കർഷകസംഘം ജില്ലാ ഓഫീസ് നിർമിക്കാൻ വൻപിരിവ്; മൂന്ന് വർഷം കഴിഞ്ഞിട്ടും ഓഫീസില്ല, പുകയായോ 50 ലക്ഷം?

#എം.ബി. ബാബു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശ്ശൂർ: കർഷകസംഘം ജില്ലാ സമ്മേളനം ശനിയാഴ്ച ആരംഭിക്കുമ്പോൾ വിവിധ കാര്യങ്ങൾ തുറന്നടിക്കാൻ ഒരു വിഭാഗം തയ്യാറെടുക്കുന്നു. തൃശ്ശൂരിൽ 2022 ഡിസംബറിൽ നടന്ന ഓൾ ഇന്ത്യാ കിസാൻ സഭയുടെ അഖിലേന്ത്യാ സമ്മേളനത്തിൽ ബാക്കി വന്ന തുക നിശ്ചയിച്ച കർഷക സംഘം ജില്ലാ കമ്മിറ്റിക്ക് കൈമാറിയില്ല.

ഈ തുകയുപയോഗിച്ച് കർഷകസംഘം ജില്ലാ കമ്മിറ്റി ഓഫീസ് നിർമിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. പണം കിട്ടാത്തതിനാൽ ഓഫീസ് നിർമാണം നടന്നില്ല. സി.പി.എമ്മിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഇപ്പോൾ കർഷകസംഘം ജില്ലാ കമ്മിറ്റി ഓഫീസുള്ളത്.

2022 ഡിസംബർ 16-നാണ് കിസാൻ സഭയുടെ അഖിലേന്ത്യാ സമ്മേളനം തൃശ്ശൂരിൽ സമാപിച്ചത്. നാലു വർഷത്തോളമായിട്ടും ബാക്കിയുള്ള തുക കർഷകസംഘത്തിന് കൈമാറിയില്ല. ഏതാണ്ട് 50 ലക്ഷമുണ്ടെന്നാണ് കണക്ക്. അഖിലേന്ത്യാ സമ്മേളന നടത്തിപ്പിന് പുറമേ കർഷക സംഘം ജില്ലാ കമ്മിറ്റിക്ക് ഓഫീസും നിർമിക്കണമെന്നതിനാൽ വൻ പിരിവാണ് 2022-ലെ സമ്മേളന സമയത്ത് സംഘാടകർ നടത്തിയത്.

ഇതിന്റെ ഭാഗമായി പുറത്തിറക്കിയ സ്മരണികയിൽ പരസ്യത്തിനായി സഹകരണ ബാങ്കുകളിൽനിന്ന് നിർബന്ധിത പിരിവ് നടത്തി വൻ തുക വാങ്ങിയതായും ആരോപണമുണ്ടായിരുന്നു. നിർബന്ധിത പിരിവിനെപ്പറ്റി കരുവന്നൂർ കള്ളപ്പണക്കേസ് അന്വേഷിച്ച ഇ.ഡി.യുടെ മുന്നിൽ പരാതിയെത്തിയതോടെ പിരിവിന് നേതൃത്വം നൽകിയ നേതാവിനേയും സഹകരണ രജിസ്ട്രാറേയും ഇ.ഡി. ചോദ്യം ചെയ്തിരുന്നു. ഏറ്റവും വലിയ പിരിവ് നൽകിയ രണ്ടു ബാങ്കുകളിലും ഇ.ഡി.പരിശോധനയും നടത്തി.

'പണം നൽകാനുള്ള തീരുമാനം അറിയില്ല'

കിസാൻസഭയുടെ അഖിലേന്ത്യാ സമ്മേളനത്തിന് ബാക്കി വന്ന പണം കർഷക സംഘം ജില്ലാ കമ്മിറ്റിക്ക് ഓഫീസ് നിർമിക്കാൻ നൽകുമെന്ന തീരുമാനത്തെപ്പറ്റി അറിയില്ലെന്ന് സംഘം ജില്ലാ സെക്രട്ടറി എ.എസ്. കുട്ടി പ്രതികരിച്ചു. ബാക്കി പണം കിസാൻസഭയുടെ അക്കൗണ്ടിലുണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.  

ജില്ലാ സമ്മേളനം അഞ്ച്, ആറ് തീയതികളിൽ

കേരള കർഷകസംഘം ജില്ലാ സമ്മേളനം അഞ്ച്, ആറ് തീയതികളിൽ ചേലക്കര എം.എസ്.എൻ. ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജില്ലയിലെ 17 ഏരിയകളിൽനിന്നായി 7,32,834 അംഗങ്ങളെ പ്രതിനിധാനംചെയ്ത്‌ 404 പേർ പങ്കെടുക്കും.

സമ്മേളനനഗരിയിലേക്കുള്ള പതാകജാഥ നാലിന് ഉച്ചകഴിഞ്ഞ് രണ്ടിന് ചൂണ്ടൽ കെ.പി. അരവിന്ദാക്ഷൻ സ്മൃതിയിൽ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എ.സി. മൊയ്തീൻ എം.എൽ.എ.യും കൊടിമരജാഥ മൂന്നിന് എളനാട് സി.വി. ദാമോദരൻ രക്തസാക്ഷികുടീരത്തിൽ ജില്ലാ സെക്രട്ടറി എ.എസ്. കുട്ടിയും ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറോടെ ചേലക്കര ബസ്‌സ്റ്റാൻഡിൽ ജാഥകൾ എത്തിച്ചേരും. തുടർന്ന് യു.ആർ. പ്രദീപ് എം.എൽ.എ. പതാക ഉയർത്തും.

അഞ്ചിന് രാവിലെ 9.45-ന് കർഷകസംഘം ജില്ലാ പ്രസിഡന്റ് പി.ആർ. വർഗീസ് സമ്മേളനനഗറിൽ പതാകയുയർത്തും. സംസ്ഥാനസെക്രട്ടറി വത്സൻ പനോളി സമ്മേളനം ഉദ്ഘാടനം ചെയ്യും. ആറിന് വൈകീട്ട് മൂന്നിന് 7,500-ഓളം പേർ പങ്കെടുക്കുന്ന പ്രകടനമുണ്ടാകും. തുടർന്ന് ചേലക്കര ബസ്‌സ്റ്റാന്റിൽ പ്രത്യേകം തയ്യാറാക്കിയ കൊടിയേരി ബാലകൃഷ്ണൻ നഗറിൽ പൊതുസമ്മേളനം സി.കെ.സി. അംഗം കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എ.എസ്. കുട്ടി, ജില്ലാ പ്രസിഡന്റ് പി.ആർ. വർഗീസ്, ടി.എ. രാമകൃഷ്ണൻ, പി.എ. ബാബു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Content Highlights: Rs 50 lakh remaining from the 2022 All India Kisan Sabha in Thrissur has not been handed over to the district committee., The funds were originally intended to build a new office for the Karshaka Sangham., ED investigated cooperative banks over forced collections for the souvenir publication linked to the event.