അജിത്കുമാറിനുവേണ്ടി ‘രക്ഷാപ്രവർത്തനം’; പൂരംകലക്കൽ മറന്നു, പൂരപ്രേമികൾക്ക് അതൃപ്തി

തൃശ്ശൂർ: ആലപ്പുഴയിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗരക്ഷകർ മർദിച്ച കേസിൽ എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനെ രക്ഷിക്കാൻ യു.ഡി.എഫ്. സർക്കാർ ശ്രമിക്കുന്നുവെന്ന സംശയം ഉയരവെ തൃശ്ശൂർ പൂരം പ്രേമികൾക്കും അതൃപ്തി. 2024-ൽ നടന്ന പൂരംകലക്കലിൽ അജിത് കുമാറിന് പങ്കുള്ളതായി ആരോപണമുണ്ടായിരുന്നു.
അജിത് കുമാർ ഉൾപ്പെടെയുള്ളവർക്കെതിരേ പ്രതിപക്ഷത്തായിരുന്നപ്പോൾ കോൺഗ്രസ് വൻവിമർശനമാണ് ഉയർത്തിയത്. അന്ന് കോൺഗ്രസ് സംഘടിപ്പിച്ച ‘സി.പി.എം.- ആർ.എസ്.എസ്. കൂട്ടുകെട്ടിനെതിരേയുള്ള പ്രതിഷേധസംഗമം’ ഉദ്ഘാടനംചെയ്തത് പ്രതിപക്ഷനേതാവായിരുന്ന വി.ഡി. സതീശനാണ്. അജിത് കുമാറാണ് പൂരംകലക്കിയതെന്ന് അന്ന് വി.ഡി. സതീശൻ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങളിൽ കോൺഗ്രസ് മുന്നിലായിരുന്നു.
സി.പി.എം. - ബി.ജെ.പി. ഡീലിന്റെ ഭാഗമായി സുരേഷ് ഗോപിയെ ലോക്സഭയിലേക്ക് ജയിപ്പിക്കാനായി തയ്യാറാക്കിയ പ്ലാനായിരുന്നു പൂരംകലക്കൽ എന്ന രീതിയിലാണ് കോൺഗ്രസ് ആരോപണം ഉയർത്തിയിരുന്നത്. അന്ന് സുരേഷ് ഗോപിക്കെതിരേ മത്സരിച്ചത് കെ. മുരളീധരനായിരുന്നുതാനും. മുരളീധരന്റെ തോൽവിയുടെ പ്രധാനകാരണമായി കണ്ടെത്തിയതും സുരേഷ് ഗോപിക്ക് അനുകൂലമായി വന്നുഭവിച്ച പൂരംകലക്കലായിരുന്നു.
കെ. മുരളീധരൻ ഉൾപ്പെടെയുള്ളവർ ഭരണത്തിലെത്തുന്നതിനു തൊട്ടുമുൻപുവരെ അജിത് കുമാറിനെതിരേ രൂക്ഷ വിമർശനമാണ് ഉയർത്തിയിരുന്നത്. അജിത് കുമാറിനെ രക്ഷിക്കാൻ മുഖ്യമന്ത്രി തിരക്കഥ തയ്യാറാക്കുകയാണ് എന്നാണ് ഫെബ്രുവരിയിൽ നടന്ന യോഗത്തിൽ കെ. മുരളീധരൻ കുറ്റപ്പെടുത്തിയത്. തുടർന്നുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം പൂരംകലക്കൽ കോൺഗ്രസ് ചർച്ചയാക്കിയിരുന്നു.
പൂരംകലക്കൽ കണ്ടെത്താൻ അന്നത്തെ സർക്കാർ മൂന്ന് അന്വേഷണങ്ങൾ പ്രഖ്യാപിച്ചെങ്കിലും ഒന്നിലും റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയോ നടപടിയുണ്ടാകുകയോ ചെയ്തിട്ടില്ല. സംഭവത്തിൽ എ.ഡി.ജി.പി. അജിത് കുമാറിന് എന്തെങ്കിലും പങ്കുണ്ടോ എന്നതു സംബന്ധിച്ചായിരുന്നു ഈ അന്വേഷണങ്ങളിൽ ഒന്ന്. പൂരം സംഘാടകരുടേത് ഉൾപ്പെടെ ഒട്ടേറെപ്പേരുടെ മൊഴികൾ പലതവണ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പോലീസിനെ കുറ്റപ്പെടുത്തിക്കൊണ്ടാണ് സംഘാടകരിൽ മിക്കവരും മൊഴി നൽകിയിരുന്നതും.
Content Highlights: Allegations of political interference in the 2024 Thrissur Pooram disruption., Concerns over protecting ADGP Ajith Kumar despite past accusations., Congress party's shifting stance on the police official's role., Failure of multiple government-led investigations to produce reports., Impact of the sabotage on the 2024 electoral outcomes in Thrissur.