കോടതി വിധി: ‘ദൈവനാമത്തിൽ’ വീണ്ടും സത്യപ്രതിജ്ഞചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ 19 ബിജെപി അംഗങ്ങൾ

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ 19 ബിജെപി കൗൺസിലർമാർ ബുധനാഴ്ച പുനഃസത്യപ്രതിജ്ഞ ചെയ്തു. നേരത്തെ വിവിധ ദൈവങ്ങളുടെ നാമത്തിൽ ഇവർ നടത്തിയ സത്യപ്രതിജ്ഞ അസാധുവാണെന്ന് കോടതി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് പുനഃസത്യപ്രതിജ്ഞ നടന്നത്.
ചട്ടങ്ങൾ ലംഘിച്ച് വ്യക്തിപരമായി ഇഷ്ടദൈവങ്ങളുടെ പേര് എടുത്തുപറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തതാണ് നിയമക്കുരുക്കിന് കാരണമായത്. കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം ഇത്തരം സത്യപ്രതിജ്ഞകൾ അസാധുവാണെന്ന് കണ്ടെത്തിയ കോടതി, നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ നിർദേശിക്കുകയായിരുന്നു.
കോടതി ഉത്തരവിന്റെ പിന്നാലെ, ബുധനാഴ്ച രാവിലെ വേഗത്തിൽ നടപടികൾ പൂർത്തിയാക്കുകയായിരുന്നു. പുനഃസത്യപ്രതിജ്ഞയിൽ എല്ലാവരും ചട്ടപ്രകാരം ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
ബിജെപി കൗൺസിലർമാരുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യവുമായി എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് അഡ്വ. എസ്.പി. ദീപക് ആണ് കോടതിയെ സമീപിച്ചത്. എന്നാൽ, തിരഞ്ഞെടുപ്പ് റദ്ദാക്കാതെ സത്യപ്രതിജ്ഞാ ചടങ്ങിലെ പിഴവ് തിരുത്താൻ കോടതി നിർദേശിക്കുകയായിരുന്നു.
സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ട 20 പേരിൽ കാപ്പ കേസ് പ്രതിയായ ആർ. സുഗതൻ ഒഴികെയുള്ള 19 പേരാണ് ഇന്ന് സത്യപ്രതിജ്ഞാ ചെയ്തത്. ജയിലിലുള്ള സുഗതന്റെ കാര്യത്തിൽ കോടതി നിർദേശപ്രകാരം അദ്ദേഹത്തിന്റെ അഭിഭാഷകർ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും മേയർ അറിയിച്ചു.
Content Highlights: 19 BJP councilors successfully retook their oath of office., The re-oath was mandated by a High Court order regarding oath-taking protocols., Mayor V.V. Rajesh confirmed the process adhered to constitutional standards., The LDF's demand to cancel the election was rejected by the court., The remaining councilor, R. Sugathan, will follow legal procedures for his oath.