം പൊന്നാനിയുടെ ഏരിയാ സെക്രട്ടറിയായി. 2017 -ൽ പാലപ്പെട്ടി പുതിയിരുത്തിയിൽ നടന്ന ഏരിയാ സമ്മേളനത്തിലാണ് സിദ്ദീഖ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്.
Content Highlights: tm siddique back in cpm district secreteriat