ഹർത്താലിനിടെ അർബുദരോഗിയെ തടഞ്ഞ സംഭവം; സമരസമിതി നേതാവ് റിമാൻഡിൽ, കൊലപാതകശ്രമം അടക്കമുള്ള കുറ്റം

തിരുവല്ല: ചികിത്സയ്ക്ക് പോകാനെത്തിയ അർബുദബാധിതനെയും ഭാര്യയെയും ഹർത്താലിനിടെ തിരുവല്ല കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ തടഞ്ഞ സംഭവത്തിൽ സമരസമിതി നേതാവ് റിമാൻഡിൽ. നിതിൻരാജ് ആക്ഷൻ കൗൺസിൽ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റും തിരുവല്ല ചുമത്ര സ്വദേശിയുമായ അജിമോൻ ചാലാക്കേരിലാണ് റിമാൻഡിലായത്.
കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ തിരുവല്ല ബസ്‌സ്റ്റാൻഡിന് മുന്നിലായിരുന്നു സംഭവം. അങ്കമാലിയിൽനിന്ന് തിരുവല്ല സ്റ്റാൻഡിൽ ബസിറങ്ങിയശേഷം കോഴഞ്ചേരയിലെ സ്വകാര്യ ആശുപത്രിയിൽ പോകുന്നതിനാണ് രോഗിയും ഭാര്യയും എത്തിയത്.
ഹർത്താലനുകൂലികൾ തടഞ്ഞതിനാൽ കോഴഞ്ചേരി ഭാഗത്തേക്കുള്ള ബസ് പോയില്ല. രോഗവിവരം സമരക്കാരോട് പറഞ്ഞെങ്കിലും ബസ് വിടില്ലെന്ന നിലപാട് തുടർന്നു. പിന്നീട് പോലീസ് വാഹനത്തിൽ രോഗിയെ കോഴഞ്ചേരിയിലെത്തിച്ചു.
ഹർത്താലിനിടെയുള്ള അനിഷ്ടസംഭവങ്ങളിൽ കടുത്ത നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദേശിച്ചതോടെ പോലീസ് അജിമോനെ അറസ്റ്റു ചെയ്യുകയായിരുന്നു. രോഗിയുടെ ഭാര്യ പോലീസിൽ പരാതി നൽകുകയുംചെയ്തു.
അജിമോനൊപ്പം 10 പേരെ അറസ്റ്റു ചെയ്തെങ്കിലും, മറ്റ് ഒൻപതു പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ബുധനാഴ്ച ഉച്ചയോടെ റിമാൻഡിലായ അജിമോനെ മാവേലിക്കര സബ്ജയിലിലേക്ക് മാറ്റി.
Content Highlights: Action Council leader Ajimon Chalakkery remanded for obstructing a cancer patient. Charges include attempted murder following the incident at Thiruvalla KSRTC stand. High Court directive led to strict police action against protesters. The patient was eventually transported to the hospital via police vehicle.