തിരുവനന്തപുരം ലൈറ്റ് മെട്രോ: ആദ്യഘട്ട അലൈൻമെന്റിന് അംഗീകാരം; പാതയും സ്റ്റേഷനുകളും അറിയാം

തിരുവനന്തപുരം: തിരുവനന്തപുരം ലൈറ്റ് മെട്രോ ആദ്യഘട്ട അലൈൻമെന്റിന് അംഗീകാരം. ആദ്യഘട്ടത്തിൽ 31 കിലോമീറ്റർ ദൈർഘ്യമായിരിക്കും മെട്രോ പാതക്ക് ഉണ്ടായിരിക്കുക. പാപ്പനംകോട് നിന്ന് ഈഞ്ചയ്ക്കൽ വരെ 27 സ്റ്റേഷനുകൾ ഉണ്ടായിരിക്കും. പദ്ധതി കെഎംആർഎൽ നടപ്പാക്കും എന്നാണ് പ്രാഥമിക വിവരം.
പ്ലാമൂട്, പട്ടം, മുറിഞ്ഞപ്പാലം, മെഡിക്കൽ കോളേജ്, ഉള്ളൂർ, പോങ്ങുംമൂട്, ശ്രീകാര്യം, പാങ്ങപ്പാറ, ഗുരുമന്ദിരം, കാര്യവട്ടം, ടെക്നോപാർക്ക് ഫേസ് വൺ, ഫേസ് ത്രീ, കുളത്തൂർ, ടെക്നോ പാർക്ക് ഫേസ് ടു, ആക്കുളം ലേക്ക്, കൊച്ചുവേളി, വെൺപാലവട്ടം, ചാക്ക, വിമാനത്താവളം, ഈഞ്ചയ്ക്കൽ എന്നിവയായിരിക്കും ലൈറ്റ് മെട്രോയുടെ സ്റ്റോപ്പുകൾ.
മുഖ്യമന്ത്രിപിണറായി വിജയൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ്;
നമ്മുടെ തലസ്ഥാന നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ ആദ്യ ഘട്ട അലൈൻമെൻ്റിന് അംഗീകാരം നൽകി. ടെക്നോപാർക്കിന്റെ മൂന്ന് ഫേസുകൾ, വിമാനത്താവളം, തമ്പാനൂർ ബസ് സ്റ്റാന്റ്, റെയിൽവേ സ്റ്റേഷൻ, സെക്രട്ടറിയേറ്റ്, മെഡിക്കൽ കോളേജ്, എന്നിവ ബന്ധിപ്പിക്കുന്ന ആദ്യ ഘട്ട അലൈൻമെന്റാണ് അംഗീകരിച്ചത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മുഖേനയാണ് പദ്ധതി നടപ്പിലാക്കുക.
പാപ്പനംകോട് നിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാർക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചക്കലിൽ അവസാനിക്കും. 31 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 27 സ്റ്റേഷനുകൾ ഉണ്ടായിരിക്കും. കഴക്കൂട്ടം/ടെക്നോപാർക്ക്/കാര്യവട്ടം എന്നിവയായിരിക്കും ഇന്റർചേഞ്ച് സ്റ്റേഷനുകൾ.
തിരുവനന്തപുരം മെട്രോയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ശ്രീകാര്യം, ഉള്ളൂർ, പട്ടം എന്നീ മേൽപ്പാലങ്ങളുടെ നിർമ്മാണ ചുമതല കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ ഏൽപ്പിച്ചിരുന്നു. ഇതിൽ ശ്രീകാര്യം മേൽപ്പാലത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. നിലവിൽ വരുന്നതോടെ തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി അനന്തപുരിയുടെ വികസനക്കുതിപ്പിന് ഗതിവേഗം പകരും.
Content Highlights: Thiruvananthapuram Light Metro`s first phase alignment gets approval. 31 km route with 27 stations from Pappanamcode to Enchakkal. Project by KMRl. Learn more!