ദർശനം ലഭിച്ചില്ലെന്ന് സങ്കടം, അമൃതയേയും കൂട്ടി കൊട്ടിയൂരിൽ ദർശനത്തിനെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി

കൊട്ടിയൂർ: അക്കരെ കൊട്ടിയൂരിലെ തിരക്കിൽ ദർശനം നടത്താൻ കഴിയാതെ മടങ്ങിയ മുൻ കേന്ദ്ര മന്ത്രിയുടെ ഭാര്യക്ക് കൊട്ടിയൂർ പെരുമാളെ തൊഴാൻ അവസരമൊരുക്കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. അന്തരിച്ച കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.പി. ഉണ്ണികൃഷ്ണന്റെ ഭാര്യ അമൃതയെയാണ് അക്കരെ കൊട്ടിയൂരിൽ ദർശനം നടത്താൻ എത്തിയപ്പോൾ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഒപ്പം കൊണ്ടുവന്നത്.
ഇക്കഴിഞ്ഞ ഞായറാഴ്ച കൊട്ടിയൂരിൽ ദർശനം നടത്തുന്നതിനായി അമൃത എത്തിയിരുന്നു. എന്നാൽ, മണിക്കൂറുകൾ കാത്തുനിന്നിട്ടും ഭക്തജനത്തിരക്ക് മൂലം ദർശനം നടത്താനാകാതെ മടങ്ങി.
നരേന്ദ്രമോദി സർക്കാർ 12 വർഷം പൂർത്തീകരിച്ചതിന്റെ ഭാഗമായി രാജ്യവ്യാപകമായി നടത്തുന്ന സമ്പർക്കത്തിന്റെ ഭാഗമായി അന്തരിച്ച മുൻ കേന്ദ്ര മന്ത്രി കെ.പി. ഉണ്ണികൃഷ്ണന്റെ പന്നിയങ്കരയിലെ വീട്ടിൽ കഴിഞ്ഞ ദിവസം സുരേഷ് ഗോപി എത്തിയിരുന്നു. കൊട്ടിയൂരിൽ പോയിട്ട് ദർശനം നടത്താൻ സാധിച്ചില്ലെന്ന സങ്കടം അമൃത, സുരേഷ് ഗോപിയോട് പറഞ്ഞതോടെയാണ് കൊട്ടിയൂരിൽ ദർശനം നടത്താൻ പോയപ്പോൾ ഒപ്പം കൂട്ടിയത്. വളരെ നല്ല രീതിയിൽ ദർശനം നടത്താൻ സാധിച്ചെന്ന് അമൃത 'മാതൃഭൂമിയോട്' പറഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് അമൃതയെയും കൂട്ടി സുരേഷ് ഗോപി കൊട്ടിയൂരിൽ ദർശനം നടത്തിയത്.
Content Highlights: Union Minister Suresh Gopi assisted Amrutha Unnikrishnan with her temple visit., Previous attempt to visit Kottiyoor was unsuccessful due to heavy crowds., The visit occurred following a personal meeting at the Unnikrishnan residence., Amrutha expressed satisfaction with the smooth darshan facilitated by the Minister.