കല്ല്, മണൽ നീക്കത്തിന് തമിഴ്‌നാടിന്റെ വിലക്ക്; കേരളത്തിന്റെ നിർമാണ മേഖലയിൽ പ്രതിസന്ധി

ചെന്നൈ: അയൽസംസ്ഥാനങ്ങളിലേക്ക് കല്ലും ജെല്ലിയും എം. സാൻഡും മറ്റും കൊണ്ടുപോകുന്നത് മൂന്നുമാസത്തേക്ക് നിരോധിച്ചുകൊണ്ട് തമിഴ്‌നാട് ഉത്തരവിറക്കി. ജിയോളജി ആൻഡ് മൈനിങ് വകുപ്പുദ്യോഗസ്ഥരുമായി മുഖ്യമന്ത്രി വിജയ് നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയായിരുന്നു ഇത്. ഉത്തരവനുസരിച്ച് തമിഴ്‌നാട്ടിൽനിന്നുള്ള നിർമാണവസ്തുക്കൾ കേരളം, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലേക്കു കൊണ്ടുപോകാൻ പറ്റില്ല. പുതുച്ചേരിക്കും കാരെയ്ക്കലിനും ഇളവുണ്ട്. വിലക്ക് കേരളത്തിലെ നിർമാണമേഖലയ്ക്ക് തിരിച്ചടിയാകും.
തമിഴ്‌നാട്ടിൽ നിർമാണ പ്രവർത്തനങ്ങൾക്കുവേണ്ട സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനാണ് ചരക്കുനീക്കം നിയന്ത്രിക്കുന്നത്. തമിഴ്നാട്ടിൽ 3,000-ത്തോളം ക്വാറികളും 400 അംഗീകൃത എം.സാൻഡ് നിർമാണകേന്ദ്രങ്ങളുമുണ്ടെന്നാണ് കണക്ക്. കന്യാകുമാരി, തിരുനെൽവേലി, തെങ്കാശി, തേനി, കോയമ്പത്തൂർ ജില്ലകളിൽനിന്നുള്ള സാധനങ്ങൾ പ്രധാനമായും കേരളത്തിലേക്കാണ് കൊണ്ടുപോകുന്നത്. അതിർത്തി ജില്ലകളിലെ കളക്ടർമാർ, പോലീസ് സൂപ്രണ്ടുമാർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരോട് വിലക്ക് കർശനമായി നടപ്പാക്കാൻ നിർദേശിച്ചിട്ടുണ്ട്.
മൂന്നുമാസത്തേക്കാണ് വിലക്കെങ്കിലും അത് സ്ഥിരമാക്കണമെന്നാണ് പി.എം.കെ.യെപ്പോലുള്ള രാഷ്ട്രീയകക്ഷികളും നിർമാണമേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളും ആവശ്യപ്പെടുന്നത്. അയൽ സംസ്ഥാനങ്ങളിലേക്കുള്ള ചരക്കുനീക്കം കാരണം തമിഴ്‌നാട്ടിൽ നിർമാണസാധനങ്ങൾക്ക് അടുത്തിടെ 30 ശതമാനത്തോളം വില കൂടിയതായി അവർ പറയുന്നു.
ദേശീയപാതകളെയും ബാധിക്കും
കൊല്ലം: ക്വാറികൾ എണ്ണം കുറവായതിനാൽ നിർമാണ സാമഗ്രികൾക്കായി കേരളം പ്രധാനമായും ആശ്രയിക്കുന്നത് തമിഴ്‌നാട്ടിലെ തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി എന്നീ ജില്ലകളെയാണ്. ദേശീയപാത നിർമാണത്തിനാവശ്യമായ കരിങ്കല്ലും മെറ്റലുമെല്ലാം ഇവിടെനിന്നാണ് എത്തിക്കുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസന പ്രവർത്തനങ്ങളേയും ഇത് ബാധിക്കും. വീട് നിർമാണം, റോഡുകൾ, പാലങ്ങൾ എന്നിവ ഏറ്റെടുത്തിട്ടുള്ള സാധാരണ കരാറുകാർക്ക് ക്ഷാമം വലിയ തിരിച്ചടിയാകും.
നിലവിൽ അഞ്ഞൂറിൽ താഴെ ക്വാറികൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇത് കേരളത്തിന്റെ മൊത്തം ആവശ്യത്തിന്റെ 30 ശതമാനംപോലും തികയ്ക്കാൻ പര്യാപ്തമല്ലെന്ന് കരാറുകാർ പറയുന്നു. ക്ഷാമം രൂക്ഷമാകുന്നതോടെ വിലകൂടാനും സാധ്യതയുണ്ട്.
വിജയ്ക്കു കത്തയച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ദേശീയപാതാ വികസനത്തിനു നിർമാണസാമഗ്രികളുടെ ക്ഷാമം പരിഹരിക്കാൻ ഇടപെടൽ അഭ്യർഥിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്കു കത്തയച്ചു. ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള ഭൂമിശാസ്ത്രപരമായ അടുപ്പം, പരസ്പരസഹകരണം എന്നിവ ഓർമ്മിപ്പിച്ചാണ് തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടുള്ള കത്ത്. തമിഴ്‌നാടിന്റെ സ്വാഭാവികവിഭവങ്ങളുടെ സുസ്ഥിരതയെ ബാധിക്കാത്തവിധം ദേശീയപ്രാധാന്യമുള്ള പദ്ധതികൾക്ക് പ്രത്യേക ഇളവ് നൽകണമെന്നാണ് കേരളത്തിന്റെ ആവശ്യം.
Content Highlights: Tamil Nadu imposes a 3-month ban on exporting stones and M-sand to neighboring states., The move aims to prioritize local availability and stabilize construction material prices in Tamil Nadu., Kerala faces significant delays in national highway projects and Vizhinjam port development., CM V.D. Satheesan requested CM Vijay to reconsider the ban for national-priority projects., Construction costs in Kerala are expected to rise due to severe supply shortages.