ഭാര്യയുമായി അവിഹിതമുണ്ടെന്ന സംശയത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും

#സ്വന്തം ലേഖകൻ
പ്രതീകാത്മകചിത്രം | മെറ്റ എഐയുടെ സഹായത്തോടെ നിർമിച്ചത്
പ്രതീകാത്മകചിത്രം | മെറ്റ എഐയുടെ സഹായത്തോടെ നിർമിച്ചത്

തിരുവനന്തപുരം: ഭാര്യയുമായി അവിഹിതമുണ്ടെന്ന സംശയത്തിൽ സുഹൃത്തായ ഓട്ടോറിക്ഷാ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും 1,35,000 രൂപ പിഴയും. കല്ലിയൂർ പാലപ്പൂര് ചാനൽക്കര പൊറ്റവിള സ്വദേശി മുള്ളൻ രതീഷിനെയാണ് ഏഴാം അഡീഷണൽ ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്. വെട്ടുകാട് ബാലനഗർ തൈവിളാകം സ്വദേശി രതീഷ് (32) ആണ് കൊല്ലപ്പെട്ടത്.

താൻ വീട്ടിൽ ഇല്ലാത്ത സമയം, രതീഷ് വീട്ടിൽ വരുന്നതിനെച്ചൊല്ലി പ്രതി ഭാര്യയുമായി നിരന്തരം വഴക്കുണ്ടാക്കുമായിരുന്നു.

2016 ഓഗസ്റ്റ് 28-ന് മദ്യപിക്കാനായി ഓട്ടോഡ്രൈവർ രതീഷിനെ പ്രതി വീട്ടിലേക്കു വിളിച്ചുവരുത്തി. പ്രതിയും മറ്റു സുഹൃത്തുക്കളായ അന്യൻ ദിലീപ്, പട്ടാച്ചി കുട്ടപ്പൻ എന്നിവരും ചേർന്ന് മദ്യപിക്കുന്നതിനിടെ രതീഷുമായി മനഃപൂർവം വഴക്കുണ്ടാക്കി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. മൃതദേഹം സമീപത്തെ കാടുപിടിച്ചുകിടന്നിരുന്ന സ്ഥലത്ത് കുഴിച്ചിട്ടു.

കൊലപാതകത്തിനുശേഷം രാത്രിയിൽ പ്രതികൾ രതീഷിന്റെ ഓട്ടോറിക്ഷ അടിച്ചും വെട്ടിയും നശിപ്പിക്കുന്നത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. തെളിവ് നശിപ്പിക്കുന്നതിനായി പ്രതികൾ ഓട്ടോറിക്ഷ പൂങ്കുളത്തുള്ള ഒരു വർക്ക്ഷോപ്പിൽ ഉപേക്ഷിച്ച് മടങ്ങി.

രതീഷിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ നടന്ന അന്വേഷണത്തിലാണ് വാഹനവും മൃതദേഹവും കണ്ടെത്തിയത്.

കേസിലെ രണ്ടും മൂന്നും പ്രതികളായ അന്യൻ ദിലീപ്, പട്ടാച്ചി കുട്ടപ്പൻ എന്നിവർ വിചാരണയ്ക്കു മുൻപേ ഒളിവിൽ പോയിരുന്നു. ഇവരെ ഇതുവരെ പിടികൂടാൻ പോലീസിനു കഴിഞ്ഞിട്ടില്ല. പ്രോസിക്യൂഷനു വേണ്ടി പ്രോസിക്യൂട്ടർ വേണി ഹാജരായി.

Content Highlights: Prime accused sentenced to life imprisonment and fined Rs 1,35,000., Crime committed over suspicion of an illicit affair with the accused's wife., Victim was auto-rickshaw driver Ratheesh from Vettucad., Second and third accused remain absconding before trial.