ക്ഷേത്രത്തിൽ ആറാംവട്ടവും മോഷണശ്രമം: അലാറം അടിച്ചു, ആളുകൂടി, കള്ളൻ ഓടി രക്ഷപ്പെട്ടു

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം- മാതൃഭൂമി
പ്രതീകാത്മകചിത്രം- മാതൃഭൂമി

ഏറ്റുമാനൂർ (കോട്ടയം): അതിരമ്പുഴ കുറ്റിക്കാട്ട് കൊട്ടാരം ഭഗവതിക്ഷേത്രത്തിൽ ആറാം തവണയും മോഷണശ്രമം. മോഷ്ടാവ് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുകയും, ശ്രീകോവിലിന്റെ വാതിൽ തുറക്കുന്നതിനുള്ള ശ്രമം നടത്തിയത് മൊബൈൽ അലാറത്തിലൂടെ തിരിച്ചറിഞ്ഞ ക്ഷേത്രഭാരവാഹി എത്തിയതോടെയാണ് മോഷണ ശ്രമം പാളിയത്.

ഞായറാഴ്ച പുലർച്ചെ 3.30-നാണ് സംഭവം. ക്ഷേത്രത്തിൽ മോഷണം പതിവായതോടെ ശ്രീകോവിലിന്റെ വാതിലിൽ അലർട്ട് സംവിധാനം ഘടിപ്പിരുന്നു. കൈയിൽ കരുതിയിരുന്ന വടി ഉപയോഗിച്ച് ശ്രീകോവിലിന്റെ വാതിൽ തള്ളിത്തുറക്കാൻ ശ്രമിക്കുന്നതിനിടയിൽ ക്ഷേത്ര ഭാരവാഹികളുടെ മൊബൈലിൽ അലാറം മുഴങ്ങുകയും ക്ഷേത്രത്തിനോട് ചേർന്ന് താമസിക്കുന്ന ശ്രീകുമാർ ഉടൻതന്നെ ക്ഷേത്രത്തിലേക്ക് എത്തുകയുമായിരുന്നു.

ആളുകൾ വരുന്നതുകണ്ട് മോഷ്ടാവ് കടന്നു. ക്ഷേത്രത്തിലെ സിസിടിവിയിൽ മോഷണശ്രമം നടത്തുന്ന ദൃശ്യങ്ങളും പതിഞ്ഞിട്ടുണ്ട്. മുമ്പ് നടന്ന മോഷണത്തിൽ ദേവിയുടെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന മാല മോഷ്ടാവ് കവർന്നിരുന്നു. കൂടാതെ ശ്രീകോവിലിന്റെ വാതിലിന് തീയിട്ട് കത്തിക്കുകയും ക്ഷേത്രത്തിലെ വിലപിടിപ്പുള്ള പാത്രങ്ങളും മറ്റും മോഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്.

Content Highlights: theft attempt at temple in ettumanoor