'സ്‌ഫോടനത്തില്‍ വീടാകെ തകര്‍ന്നു, പള്ളിയില്‍ പോയതുകൊണ്ട് രക്ഷപ്പെട്ടു'; യുദ്ധഭൂമിപോലെ ചൂരക്കാട്

#സ്വന്തം ലേഖകന്‍
സ്ഫോടനത്തിൽ തകർന്ന ബീനയുടെ വീട്. സ്ഫോടനം നടന്ന സ്ഥലം ജനലിന് പുറത്ത് കാണാം | Photo: Jaiwin T Xavier/ Mathrubhumi dotcom
സ്ഫോടനത്തിൽ തകർന്ന ബീനയുടെ വീട്. സ്ഫോടനം നടന്ന സ്ഥലം ജനലിന് പുറത്ത് കാണാം | Photo: Jaiwin T Xavier/ Mathrubhumi dotcom

കൊച്ചി: 'ഞങ്ങള്‍ വാരപ്പുഴ പള്ളിയില്‍ പോയിരിക്കുകയായിരുന്നു. കുര്‍ബാന കഴിഞ്ഞിറങ്ങിയപ്പോഴാണ് സ്‌ഫോടനം നടന്ന വിവരം അറിയുന്നത്. ഇവിടെയെത്തി നോക്കുമ്പോള്‍ വീടാകെ തകര്‍ന്നിരിക്കുകയാണ്. പള്ളിയില്‍ പോയിരുന്നതുകൊണ്ട് രക്ഷപ്പെട്ടു.' ചൂരക്കാട്ടെ വീടിനുസമീപമുള്ള കടത്തിണ്ണയിലിരുന്ന് സംസാരിക്കുമ്പോള്‍ ബീനയുടെ തൊണ്ടയിടറി. പതിറ്റാണ്ടിലേറെയായി താമസിച്ചിരുന്ന വീടാണ് പള്ളിയില്‍ പോയി തിരികെ വരുന്ന ഇടവേളയില്‍ വാസയോഗ്യമല്ലാതായി മാറിയിരിക്കുന്നത്.

തിങ്കളാഴ്ച സ്‌ഫോടനമുണ്ടായ തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിലെ വെടിക്കെട്ടിനുള്ള പടക്കവും സ്‌ഫോടകവസ്തുക്കളും സൂക്ഷിച്ചിരുന്ന സ്ഥലത്തിനോട് ചേര്‍ന്നാണ് ബീനയുടെ വീട്. 'വീടിന്റെ ഭിത്തി പലയിടത്തും തകര്‍ന്നു. അകത്തെ ഫര്‍ണിച്ചറുകളും മറ്റുപകരണങ്ങളുമെല്ലാം നശിച്ചു. സ്ഥലപരിമിതി മൂലം രണ്ടു മാസം മുമ്പാണ് വീടിനു പിന്നില്‍ പുതിയൊരു ഭാഗം നിര്‍മിച്ചത്. അതെല്ലാം തകര്‍ന്നു. ഇനിയെന്ത് ചെയ്യണമെന്നറിയില്ല' -ബീന കൂട്ടിച്ചേര്‍ത്തു.

സ്ഫോടനം നടന്ന ചൂരക്കാട് നിന്നുള്ള ദൃശ്യം | Photo: Jaiwin T Xavier/ Mathrubhumi dotcom

ബീനയുടെ മാത്രമല്ല, പുതിയകാവ് ചൂരക്കാട്ടെ മിക്കവാറും വീടുകളിലെ അവസ്ഥ ഇതിനു സമാനമാണ്. രണ്ടര കിലോമീറ്ററോളം അകലെ വരെ പ്രഭാവമുണ്ടാക്കിയ സ്‌ഫോടനത്തിന്റെ ശക്തിയില്‍ നിരവധി വീടുകളാണ് തകര്‍ന്നത്. യുദ്ധസമാനമാണ് ഇവിടത്തെ അവസ്ഥ. സ്‌ഫോടനമുണ്ടായ സ്ഥലത്തിന് സമീപമുള്ള വീട്ടുകാരെയെല്ലാം പോലീസ് ഒഴിപ്പിച്ചു. വീടുകളില്‍ പരിശോധന നടത്തിയ ശേഷമേ ഇനി താമസിക്കാനാകൂ.

രാവിലെ 10.40-ഓടെയാണ് സ്‌ഫോടനമുണ്ടായത്. ആദ്യ സ്‌ഫോടനശബ്ദം കേട്ടപ്പോള്‍ ക്ഷേത്രത്തിലെ വെടിക്കെട്ടാണെന്നാണ് പലരും കരുതിയത്. 'ആദ്യം ചെറിയ ശബ്ദമാണ് കേട്ടത്. എന്നാല്‍, പിന്നീട് കൂടുതല്‍ ശക്തിയിലാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. ഞാന്‍ മുറ്റത്ത് നില്‍ക്കുകയായിരുന്നു. മുകളിലെ ഷീറ്റ് പറന്നുവന്ന് തലയില്‍ വീണപ്പോള്‍ ഞാന്‍ താഴേക്ക് ഇരുന്നുപോയി' -പ്രദേശവാസിയായ വയോധികന്‍ രവി പറഞ്ഞു.

സ്‌ഫോടനത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലര്‍ക്കും കേള്‍വിക്കുറവും അനുഭവപ്പെടുന്നുണ്ട്. വലിയ ആളപായം ഒഴിവായെങ്കിലും ഇനി ജീവിക്കാന്‍ എന്തുചെയ്യുമെന്ന അനിശ്ചിതത്വത്തിലാണ് ഇവിടത്തെ ജനങ്ങള്‍. ജനവാസ മേഖലയില്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചതിനെതിരേ പ്രതിഷേധവും ഉയരുന്നുണ്ട്. 

Content Highlights: Thrippunithura Blast native give losses house completely