ട്വീറ്റുകളും കമന്റുകളും സര്ക്കാര് നിലപാടല്ല; പ്രവാചക വിഷയത്തില് വിദേശകാര്യ വക്താവ്

ന്യൂഡല്ഹി: മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട വിവാദപരാമര്ശ വിഷയത്തില് സാമൂഹികമാധ്യമങ്ങളില് വരുന്ന ട്വീറ്റുകളും കമന്റുകളും സര്ക്കാര് നിലപാടല്ലെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്, ഇറാനിയന് വിദേശകാര്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില് ഇക്കാര്യം ചര്ച്ചയായില്ലെന്നാണ് താന് മനസ്സിലാക്കുന്നതെന്നും ബാഗ്ചി വാര്ത്താസമ്മേളനത്തില് അറിയിച്ചു.
യഥാര്ഥ നിയന്ത്രണരേഖയ്ക്കു സമീപം ചൈന നിര്മാണ പ്രവര്ത്തനങ്ങള് നടത്തുന്നതായുള്ള റിപ്പോര്ട്ടുകളെ കുറിച്ചുള്ള ചോദ്യത്തിന് രാജ്യത്തിന്റെ അതിര്ത്തികളില് സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ മുന്നൊരുക്കം നിലവിലുണ്ടെന്ന് ബാഗ്ചി പറഞ്ഞു. അതിര്ത്തികളില് അടിസ്ഥാന സൗകര്യ വികസനത്തിനായി നടപടികള് സ്വീകരിച്ച് വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
ഈമാസം 16,17 തീയതികളില് ആസിയാന് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ പ്രത്യേകയോഗത്തിന് ഇന്ത്യ ആതിഥ്യം വഹിക്കുമെന്നും അരിന്ദം ബാഗ്ചി പറഞ്ഞു. വിദേശകാര്യമന്ത്രി എസ്.ജയശങ്കര്, സിംഗപ്പുര് വിദേശകാര്യമന്ത്രി വിവിയാന് ബാലകൃഷ്ണന് എന്നിവര് യോഗത്തില് അധ്യക്ഷത വഹിക്കും. മറ്റ് ആസിയാന് അംഗ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും ആസിയാന് സെക്രട്ടറി ജനറലും യോഗത്തില് പങ്കെടുക്കും. 2022 ആസിയാന്-ഇന്ത്യാ സൗഹൃദ വര്ഷമായിട്ടാണ് കണക്കാക്കുന്നതെന്നും ബാഗ്ചി പറഞ്ഞു.
Content Highlights: that tweets and comments do not reflect the views of the government.