തൃപ്പൂണിത്തുറ പള്ളിയിലെ അക്രമം; സഭാനേതൃത്വവും നിയമസംവിധാനവും ഉറക്കം നടിക്കരുത്-അതിരൂപത സംരക്ഷണ സമിതി

കൊച്ചി: തൃപ്പൂണിത്തുറ സെന്റ്‌മേരീസ് ഫൊറോനാ പള്ളി വികാരിക്കും പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ക്കും നേരെ നടന്നത് കരുതി കൂട്ടി നടത്തിയ അക്രമണമാണെന്ന് അതിരൂപത സംരക്ഷണ സമിതി. സിനഡല്‍ രീതിയിലുള്ള കുര്‍ബാനയര്‍പ്പണം വേണം എന്ന് വാദിക്കുന്ന ഒരു സംഘം ഗൂഢാലോചനക്ക് ശേഷം നടത്തിയ ആക്രമണമാണ് ഇതെന്നും ഇക്കാര്യത്തില്‍ സഭാ നേതൃത്വവും നിയമ സംവിധാനവും ഉറക്കം നടിക്കരുതെന്നും അതിരൂപത സംരക്ഷണ സമിതി കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം കുര്‍ബാന തര്‍ക്കത്തിനിടെ തൃപ്പൂണിത്തുറ സെന്റ്‌മേരീസ് ഫൊറോനാ പള്ളി വികാരി ഫാ. ജോഷി വേഴപ്പറമ്പനും പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ക്കും നേരെ അതിക്രമം ഉണ്ടായിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് അതിരൂപത സംരക്ഷണ സമിതി ഉയര്‍ത്തുന്നത്. വൈദികനെതിരെ അക്രമം നടത്തിയ പ്രതികളെ മുഴുവന്‍ തിരിച്ചറിഞ്ഞിട്ടും പോലീസ് നിഷ്‌ക്രിയത്വം പാലിക്കുന്നതും സഭാധികാരികള്‍ നിശബ്ദത പാലിക്കുന്നതും അത്യന്തം അപലപനീയമാണെന്നും അതിരൂപത സംരക്ഷണ സമിതി വ്യക്തമാക്കി.
ഒരു വൈദികനെ ദേഹോപദ്രവം ചെയ്യുക എന്നത് ക്രൈസ്തവ സമൂഹത്തിന് ഉള്‍കൊള്ളാനാകാത്ത കാര്യമാണ്. അക്രമികളെ നിരന്തരം കാണുകയും പ്രോത്സാഹിപ്പിക്കുകയും മൃഗീയമായ ആക്രമണങ്ങള്‍ നടക്കുമ്പോള്‍ പോലും നിശബ്ദത പാലിക്കുകയും രാഷ്ട്രീയ അധികാരികളുടെയും പോലീസിന്റെയും സംരക്ഷണം അവര്‍ക്ക് നല്‍കുകയും ചെയ്യുന്ന സഭാധികാരികളുടെ രീതി ക്രൈസ്തവ വിരുദ്ധമാണ്. സിനഡ് മെത്രാന്മാര്‍ അടിയന്തിര ശ്രദ്ധ ഈ വിഷയത്തില്‍ കൊടുക്കുകയും എത്രയും പെട്ടെന്ന് ജനാഭിമുഖ കുര്‍ബാന നിയമവിധേയമാക്കി മാറ്റുകയും ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.
Content Highlights: st mary's forane church tripunithura church dispute