സിന്തൈറ്റ് ചെയര്‍മാന്‍ സി.വി ജേക്കബ് അന്തരിച്ചു

സി.വി ജേക്കബ് | ഫോട്ടോ: മാതൃഭൂമി
സി.വി ജേക്കബ് | ഫോട്ടോ: മാതൃഭൂമി

കൊച്ചി: പ്രമുഖ സുഗന്ധവ്യഞ്ജന കമ്പനിയായ സിന്തൈറ്റിന്റെ ചെയര്‍മാന്‍ സി.വി ജേക്കബ് (87) അന്തരിച്ചു. സിയാല്‍ ഡയറക്ടറാണ്. സ്‌പൈസസ് ബോര്‍ഡ് വൈസ് ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ അദ്ദേഹം കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ഒലിയോറെസിന്‍സ് (സുഗന്ധവ്യഞ്ജനങ്ങളില്‍ നിന്ന് സംസ്‌കരിച്ചെടുക്കുന്ന വിവിധയിനം സത്തുകളാണ് ഒലിയോറെസിന്‍സ്) കമ്പനിയായ സിന്തൈറ്റ് ഇന്‍ഡസ്ട്രീസിന്റെ സ്ഥാപകനും ചെയര്‍മാനുമാണ് സി.വി. ജേക്കബ്. ഏറ്റവും മികച്ച കയറ്റുമതിക്കാരനുള്ള കേന്ദ്ര സര്‍ക്കാര്‍ ബഹുമതി 1976-77 മുതല്‍ ഒട്ടേറെ വര്‍ഷം രാഷ്ട്രപതിയില്‍ നിന്ന് ലഭിച്ചു. ഒട്ടേറെ മറ്റു പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. ഇന്ന് ആഗോള ഒലിയോറെസിന്‍ വിപണിയുടെ മൂന്നിലൊന്നും സിന്തൈറ്റിന്റെ കൈകളിലാണ്.

സുഗന്ധത്തിന്റെ വഴിയില്‍...സിവി ജേക്കബ് സിന്തൈറ്റ് തുടങ്ങിയ കഥ | Read More...

എറണാകുളം ജില്ലയിലെ കോലഞ്ചേരിയില്‍ കടയിരുപ്പ് എന്ന ഗ്രാമത്തില്‍ 1972ല്‍ അദ്ദേഹം തുടങ്ങിയ 'സിന്തൈറ്റ് ഇന്‍ഡസ്ട്രീസ്' ഇന്ന് സുഗന്ധവ്യഞ്ജനങ്ങളില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്ന രംഗത്ത് ലോകത്തെ തന്നെ ഏറ്റവും വലിയ ഉത്പാദകരാണ്. കുരുമുളക്  സത്തിൽ നിന്നും ആരംഭിച്ച സിന്തൈറ്റ്  ഇന്ന്  അഞ്ഞൂറിലധികം വ്യത്യസ്ത ഉൽപ്പന്നങ്ങളുമായി സുഗന്ധവ്യഞ്ജന വ്യവസായ മേഖലയിൽ ഒന്നാമൻ ആയി നിലകൊള്ളുന്നു. കേരളത്തിനു  പുറമേ ആന്ധ്ര, തമിഴ്നാട്, കർണാടക, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലും ഇന്ത്യയ്ക്ക് വെളിയിൽ ചൈന, ശ്രീലങ്ക, വിയറ്റ്നാം, ഉക്രൈൻ,   ബ്രസീൽ,   എന്നിവിടങ്ങളിൽ ഫാക്ടറികളും, യുഎസ്, യൂറോപ്പ്എന്നിവിടങ്ങളിൽ സെയിൽസ്  ഓഫീസുകളും  ഉണ്ട്.

സുന്ധവ്യഞ്ജന സത്തുകളില്‍ മാത്രം ഒതുങ്ങാതെ ഭക്ഷ്യോത്പന്നങ്ങള്‍ക്ക് എരിവ്, മധുരം, നിറം, മണം എന്നിവയൊക്കെ നല്‍കുന്ന പ്രകൃതിദത്ത കൂട്ടുകള്‍ സിന്തൈറ്റ് ഉത്പാദിപ്പിക്കുന്നു. ശീതളപാനീയങ്ങള്‍, ഭക്ഷ്യപലഹാരങ്ങള്‍ എന്നിവയുടെ നിര്‍മാതാക്കളായ ഒട്ടേറെ ബഹുരാഷ്ട്ര കമ്പനികള്‍ സിന്തൈറ്റിന്റെ ഉപഭോക്താക്കളാണ്.

കിച്ചണ്‍ ട്രഷേഴ്സ് എന്ന ബ്രാന്‍ഡില്‍ കറിപ്പൊടികളും മസാലക്കൂട്ടുകളും പുറത്തിറക്കിക്കൊണ്ട് ആഭ്യന്തര വിപണിയിലും സാന്നിധ്യമായി. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി മേഖലകളിലേക്കും പ്രവേശിച്ചു. കൊച്ചിയിലെ റിവൈറ റിട്രീറ്റ്, കുമ്പളത്തെ റമദ റിസോര്‍ട്സ് എന്നിവ അങ്ങനെ സ്ഥാപിച്ചതാണ്. 

പുതിയ കാര്യങ്ങളില്‍ എന്നും മുന്നേ നടക്കുന്ന വ്യക്തിയാണ് സി.വി.ജേക്കബ്. നെടുമ്പാശ്ശേരിയില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം എന്ന ആശയം ആദ്യമായി ഉണ്ടായപ്പോള്‍ തന്നെ അതില്‍ പങ്കാളിയാകാന്‍ അദ്ദേഹമുണ്ടായി. പദ്ധതിയിലേക്ക് മൂലധനം എന്ന നിലയില്‍ ആദ്യമായി 25 ലക്ഷം രൂപ നല്‍കിയത് സി.വി.ജേക്കബാണ്. വിമാനത്താവളത്തിന്റെ നിര്‍മാണ ചുമതലയുള്ള ഡയറക്ടറുമായി. 

സാമൂഹ്യ രംഗങ്ങളിലും ഒട്ടേറെ സംഭാവനകള്‍ നല്‍കി. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ്, കടയിരുപ്പ് സെന്റ് പീറ്റേഴ്സ് സ്‌കൂള്‍, പീരുമേട് മാര്‍ ബസേലിയോസ് എന്‍ജിനീയറിങ് കോളേജ്, കോലഞ്ചേരി എം.ഒ.എസ്.സി. മെഡിക്കല്‍ കോളേജ് എന്നിവ സ്ഥാപിക്കുന്നതില്‍ അദ്ദേഹം മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. സി.വി.ജെ. ഫൗണ്ടേഷനിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ഇതിലൂടെ സമൂഹത്തിന് പ്രയോജനകരമായ ഒട്ടേറെ പദ്ധതികള്‍ ചെയ്യുന്നു.

പ്രമുഖ കോണ്‍ട്രാക്ടറായിരുന്ന കോലഞ്ചേരി നെച്ചുപ്പാടം സി.യു. വര്‍ക്കിയുടെയും ഏലിയുടെയും മകനായി 1933 സപ്തംബര്‍ 27ന് ജനിച്ചു. ഭാര്യ മേപ്പാടം കുടുംബാംഗമായ ഏലിയാമ്മ. മക്കള്‍: ഡോ.വിജു ജേക്കബ്, അജു ജേക്കബ്, എല്‍വി, സില്‍വി, മിന്ന, മിന്നി.

Content Highlights: